CRICKET

IPL 2024 | ബെംഗളൂരുവിനെ 'കൈയിലൊതുക്കി' രാജസ്ഥാന്‍; 173 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്ക്

ഐപിഎല്‍ 2024 എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ റോയല്‍‌സിന് 173 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളൂരു 172 റണ്‍സ് നേടിയത്. രജത് പാട്ടിദാർ (34), വിരാട് കോഹ്ലി (33), മഹിപാല്‍ ലോംറോർ (32) എന്നിവരുടെ ഇന്നിങ്സാണ് ബെംഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. രാജസ്ഥാനായി ആവേശ് ഖാന്‍ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും നേടി.

ട്രെന്റ് ബോള്‍ട്ടിന്റെ ബ്രില്യന്‍സ് കണ്ട പവർപ്ലേയില്‍ ബെംഗളൂരുവിന് ആശ്വാസമായത് ആവേശ് ഖാനും സന്ദീപ് ശർമയുമായിരുന്നു. പവർപ്ലേയില്‍ മൂന്ന് ഓവറില്‍ കേവലം ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഫാഫ് ഡുപ്ലെസിസിന്റെ (17) വിക്കറ്റും ബോള്‍ട്ട് നേടി. റോവ്മാന്‍ പവലിന്റെ അവിശ്വസനീയ ക്യാച്ചായിരുന്നു വിക്കറ്റിന് കാരണമായത്.

വിരാട് കോഹ്ലിയെ പിടിച്ചുകെട്ടുന്നതില്‍ മറ്റുള്ളവർ പരാജയപ്പെട്ടതോടെ ബെംഗളൂരു ആദ്യ ആറ് ഓവറുകള്‍ പൂർത്തിയാകുമ്പോള്‍ 50 റണ്‍സിലെത്തി. രവിചന്ദ്രന്‍ അശ്വിന്‍ - യുസുവേന്ദ്ര ചഹല്‍ സ്പിന്‍ ദ്വയത്തെ ഉപയോഗിച്ചായിരുന്നു ബെംഗളൂരുവിന്റെ റണ്ണൊഴുക്ക് സഞ്ജു തടഞ്ഞത്.

ചഹലിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ കോഹ്ലി മടങ്ങി. 33 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. പിന്നീട് രജത് പാട്ടിദാറും കാമറൂണ്‍ ഗ്രീനും ചേർന്ന് 41 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഗ്രീനിനേയും (27) ഗ്ലെന്‍ മാക്സ്‌വെല്ലിനേയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കി അശ്വിന്‍ ബെംഗളൂരുവിന് ഇരട്ട പ്രഹരം സമ്മാനിച്ചു.

നാല് വിക്കറ്റ് വീണതോടെ കൂറ്റനടികള്‍ പാട്ടിദാറും ലോംറോറും ആരംഭിച്ചു. എന്നാല്‍ പാട്ടിദാറിനെ റിയാന്‍ പരാഗിന്റെ കൈകളിലെത്തിച്ച് ആവേശ് രാജസ്ഥാന് അഞ്ചാം വിക്കറ്റും നേടിക്കൊടുത്തു.

അടുത്ത പന്തില്‍ ദിനേശ് കാർത്തിക്കിനെ ആവേശ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യൂ ബെംഗളൂരുവിനെ തുണച്ചു. മറ്റൊരു വിവാദത്തിനുകൂടി വഴിതെളിക്കുന്നതായിരുന്നു തേർഡ് അമ്പയറുടെ തീരുമാനം.

എന്നാല്‍ വലിയ അപകടങ്ങളുണ്ടാക്കാന്‍ കാർത്തിക്കിന് സാധിച്ചില്ല. 13 പന്തില്‍ 11 റണ്‍സ് നേടിയ കാർത്തിക്ക് പിന്നീട് ആവേശിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബെംഗളൂരുവിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ച ലോംറോറിനും ആവേശിനെ അതിജീവിക്കാനായില്ല. 17 പന്തില്‍ 32 റണ്‍സാണ് ലോംറോർ നേടിയത്. സ്വപ്നീല്‍ സിങ് (9), കരണ്‍ ശർമ (5) എന്നിവരാണ് ബെംഗളൂരുവിന്റെ സ്കോർ 170 കടത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും