CRICKET

തല മാറി സൂപ്പര്‍ കിങ്‌സ്, തലവര മാറ്റാന്‍ റോയല്‍ ചലഞ്ചേഴ്‌സ്; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനേഴാം സീസണിന് ഇന്നു തുടക്കം

ഇന്നു രാത്രി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ ഏറ്റുമുട്ടുന്നതോടെയാണ് പതിനേഴാം സീസണിന് തിരിതെളിയുക

വെബ് ഡെസ്ക്

രാഷ്ട്രീയ പ്രേമികള്‍ക്ക് വരുന്ന മൂന്നു മാസക്കാലം ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ നാളുകളാണെങ്കില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത് ആവേശപ്പൂരത്തിന്റെ നാളുകളാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പതിനേഴാം സീസണിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ രണ്ടു മാസത്തിനപ്പുറം ആര് കിരീടമുയര്‍ത്തുമെന്ന് കൂട്ടലിലും കിഴിക്കലിലുമാണ് ആരാധകര്‍. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ ഏറ്റുമുട്ടുന്നതോടെയാണ് പതിനേഴാം സീസണിന് തിരിതെളിയുക.

നായക സ്ഥാനമൊഴിഞ്ഞ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമിതെന്ന സൂചനയുണ്ട്. അതിനാല്‍ത്തന്നെ കിരീടം നിലനിര്‍ത്തി ധോണിക്ക് ഉചിതമായ യാത്രയയ്പ്പ് നല്‍കാനാണ് സൂപ്പര്‍ കിങ്‌സിന്റെ ശ്രമം. അതിന് വിജയത്തോടെ തുടങ്ങാനായിരിക്കും അവര്‍ ഇന്ന് ഇറങ്ങുക. അതേസമയം മറുവശത്ത് പതിനാറു സീസണായി ശ്രമിച്ചിട്ടും കൈപ്പിടിയിലൊതുങ്ങാത്ത കിരീടം ഇക്കുറിയെങ്കിലും തങ്ങളുടെ ട്രോഫി ക്യാബിനെറ്റില്‍ എത്തിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ലക്ഷ്യം.

വനിതാ പ്രീമിയര്‍ ലീഗില്‍ അവരുടെ വനിതാ ടീം ഈ സീസണില്‍ കിരീടം ചൂടിയിരുന്നു. ക്ലബിന്റെ 16 വര്‍ഷത്തെ ചരിത്രത്തില്‍ അവരുടെ ആദ്യ കിരീടനേട്ടമാണ് വനിതാ ടീം സമ്മാനിച്ചത്. അതുകൊണ്ടു തന്നെ പുരഷ ടീമിന് ഇക്കുറി കിരീടത്തില്‍ക്കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ല.

ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ ഏറെ വൈകാരികമാണ്. ധോണിയുടെ പടിയിറക്കവും ഋഷഭ് പന്തിന്റെ തിരിച്ചുവരവും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി വിഷയവും ഒക്കെയായി സീസണ്‍ കൊഴുക്കുമെന്നു തീര്‍ച്ച. അതിനു പുറമേ ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ തയാറെടുപ്പ് കൂടിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ ഐപിഎല്‍ സീസണ്‍.

ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് മറ്റ് രാജ്യാന്തര മത്സരങ്ങള്‍ ശേഷിക്കുന്നില്ലാത്ത സാഹചര്യത്തില്‍ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സെലക്ടര്‍മാര്‍ ഐപിഎല്ലിലേക്ക് ഉറ്റുനോക്കുമെന്നും തീര്‍ച്ചയാണ്. അതിനാല്‍ ടീമില്‍ സ്ഥാനമുറപ്പാക്കാന്‍ സീനിയര്‍ താരങ്ങള്‍ക്കും ജൂനിയര്‍ താരങ്ങള്‍ക്കും ഈ സീസണ്‍ നിര്‍ണായകമാണ്.

രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് പത്തു ടീമുകള്‍ ഏറ്റുമുട്ടുന്നത്. ഒരു ടീം തങ്ങളുടെ ഗ്രൂപ്പിലെ മറ്റു ടീമുകളുമായി ഹോം-എവേയായി രണ്ടു തവണ ഏറ്റുമുട്ടുമ്പോള്‍ മറു ഗ്രൂപ്പിലെ ടീമുകളുമായി ഒരോ തവണ ഏറ്റുമുട്ടും. ഒരു ടീമിന് 14 മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിലുള്ളത്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ നേരിട്ട് ക്വാളിഫയര്‍ ഒന്നിലേക്ക് മുന്നേറും. മൂന്നു നാലു സ്ഥാനക്കാര്‍ എലിമിനേറ്ററിലേക്കും നീങ്ങും. മേയ് 26-നാണ് ഫൈനല്‍.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം