മാർക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് തകർപ്പന്‍ ജയം. 211 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് ലഖ്നൗ മറികടന്നത്. 63 പന്തില്‍ 13 ഫോറും ആറ് സിക്സും ഉള്‍പ്പെടെ 124 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്റ്റോയിനിസാണ് ലഖ്നൗവിന് ജയം ഒരുക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ചെപ്പോക്കില്‍ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ലഖ്നൗവിന്റെ സീസണിലെ അഞ്ചാം ജയമാണിത്.
ചെന്നൈ ഉയർത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ലഖ്നൗവിന് വേണ്ടി നാലാം പന്തില്‍ ക്രീസിലെത്തിയതു മുതല്‍ ആരംഭിച്ചതാണ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍ പോരാട്ടം. മറുതലയ്ക്കല്‍ പിന്തുണയില്ലാതെയായിരുന്നു ബാറ്റിങ് പ്രകടനം. ക്വിന്റണ്‍ ഡി കോക്ക് (0), കെ എല്‍ രാഹുല്‍ (16), ദേവദത്ത് പടിക്കല്‍ (13) എന്നിവർ അതിവേഗം മടങ്ങി. നിക്കോളാസ് പൂരാനും (15 പന്തില്‍ 34), ദീപക് ഹൂഡയും (ആറ് പന്തില്‍ 17) മാത്രമാണ് സ്റ്റോയിനിസിന് പിന്തുണ നല്‍കിയത്.
നായകന്‍ റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി മികവിലാണ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് ചെന്നൈ നേടിയത്. സെഞ്ചുറിയുമായി റുതുരാജ് പുറത്താകാതെ നിന്നപ്പോള്‍ 27 പന്തില്‍ 66 റൺസുമായി ശിവം ദുബെയും തിളങ്ങി. കൂട്ടാളികളെ കാഴ്ചക്കാരാക്കി ചെപ്പോക്കില്‍ ബാറ്റിങ് വിരുന്നൊരുക്കുകയായിരുന്നു റുതുരാജ് ഗെയ്ക്വാദ്.
അജിങ്ക്യ രഹാനെ (1), ഡാരില്‍ മിച്ചല്‍ (11), രവീന്ദ്ര ജഡേജ (16) എന്നിവരെ വീഴ്ത്താന്‍ രാഹുലിനും സംഘത്തിനുമായി. 12 ഓവറില്‍ സ്കോർ 100 പിന്നിടുമ്പോള്‍ 71 റണ്‍സും റുതുരാജിന്റെ സംഭാവനയായിരുന്നു. ദുബെ ഒപ്പം ചേർന്നതോടെയാണ് ചെന്നൈയുടെ സ്കോറിങ് അതിവേഗത്തിലായത്. കളിയിലെ ആദ്യ സിക്സർ പിറന്നതും ദുബെയുടെ ബാറ്റില്‍ നിന്നായിരുന്നു.
56 പന്തിലായിരുന്നു റുതുരാജ് മൂന്നക്കം കടന്നത്. താരത്തിന്റെ ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. ചെന്നൈക്കായി ഏറ്റവുമധികം സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ മുരളി വിജയ്ക്കും ഷെയിന്‍ വാട്ട്സണിനുമൊപ്പം ഇടം നേടാനും റുതുരാജിനായി. തൊട്ടുപിന്നാലെ തന്നെ ദുബെ തന്റെ അർധ ശതകവും തികച്ചു. 22 പന്തിലായിരുന്നു ഇടം കയ്യന്‍ ബാറ്ററുടെ നേട്ടം. 47 പന്തില്‍ 104 റണ്‍സാണ് നാലാം വിക്കറ്റില്‍ സഖ്യം ചേർത്തത്.
ഇന്നിങ്സ് അവസാനിക്കാന്‍ രണ്ട് പന്ത് മാത്രം ശേഷിക്കെയാണ് ദുബെ റണ്ണൗട്ടായത്. മൂന്ന് ഫോറും ഏഴ് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. നേരിട്ട ഒരു പന്തില്‍ ഫോർ നേടി ചിന്നസ്വാമിയിലെത്തിയ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ധോണിക്കുമായി. 60 പന്തില്‍ 108 റണ്‍സെടുത്താണ് റുതുരാജ് പുറത്താകാതെ നിന്നത്. 12 ഫോറും മൂന്ന് സിക്സും താരം നേടി. ലഖ്നൗവിനായി മാറ്റ് ഹെന്‍റി, യാഷ് താക്കൂർ, മൊഹ്സിന്‍ ഖാന്‍ എന്നിവർ ഓരോ വിക്കറ്റ് നേടി.