ഐപിഎല്ലില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 207 റണ്‍സ് വിജയലക്ഷ്യമുയർത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോഹ്ലി (51), രജത് പാട്ടിദാർ (50) എന്നിവരുടെ അർധ സെഞ്ചുറികളാണ് ബെംഗളൂരുവിന് തുണയായത്. 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് മറ്റൊരു പ്രധാന സ്കോറർ. സണ്‍റൈസേഴ്‌സിനായി ജയദേവ് ഉനദ്‌കട്ട് മൂന്ന് വിക്കറ്റ് നേടി.
സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട് മുന്നില്‍ക്കണ്ടായിരുന്നു ബെംഗളൂരു ഇന്നിങ്സ് ആരംഭിച്ചത്. കോഹ്ലിയും ഫാഫ് ഡുപ്ലെസിസും ചേർന്ന് സ്കോറിങ് അതിവേഗത്തുടക്കവും സമ്മാനിച്ചു. നാലാം ഓവറില്‍ ഡുപ്ലെസിസിനേയും (25) ഏഴാം ഓവറില്‍ വില്‍ ജാക്സിനേയും നഷ്ടമായതോടെ (6) ബെംഗളൂരു പ്രതിരോധത്തിലായി. പിന്നീട് കോഹ്ലിയുടെ ഇന്നിങ്സ് പതിഞ്ഞ താളത്തില്‍ നീങ്ങിയെങ്കിലും രജത് പാട്ടിദാർ സ്കോർ ബോർഡ് ചലിപ്പിച്ചു.
മൂന്നാം വിക്കറ്റില്‍ 65 റണ്‍സാണ് സഖ്യം ചേർത്തത്. 20 പന്തില്‍ 50 തികച്ച പാട്ടിദാറിനെ മടക്കി ജയദേവ് ഉനദ്‌കട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. തന്റെ അടുത്ത ഓവറില്‍ കോഹ്ലിയേയും ഉനദ്‌കട്ട് പുറത്താക്കി ബെംഗളൂരുവിന് ഇരട്ടപ്രഹരം സമ്മാനിച്ചു. 43 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെട്ടും കോഹ്ലിയുടെ ഇന്നിങ്സില്‍. പുതിയ കൂട്ടുകെട്ട് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കാമറൂണ്‍ ഗ്രീന്‍ നടത്തിയെങ്കിലും മഹിപാല്‍ ലോംറോറിനെ മടക്കി ഉനദ്‌കട്ട് വീണ്ടും വില്ലനായി.
അവസാന ഓവറുകളില്‍ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ദിനേഷ് കാർത്തിക്കും (11) നിരാശപ്പെടുത്തി. 20 പന്തില്‍ 37 റണ്‍സെടുത്ത ഗ്രീനും അഞ്ച് പന്തില്‍ 12 റണ്‍സെടുത്ത സ്വപ്നീലുമാണ് ബെംഗളൂരു സ്കോർ 200 കടത്തിയത്. ഹൈദരാബാദിനായി ഉനദ്‌കട്ടിന് പുറമെ ടി നടരാജന്‍ രണ്ടും, മായങ്ക് മാർഖണ്ഡെ,പാറ്റ് കമ്മിന്‍സ് എന്നിവർ ഓരോ വിക്കറ്റും നേടി.