CRICKET

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

13 റൗണ്ടുകള്‍ പൂർത്തിയാകുമ്പോള്‍ പ്ലേ ഓഫ് ഉറപ്പിച്ചത് രണ്ട് ടീമുകള്‍ മാത്രമാണ്

ഹരികൃഷ്ണന്‍ എം

പ്രവചനാതീതമായ സാഹചര്യങ്ങളാണ് ഐപിഎല്ലിനെ ലോകത്തിലെ ഏറ്റവും മികച്ച ലീഗാക്കി മാറ്റുന്നത്. 17-ാം സീസണിലെത്തുമ്പോഴും ഇതിന് മാറ്റമില്ല. 13 റൗണ്ടുകള്‍ പൂർത്തിയാകുമ്പോള്‍ പ്ലേ ഓഫ് ഉറപ്പിച്ചത് രണ്ട് ടീമുകള്‍ മാത്രമാണ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി പോരടിക്കുന്നത് അഞ്ച് ടീമുകളാണ്. ചെന്നൈ സൂപ്പർ കിങ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജയന്റ്സ്.

13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ചെന്നൈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ബെംഗളൂരുവാണ് ഋതുരാജിന്റേയും സംഘത്തിന്റേയും അവസാന എതിരാളി. ഇരുടീമുകള്‍ക്കും നിര്‍ണായകമാണ് മത്സരം, എന്നാല്‍ ബെംഗളുരുവിന് അക്ഷരാര്‍ത്ഥത്തില്‍ ജീവന്മരണപ്പോരാട്ടമാണ്. കാരണം ഒരു ജയം മാത്രം മതി ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനെങ്കില്‍ ബെംഗളുരുവിന് വെറുതേയൊരു ജയം മതിയാകില്ല, മറിച്ച് ആധികാരിക ജയം തന്നെ വേണം.

നിലവില്‍ ലീഗില്‍ ഏറ്റവും മികച്ച ഫോമിലുള്ള ബെംഗളൂരുവിനെ നേരിടുക ചെന്നൈക്ക് അത്ര എളുപ്പമാകില്ല. ചിന്നസ്വാമിയിലാണ് മത്സരമെന്നത് ബെംഗളൂരുവിന്റെ ആനുകൂല്യം ഉയർത്തുകയും ചെയ്യുന്നു. 13 കളികളില്‍ നിന്ന് 12 പോയിന്റുള്ള ബെംഗളൂരുവിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈയെ കീഴടക്കിയാല്‍ മാത്രം പോര. കണക്കുകൂട്ടിത്തന്നെ കീഴടക്കണം.

ബെംഗളൂരുവിന്റെ നെറ്റ് റണ്‍റേറ്റ് ചെന്നൈയേക്കാള്‍ താഴെയാണ്. ഇത് മെച്ചപ്പെടുത്തണമെങ്കില്‍ കുറഞ്ഞത് 18 റണ്‍സിനും അല്ലെങ്കില്‍ 18 ഓവറിലും ജയിക്കണം. ടാർഗറ്റ് 200 ആണെങ്കിലാണ് ഈ സാഹചര്യം. ബെംഗളൂരു മികച്ച മാർജിനില്‍ വിജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താന്‍ ഹൈദരാബാദ് കനിയേണ്ടി വരും.

രണ്ട് മത്സരം അവശേഷിക്കെ 14 പോയിന്റും പോസിറ്റീവ് റണ്‍റേറ്റുമുള്ള ഹൈദാരാബാദ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. പ്ലേ ഓഫില്‍ നിന്ന് പുറത്തായ ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സുമാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ഒരു വിജയം ഹൈദരാബാദിനെ പ്ലേ ഓഫിലെത്തിക്കും. സീസണ്‍ ജയത്തോടെ അവസാനിപ്പിക്കാനൊരുങ്ങുന്ന പഞ്ചാബും ഗുജറാത്തും ഹൈദരാബാദിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ തകർക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ടി വരും.

സാങ്കേതികമായി മാത്രം സാധ്യത നിലിനില്‍ക്കുന്ന ടീമുകളാണ് ലഖ്നൗവും ഡല്‍ഹിയും. 14 മത്സരങ്ങളും പൂർത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവായതുകൊണ്ട് തന്നെ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും ഡല്‍ഹിയുടെ സാധ്യതകള്‍.

സമാനമാണ് ലഖ്നൗവിന്റേയും സാഹചര്യം. ഒരു മത്സരം മാത്രം അവശേഷിക്കെ ഡല്‍ഹിയേക്കാള്‍ മോശം നെറ്റ് റണ്‍റേറ്റും രണ്ട് പോയിന്റ് കുറവുമാണ് ലഖ്നൗവിന്. മറ്റ് മത്സരഫലങ്ങള്‍ ആശ്രയിച്ചാല്‍ മതിയാകില്ല ലഖ്നൗവിന് അവസാന നാലിലെത്താന്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പടുകൂറ്റന്‍ ജയം തന്നെ ആവശ്യമായി വന്നേക്കും.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി