പുരുഷ ടി20ൽ ഏറ്റവും കുറഞ്ഞ പന്തിൽ വിജയം നേടുന്ന ടീമെന്ന റെക്കോർഡ് ഇനി സ്പെയിനിന് സ്വന്തം .രണ്ട് പന്തിലാണ് ഐൽ ഓഫ് മാനെതിരെ സ്പെയിൻ വിജയം നേടിയത്. ഐല്‍ ഓഫ് മാനെതിരായ ആറ് മത്സര ടി20 ഹോം പരമ്പരയിലെ അവസാന മത്സരത്തിലാണ് സ്‌പെയിനിന്റെ നേട്ടം. രണ്ട് പന്തില്‍ റണ്‍ ചേസിങ് പൂര്‍ത്തിയാക്കിയാണ് സ്പെയിൻ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ലാ മാംഗയില്‍ നടന്ന മത്സരത്തില്‍ ഐല്‍ ഓഫ് മാന്‍ വെറും 10 റണ്‍സിനാണ് പുറത്തായത്. 8.4 ഓവറിലാണ് കാള്‍ ഹാര്‍ട്മാന്റെ നേതൃത്വത്തിലുള്ള ഐല്‍ ഓഫ് മാന്‍ 10 റണ്‍സാണ് എടുത്തത്. പുരുഷ ടി20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇത്. ലക്ഷ്യം പിന്തുടര്‍ന്ന സ്‌പെയിൻ രണ്ട് പന്തുമായി ലോക റെക്കോർഡ് തൊട്ടു. ഇതോടെ സ്‌പെയിൻ പരമ്പര 5-0 ന് സ്വന്തമാക്കി..
സ്പാനിഷ് സീമര്‍മാരായ മുഹമ്മദ് കമ്രാന്‍, ആതിഫ് മെഹ്‌മൂദ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലെഗ് സ്പിന്നര്‍ ലോണ്‍ ബേണ്‍സ് രണ്ട് പേരെ കൂടാരം കയറ്റി എതിരാളികളുടെ കഥ കഴിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്‌പെയിനിന്റെ അവയ്‌സ് അഹ്‌മദ് ആദ്യ രണ്ട് പന്തുകളും ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചതോടെ ഒന്നാം ഓവറില്‍ തന്നെ കളി പൂര്‍ത്തിയായി. പൂര്‍ത്തിയാക്കിയ ചേസിലിലെ ഏറ്റവും വേഗതയേറിയ റണ്‍ റേറ്റ് (39), ബാക്കിയുള്ള പന്തുകളില്‍ വിജയത്തിന്റെ മാര്‍ജിന്‍ (118) എന്നീ റെക്കോര്‍ഡുകളും സ്‌പെയിന്‍ സ്വന്തമാക്കി.