CRICKET

IPL 2024 | ബട്ട്ലർ ബ്ലാസ്റ്റ്, മിന്നി സഞ്ജുവും; ബെംഗളൂരുവിനെതിരെ രാജസ്ഥാന് ആധികാരിക ജയം, ഒന്നാമത്

ബെംഗളുരുവിന്റെ സീസണിലെ നാലാം തോല്‍വിയാണിത്

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) തുടർച്ചയായ നാലാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ബെംഗളൂരു ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്ട്ലർ (100), സഞ്ജു സാംസണ്‍ (69) എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ മറികടന്നത്. ബെംഗളുരുവിന്റെ സീസണിലെ നാലാം തോല്‍വിയാണിത്.

രണ്ടാം പന്തില്‍ യശസ്വി ജയ്‌സ്വാളിനെ (0) നഷ്ടപ്പെട്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ജയ്‌പൂരില്‍ റണ്‍മല കയറാന്‍ ഒരുങ്ങിയത്. ഫോം വീണ്ടെടുക്കാന്‍ ശ്രമിച്ച ബട്ട്ലർ തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ സഞ്ജു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സഞ്ജു അനായാസം സ്കോറിങ് തുടർന്നതോടെ ബട്ട്ലറിന്റെ ചുമലിലെ സമ്മർദം കുറഞ്ഞു. പവർപ്ലേയുടെ അവസാന ഓവറില്‍ മായങ്ക് ഡാഗറിന്റെ ഓവറില്‍ 20 റണ്‍സ് നേടി ബട്ട്ലറും സഞ്ജുവിനൊപ്പം ചേർന്നു.

പിന്നീട് വിക്കറ്ററിഞ്ഞുള്ള ഇരുവരുടേയും ബാറ്റിങ് വിരുന്നായിരുന്നു മൈതാനത്ത്. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ ഇരുവരും റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഫീല്‍ഡിലെ വിള്ളലുകള്‍ മുതലെടുത്തുള്ള ഫോറും സഞ്ജുവിന്റേയും ബട്ട്ലറിന്റേയും ബാറ്റില്‍ നിന്ന് പിറന്നു. 30 പന്തില്‍ നിന്നായിരുന്നു ബട്ട്ലർ അർധ ശതകം തികച്ചത്. 10 ഓവർ പൂർത്തിയാകുമ്പോള്‍ രാജസ്ഥാന്‍ 95-1 എന്ന നിലയിലായിരുന്നു.

ഇന്നിങ്സിന്റെ ആദ്യ പകുതി പിന്നിട്ടതിന് ശേഷം ഇരുവരും സ്കോറിങ്ങിന്റെ വേഗത വർധിപ്പിക്കാന്‍ ആരംഭിച്ചു. ഡാഗറിനെ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സർ പറത്തിയാണ് സഞ്ജു അർധ സെഞ്ചുറി കുറിച്ചത്. സഞ്ജുവിനെ പുറത്താക്കി 148 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത് മുഹമ്മദ് സിറാജായിരുന്നു. 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 69 റണ്‍സായിരുന്നു രാജസ്ഥാന്‍ നായകന്റെ സമ്പാദ്യം. പിന്നാലെയെത്തിയ റിയാന്‍ പാരാഗ് (4), ദ്രുവ് ജൂറല്‍ (2) എന്നിവർ നിരാശപ്പെടുത്തി.

തുടരെ വിക്കറ്റുകള്‍ വീണത് രാജസ്ഥാനെ അല്‍പ്പനേരം സമ്മർദത്തിലാക്കിയെങ്കിലും ബട്ട്ലറും ഷിമ്രോണ്‍ ഹേറ്റ്മെയറും ചേർന്ന് രാജസ്ഥാന്റെ ജയം ഉറപ്പിക്കുകയായിരുന്നു. ജയിക്കാന്‍ ഒരു റണ്‍സ് മാത്രം അകലെ 94 റണ്‍സില്‍ നിന്ന ബട്ട്ലർ സിക്സർ അടിച്ചാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചതും സെഞ്ചുറി നേടിയതും. 58 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സും ബട്ട്ലറിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.

നേരത്തെ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവിലായിരുന്നു ബെംഗളൂരു 183 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. 72 പന്തില്‍ 12 ഫോറും നാല് സിക്സും ഉള്‍പ്പെടെ 113 റണ്‍സെടുത്ത് കോഹ്ലി പുറത്താകാതെ നിന്നു. ഐപിഎല്‍ ചരിത്രത്തിലെ കോഹ്ലിയുടെ എട്ടാം സെഞ്ചുറിയാണിത്. 44 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസാണ് ബെംഗളൂരുവിന്റെ മറ്റൊരു പ്രധാന സ്കോറർ. രാജസ്ഥാനായി യുസുവേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റ് നേടി.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍