CRICKET

ഇഷാന്റെ 'വികൃതി' അതിരുവിട്ടോ?; അച്ചടക്കം പഠിച്ചശേഷം മാത്രം ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍?

ഒരു മാസം മുമ്പാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു 'അവധി' ആവശ്യപ്പെട്ട് ഇഷാന്‍ ബിസിസിഐയെ സമീപിച്ചത്. മാനസിക സമ്മര്‍ദ്ദം അമിതമാണെന്നും അല്‍പകാലം വിശ്രമം വേണമെന്നുമായിരുന്നു ആവശ്യം.

വെബ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടിവാതില്‍ തുറന്നുകിട്ടാന്‍ കാത്തിരിക്കുന്ന യുവതാരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇപ്പോള്‍ കാണാപ്പാഠമായിരിക്കും. അത്രയേറെ പ്രതിഭാധനരാണ് ടീമിലെ നീലത്തൊപ്പി അണിയാന്‍ അവസരത്തിനായി ആറ്റുനോറ്റിരിക്കുന്നത്. അങ്ങനെയുള്ള ഒരു രാജ്യത്ത് ലഭിച്ച അവസരം അച്ചടക്കം പാലിക്കാത്തതിലൂടെ കളഞ്ഞുകുളിക്കുന്നവരെ എന്തു പറയും? ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് ഇപ്പോള്‍ തന്റെ 'കൈയിലിരുപ്പ്' കാരണം സെലക്ടര്‍മാരുടെയും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ഗുഡ്‌ലിസ്റ്റില്‍ നിന്നു പുറത്തായിരിക്കുന്നത്.

ഒരു മാസം മുമ്പാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു 'അവധി' ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിച്ചത്. മാനസിക സമ്മര്‍ദ്ദം അമിതമാണെന്നും അല്‍പകാലം വിശ്രമം വേണമെന്നുമായിരുന്നു ആവശ്യം. ഒരു വര്‍ഷക്കാലമായി ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ച്ചയായ സഞ്ചാരവും എന്നാല്‍ പലപ്പോഴും കളത്തിലിറങ്ങാന്‍ അവസരം ലഭിക്കാതെ പോകുകയും ചെയ്ത ഇഷാന്റെ ആവശ്യം ബോര്‍ഡ് കൈയോടെ അംഗീകരിക്കുകയും അവധി അനുവദിക്കുകയും ചെയ്തു.

ടീം ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറായി ബോര്‍ഡ് 'കണക്ക്കൂട്ടിയിരുന്ന' യുവതാരം മാനസികോല്ലാസം വീണ്ടെടുത്ത് ഉടന്‍ തിരിച്ചെത്തുമെന്നായിരുന്നു ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ. അഫ്ഗാനിസ്താനെതിരേ ഇന്നലെ ആരംഭിച്ച ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. കൂടാതെ ഈ മാസം പകുതിയോടെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കും ഇഷാനെ ബോര്‍ഡ് കണ്ടുവച്ചിരുന്നു. ഇപ്പോള്‍ ടീമിന്റെ വിക്കറ്റ്കീപ്പര്‍ റോള്‍കൂടി വഹിക്കുന്ന മധ്യനിര താരവും മുന്‍ ഉപനായകനുമായ കെഎല്‍ രാഹുലിന്റെ ജോലിഭാരം കുറയ്ക്കാന്‍ വേണ്ടിയായിരുന്നു ഇത്.

എന്നാല്‍ ടീമിനൊപ്പം ചേരാന്‍ ഇഷാന്‍ ഇതുവരെ സന്നദ്ധത പ്രകടപ്പിക്കാത്തതാണ് ഇപ്പോള്‍ സെലക്ടര്‍മാരെയും ദ്രാവിഡിനെയും ചൊടിപ്പിച്ചിരിക്കുന്നത്. ടീം ഇന്ത്യയിലേക്ക് വീണ്ടും പരിഗണിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കായികക്ഷമത തെളിയിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തയാറാകാതെ ഇഷാന്‍ ദുബായിയില്‍ നൈറ്റ് പാര്‍ട്ടികള്‍ക്കു പോയതാണ് നീരസത്തിനു കാരണം.

പാര്‍ട്ടിയില്‍ പങ്കെടുത്ത ഇഷാന്റെ ചിത്രങ്ങള്‍ വൈറലായതോടെ ബിസിസിഐ താരത്തോട് വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കായികക്ഷമത വീണ്ടെടുക്കാനായില്ലെന്ന മറുപടിയാണ് താരം നല്‍കിയത്. ബിസിസിഐ ഇക്കാര്യത്തില്‍ പിന്നീട് കടുത്ത നിലപാട് സ്വീകരിക്കാനും തയാറായില്ല. എന്നാല്‍ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ബിസിസിഐയെ അറിയിച്ച ഇഷാന്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ തന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തത് വാര്‍ത്തയായി.

പരുക്കില്‍ നിന്നു മുക്തനായി വരുന്ന മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകനുമായ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പമായിരുന്നു ഇഷാന്റെ പരിശീലനം. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ താരത്തിനെതിരേ കടുത്ത നടപടി സ്വീകരിക്കാനാണ് ബോര്‍ഡ് തയാറെടുക്കുന്നത്. കോച്ച് ദ്രാവിഡിന്റെ നിര്‍ദേശപ്രകാരമാണിശതന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇക്കാര്യം പരോക്ഷമായി ദ്രാവിഡ് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഇഷാന്‍ ഉടന്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കില്ലെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് തെളിയിച്ച ശേഷം മാത്രമേ ഇനി സെലക്ഷന് പരിഗണിക്കൂവെന്നുമായിരുന്നു ദ്രാവിഡിന്റെ വാക്കുകള്‍. ടീം ഇന്ത്യയുടെ പരിശീലകനായി താന്‍ ചുമതലയേറ്റ ശേഷം ദ്രാവിഡ് കൊണ്ടുവന്ന നിഷ്‌കര്‍ഷയാണിത്- ഏതെങ്കിലും ഒരു താരത്തിന് പരുക്കേറ്റാലോ അച്ചടക്ക നടപടി നേരിട്ടാലെ താരത്തെ ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കി ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അയച്ച ശേഷം മാത്രമേ വീണ്ടും പരിഗണിക്കൂയെന്നത്. 2021 മുതല്‍ ഇത് കൃത്യമായി നടപ്പിലാക്കുന്നുമുണ്ട്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇക്കാര്യത്തില്‍ നേരിയതെങ്കിലും ഇളവ് നല്‍കിയത്. ലോകകപ്പിനു മുമ്പായി കൂടുതല്‍ രാജ്യാന്തര പരിചയം ആര്‍ജ്ജിക്കാന്‍ പരുക്കിന്റെ പിടിയില്‍ നിന്നു മുക്തരായി എത്തിയ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ ആഭ്യന്തര മത്സരങ്ങള്‍ക്ക് അയയ്ക്കാതെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതല്ലാതെ തന്റെ കാലയളവില്‍ ഒരിക്കല്‍പ്പോലും ദ്രാവിഡ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല. നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്കും മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്.

ഇപ്പോള്‍ ഇഷാന്‍ തന്റെ നിര്‍ദേശം അവഗണിച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ കൂട്ടാക്കാത്തതാണ് ദ്രാവിഡിന്റെ രോഷത്തിന് കാരണം. ഇഷാന്‍ ഇതുവരെയും കളിക്കാന്‍ തയാറാണെന്നു കാട്ടി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന താരത്തിന് ജാര്‍ഖണ്ഡ് ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്താന്‍ വിമുഖതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരം തയാറായി എത്തിയാല്‍ പ്ലേയിങ് ഇലവനില്‍ അവസരം നല്‍കുമെന്നും ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇഷാനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ദ്രാവിഡ് നിഷേധിച്ചിട്ടുണ്ട്. ടീം സെലക്ഷനില്‍ ഇഷാന്റെ പേര് ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ അവധി ആവശ്യപ്പെട്ടിരുന്നതുകൊണ്ടു മാത്രം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ദ്രാവിഡ് പറഞ്ഞത്. എന്നാല്‍ ഏതൊക്കെ മത്സരങ്ങളില്‍ തനിക്ക് ഇറങ്ങാന്‍ പറ്റും എന്നൊക്കെ സ്വയം തീരുമാനിക്കാനും മാത്രം വലിയ ക്രിക്കറ്റ് താരമാമോ ഇഷാന്‍ എന്നാണ് കായികപ്രേമികള്‍ ഈ വിശദീകരണത്തിനു മറുചോദ്യം ഉന്നയിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇതിനു മുമ്പും ഇത്തരം രഹസ്യ അച്ചടക്കനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍ താരങ്ങളായ വിനോദ് കാംബ്ലി, മനോജ് പ്രഭാകര്‍, നിലവില താരങ്ങളായ രാഹുല്‍, ഹാര്‍ദ്ദിക് എന്നിവരും നടപടി നേരിട്ടിട്ടുള്ളതാണ്. ഇപ്പോള്‍ ദ്രാവിഡിന്റെ കീഴില്‍ അത് കുറച്ചുകൂടി കണിശമാക്കിയെന്നു മാത്രം എന്നാണ് ബിസിസഐയുമായി അടുത്ത വൃത്തം ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചത്. ചുരുക്കത്തില്‍ ഇഷാന് ഇനി ദേശീയ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ ജാര്‍ഖണ്ഡ് ടീമിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് തെളിയിച്ചേ തീരൂ എന്ന അവസ്ഥയാണ്.

ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസറ്റ് പരമ്പരയില്‍ താരത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല. കാരണം ഈ മാസം 25-നാണ് പരമ്പര ആരംഭിക്കുന്നത്. അതിനുള്ള ടീമിനെ 20-നാണ് പ്രഖ്യാപിക്കുന്നത്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ അടുത്ത രണ്ട് രഞ്ജി മത്സരങ്ങളില്‍ ഒന്ന് ഇന്നും മറ്റൊന്നു ജനുവരി 19-നുമാണ് ആരംഭിക്കുന്നത്. ഇന്നത്തെ മത്സരത്തിന് ഇഷാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ 19-ന് ആരംഭിക്കുന്ന മത്സരത്തിനുള്ള ടീമില്‍ ഇടംപിടിച്ച് 20-ന് നടക്കുന്ന സെക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ശ്രദ്ധനേടുകയെന്നത് അസാധ്യമാണ്. ടി20 ലോകകപ്പിനു മുമ്പായി പിന്നെ ഐപിഎല്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതോടെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മാത്രമേ ഇഷാന് ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനാകൂയെന്നാണ് കരുതുന്നത്.

ഇരുപത്തിയഞ്ചുകാരനായ ഇഷാന്‍ ഇതുവരെ ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളും 27 ഏകദിനങ്ങളും 32 ടി20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 78 റണ്‍സാണ് നേടിയിട്ടുള്ളത്. പുറത്താകാതെ 52 ആണ് ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റിനു പിന്നില്‍ അഞ്ച് ക്യാച്ചുകളും സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ 42.40 ശരാശരിയില്‍ 933 റണ്‍സുണ്ട്. ഒരു ഇരട്ട സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറികളും കുറിച്ച ഇഷാന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 210 ആണ്. 13 ക്യാച്ചുകളും രണ്ട് സ്റ്റംപിങ്ങും സ്വന്തം പേരിലുണ്ട്. ടി20യില്‍ ആറ് അര്‍ധസെഞ്ചുറികളടക്കം 25.67 ശരാശരയില്‍ 796 റണ്‍സ് നേടിയിട്ടുണ്ട്. 89 ആണ് ഉയര്‍ന്ന സ്‌കോര്‍. 13 ക്യാച്ചുകളും മൂന്നു സ്റ്റംപിങ്ങുകളുമാണ് പേരിലുള്ളത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം