ട്വന്റി 20 ക്രിക്കറ്റ് 'ബിഗ് ഹിറ്റിങ്ങ് ഗെയിം' എന്നായിരുന്നു അറിയപ്പെട്ടിരുന്നെങ്കില്‍ ഇപ്പോഴത് 'ബ്രൂട്ടല്‍ ഹിറ്റിങ്ങ്' ആയി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) തുടർച്ചയായ മൂന്നാം സീസണിലും സിക്സറുകളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. 2022ല്‍ 70 മത്സരങ്ങളില്‍ നിന്നായിരുന്നു 1000 സിക്സറുകള്‍. 2023ല്‍ സിക്സറുകളുടെ എണ്ണം നാലക്കത്തിലേക്ക് എത്താന്‍ 67 മത്സരം വേണ്ടി വന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അതിവേഗമായിരുന്നു, 57 മത്സരംകൊണ്ട് 1000 തികച്ചു.
സീസണില്‍ ഇതുവരെ 1015 തവണയാണ് പന്ത് നിലം തൊടാതെ ഗ്യാലറികളിലെത്തിയത്. ഒരു മത്സരത്തില്‍ ശരാശരി സിക്സറുകളുടെ എണ്ണം 17.81 ആണ്. ഐപിഎല്ലിന്റെ ചരിത്രം മുഴുവന്‍ പരിശോധിച്ചാലും ഇത്രയും മികച്ച ശരാശരി കണ്ടെത്താനാകില്ല. സിക്സറുകളുടെ എണ്ണം കൂടുന്നത് കൂറ്റന്‍ സ്കോറുകള്‍ പിറക്കുന്നതിനും കാരണമായിട്ടുണ്ട്. ഇതുവരെ നടന്ന 57 മത്സരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ബാറ്റിങ് സ്ട്രൈക്ക് റേറ്റ് 151 ആണ്. കഴിഞ്ഞ സീസണില്‍ ബാറ്റിങ് സ്ട്രൈക്ക് റേറ്റ് 141 ആയിരുന്നു.
ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന റെക്കോഡ് 37 ആയിരുന്നു. അഫ്ഗാനിസ്താന്‍ പ്രീമിയർ ലീഗിലും (2018) കരീബിയന്‍ പ്രീമിയർ ലീഗിലുമായിരുന്നു (2019) ഈ റെക്കോഡ് പിറന്നത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - മുംബൈ ഇന്ത്യന്‍സ് മത്സരം ഈ റെക്കോഡ് മറികടന്നു. മത്സരത്തില്‍ 38 തവണയാണ് ബാറ്റർമാർ പന്ത് അതിർത്തി കടത്തിയത്. ഒരിക്കല്‍ക്കൂടി സിക്സറുകളുടെ എണ്ണം 38 തൊട്ട മത്സരം സീസണിലുണ്ടായി. ഹൈദരാബാദ് തന്നെയായിരുന്നു ഒരറ്റത്തെങ്കില്‍ മറുവശത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവായിരുന്നു.
പക്ഷേ, ഈ റെക്കോഡിന്റെയും ആയുസ് അധികകാലമുണ്ടായിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്സ് പോരാട്ടത്തില്‍ കേവലം 38.4 ഓവറില്‍ 42 സിക്സറുകള്‍ വീണു. സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് മുപ്പതില്‍ അധികം സിക്സുകള്‍ വന്നിട്ടുള്ളത്.
ഹൈദരാബാദ് നയിക്കുന്ന സിക്സർ മേള
ഐപിഎല്ലിന്റെ 16 സീസണുകള്‍ നീണ്ട ചരിത്രത്തില്‍ ഇതുവരെ ഒരു തവണ പോലും 100 സീക്സറുകള്‍ എന്ന നേട്ടത്തിലേക്കെത്താന്‍ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല. പക്ഷേ, ഇത്തവ 100 കടന്നെന്ന് മാത്രമല്ല ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ടീമെന്ന റെക്കോഡും സ്വന്തമാക്കി. 12 കളികളില്‍ നിന്ന് 146 സിക്സുകളാണ് ഹൈദരാബാദ് ബാറ്റർമാർ അടിച്ചുകൂട്ടിയത്. 2018ല്‍ ചെന്നൈ സൂപ്പർ കിങ്സ് സ്ഥാപിച്ച 145 സിക്സ് എന്ന റെക്കോഡാണ് ടീം മറികടന്നത്. ഈ സീസണില്‍ ഹൈദരാബാദിന് പിന്നിലായുള്ളത് ഡല്‍ഹിയാണ്. 12 കളികളില്‍ നിന്ന് 120 സിക്സ്. എന്നാല്‍ 123 സിക്സ് ഡല്‍ഹി വഴങ്ങിയിട്ടുമുണ്ട്.
സിക്സർ മഴ പെയ്യുന്ന മൈതാനങ്ങള്‍
ഡല്‍ഹിയിലെ അരുണ്‍ ജയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ കേവലം നാല് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 114 സിക്സുകളാണ് ബാറ്റുകളില്‍ നിന്ന് പിറന്നത്. ശരാശരി നോക്കിയാല്‍ ഒരു കളിയില്‍ 28 തവണ പന്ത് ഗ്യാലറിയിലെത്തുന്നുണ്ട്. അതായത് ഒന്‍പത് പന്തില്‍ ഒരു സിക്സ് ഉറപ്പാണെന്ന് സാരം.
ശരാശരി കണക്കുകളില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം മുന്നിലാണെങ്കിലും സിക്സറുകളുടെ എണ്ണത്തില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാർഡന്‍സിനാണ് മുന്‍തൂക്കം. ആറ് കളികളില്‍ ഇതുവരെ 139 സിക്സുകളാണ് ഈഡനില്‍ വീണത്. ഒരു കളിയില്‍ അടിച്ചുകൂട്ടുന്ന സിക്സറുകളുടെ ശരാശരി എണ്ണം 23 ആണ്.
ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു (111), രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ഹൈദരാബാദ് (110) എന്നിവയാണ് സീസണില്‍ കൂടുതല്‍ സിക്സറുകള്‍ സ്കോർ ചെയ്യപ്പെട്ട മറ്റ് മൈതാനങ്ങള്‍.