''പന്ത് വരുന്ന കണ്ടാല്‍ അങ്ങ് വലിച്ചടിക്കാന്‍ തോന്നും,'' രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. അവസരങ്ങള്‍ വിനിയോഗിക്കുന്നില്ല, വിക്കറ്റ് വലിച്ചെറിയുന്നു തുടങ്ങിയ വിമർശനങ്ങള്‍ ശക്തമായി ഉയരുന്ന കാലത്തായിരുന്നു സഞ്ജുവിന്റെ ഈ വാക്കുകള്‍. നിഷ്കളങ്കമായി പറഞ്ഞ ഈ വാക്കുകളെ പോലും അന്ന് സമൂഹ മാധ്യമങ്ങളിലെ ക്രിക്കറ്റ് വിദഗ്ദർ വെറുതെ വിട്ടില്ല. ഇതാണ് മനോഭാവമെങ്കില്‍ എങ്ങനെ ഇന്ത്യന്‍ ടീമില്‍ സ്ഥിരതയോടെ തുടരാനാകുമെന്നായിരുന്നു ഇക്കൂട്ടരുടെ ചോദ്യം.
കാലം ഒരുപാട് മുന്നോട്ട് പോയി, മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി പുരോഗമിക്കുകയാണ്. 17-ാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയെടുക്കുമ്പോള്‍ മുന്നില്‍ തന്നെ സഞ്ജുവുണ്ട്. അഞ്ച് കളികളില്‍ നിന്ന് മൂന്ന് അർധ സെഞ്ചുറി ഉള്‍പ്പെടെ 246 റണ്‍സാണ് ഇതുവരെ വലം കയ്യന്‍ ബാറ്റർ നേടിയത്. ശരാശരി 82.00, സ്ട്രൈക്ക് റേറ്റ് 157.69.
നിലയുറപ്പിക്കുന്നതിന് മുന്‍പ് തന്നെ കൂറ്റനടികള്‍കൊണ്ട് മത്സരം ഒറ്റയ്ക്ക് 'വിഴുങ്ങുന്ന' സഞ്ജുവിനെയായിരുന്നു ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ദൃശ്യമായത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങളില്‍ സഞ്ജു പൂർണമായും ഭാഗീകമായും പരാജയപ്പെട്ടിട്ടുമുണ്ട്. ശൈലി മാറ്റാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ സഞ്ജുവിന്റെ ഇത്തവണത്തെ സമീപനം വ്യത്യസ്തമാണ്.
സീസണിലെ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ അസാമാന്യ നിയന്ത്രണത്തോടും ടൈമിങ്ങോടും കൂടിയ ബൗണ്ടറികള്‍ കാണാം. മത്സരത്തിന്റെ ഗതിയനുസരിച്ച് മാത്രം പാകപ്പെടുത്തുന്ന ഇന്നിങ്സുകള്‍ കാണാം. ഫീല്‍ഡിലെ വിടവുകള്‍ ഉപയോഗിച്ച് ബൗണ്ടറികള്‍ നേടിയും ക്ഷമയോടെ സിംഗിളുകളും ഡബിള്‍സുമെടുത്ത് റണ്‍മല കയറുകയാണ് അയാള്‍.
പോയ സീസണുകളൊക്കെ പരിശോധിച്ചാല്‍ ഫോറുകള്‍ക്കൊപ്പം തന്നെ സിക്സറുകള്‍ സഞ്ജുവിന്റെ ബാറ്റ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്തവണ 24 ഫോറുകള്‍ നേടിയപ്പോള്‍ സിക്സറുകളുടെ എണ്ണം പത്തിലൊതുങ്ങി. അപകടകരമാം വിധം ബാറ്റ് വീശാതെയും റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്ന വിരാട് കോഹ്ലി ശൈലിയുടെ മറ്റൊരു വേർഷനെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.
സ്പിന്നർമാർക്കെതിരെ കൂടുതല്‍ ആധിപത്യം പുലർത്താനാകുന്നു എന്നതാണ് സഞ്ജുവിന്റെ ബാറ്റിങ്ങിലുണ്ടായ മാറ്റങ്ങളിലൊന്ന്. 2020ന് ശേഷമാണ് സ്പിന്നിനെ നേരിടുന്നതില്‍ സഞ്ജു കൂടുതല്‍ മികവ് പുലർത്തിത്തുടങ്ങിയത്. ഐപിഎല്ലിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ അത് വ്യക്തമാകും.
2013 മുതല്‍ 2019 വരെ 63 ഇന്നിങ്സുകളില്‍ നിന്ന് 854 റണ്‍സാണ് സ്പിന്നർമാർക്കെതിരെ സഞ്ജു നേടിയത്. ശരാശരി മുപ്പതില്‍ താഴെയും സ്ട്രൈക്ക് റേറ്റ് 122 മാത്രവുമായിരുന്നു. 46 തവണയും വിക്കറ്റ് സമ്മാനിച്ചതും സ്പിന്നർമാർക്കായിരുന്നു.
എന്നാല്‍ 2020 മുതല്‍ 51 ഇന്നിങ്സുകളില്‍ നിന്ന് 50.43 ശരാശരിയില്‍ 807 റണ്‍സാണ് സഞ്ജു നേടിയത്. സ്ട്രൈക്ക് റേറ്റ് 155 കടക്കുകയും ചെയ്തിട്ടുണ്ട്. സ്പിന്നർമാർക്കെതിരെ സമാന കാലയളവില്‍ 50ന് മുകളില്‍ ശരാശരിയിലും 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്തിട്ടുള്ള മറ്റൊരു താരം മാത്രമാണ് ഐപിഎല്ലിലുള്ളത്. അത് സഞ്ജുവിന്റെ തന്നെ സഹതാരമായിട്ടുള്ള ജോസ് ബട്ട്ലറാണ്.
ലെഗ് സ്പിന്നർമാരാണ് സഞ്ജുവിന്റെ പ്രധാന ഇരകളായിട്ടുള്ളത്. വിരാട് കോഹ്ലിയും രോഹിത് ശർമയും വരെ ലെഗ് സ്പിന്നർമാരെ നേരിട്ടുമ്പോള്‍ അധിക കരുതലെടുത്താണ് ബാറ്റ് ചെയ്യാറുള്ളത്. 2020ന് ശേഷം 62.85 ശരാശരിയില്‍ 445 റണ്‍സ് ലെഗ് സ്പിന്നർമാർക്കെതിരെ സഞ്ജു സ്കോർ ചെയ്തിട്ടുണ്ട്. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 160ന് മുകളിലുമാണ്.
സ്പിന്നർമാർക്കെതിരെ റണ്‍സിലുണ്ടായ മുന്നേറ്റം പേസർമാർക്കെതിരെ സ്ട്രൈക്ക് റേറ്റിലാണ് പ്രതിഫലിച്ചിരിക്കുന്നത്. 2020ന് ശേഷം പേസർമാർക്കെതിരായ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 140ന് മുകളിലാണ്. ഐപിഎല്ലില്‍ ഏറ്റവും അപകടകാരികളായ ഇടം കയ്യന്‍ പേസർമാർക്കെതിരെ സഞ്ജുവിന്റെ ശരാശരി 29ല്‍ നിന്ന് 35ലേക്ക് ഉയർന്നിട്ടുണ്ട്, സ്ട്രൈക്ക് റേറ്റ് 160ന് മുകളിലുമാണ്.
ലെങ്ത് ബോളുകളാണ് സഞ്ജുവിനെ ഐപിഎല്ലിലുടനീളം കുഴപ്പിച്ചിട്ടുള്ളത്. അത്തരം പന്തുകളില്‍ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 120ല്‍ താഴെയുമാണ്. ഇത്തവണ പേസർമാരെ നേരിടുമ്പോള്‍ സഞ്ജു തന്റെ സ്റ്റാന്‍ഡില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ക്രീസിലേക്ക് വളരെ ഡീപായാണ് സഞ്ജുവിനെ കാണപ്പെട്ടിട്ടുള്ളത്. ലെങ്ത് ബോളുകളെ ജഡ്ജ് ചെയ്യാനും ഏത് ഷോട്ട് കളിക്കണമെന്നതില്‍ ധാരണയിലെത്താനും ഇത് താരത്തെ സഹായിക്കുന്നു.
ബാറ്റിങ്ങിലെ മികവും ഫോമുമെല്ലാം ട്വന്റി 20 ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ സാധ്യതകളേയും വർധിപ്പിക്കുന്നുണ്ട്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിനൊപ്പം തന്നെ പരിഗണിക്കപ്പെടുന്ന താരങ്ങളില്‍ റിഷഭ് പന്ത് മാത്രമാണ് അല്‍പ്പമെങ്കിലും ഫോമിലുള്ളത്. കെ എല്‍ രാഹുല്‍, ജിതേഷ് ശർമ, ഇഷാന്‍ കിഷന്‍, ദ്രുവ് ജൂറല്‍ എന്നിവരൊന്നും ഇതുവരെ മികവ് തെളിയിച്ചിട്ടില്ല.