അഹമദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് നേരെ ഗാലറിയിൽ നിന്ന് ജയ് ശ്രീറാം വിളിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. പാക് താരം മുഹമ്മദ് റിസ്‌വാൻ ബാറ്റിംഗ് കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് കയറിപ്പോകുമ്പോൾ ജയ് ശ്രീരാം വിളിച്ച കാണികളുടെ വീഡിയോ പങ്കുവച്ചാണ് ഉദയനിധി എക്‌സിൽ ട്വീറ്റ് ചെയ്തത്. മത്സരത്തില്‍ 49 റൺസ് നേടി ഔട്ട് ആയി മടങ്ങുമ്പോഴാണ് മുഹമ്മദ് റിസ്‌വാന് നേരെ ഗാലറിയിൽ നിന്ന് കാണികൾ ജയ് ശ്രീ റാം മുഴക്കിയത്.
ഇന്ത്യയുടെ കായിക രംഗവും നമ്മുടെ ആതിഥേയത്വവും പേരുകേട്ടതാണ്. അത്തരമൊരു രാജ്യത്തിൻറെ നിലവാരം തകർക്കുന്നതാണ് ഈ സമീപനങ്ങൾ എന്ന് ഉദയനിധി വിമർശിക്കുന്നു. കായിക മത്സരങ്ങൾ രാജ്യങ്ങളെ പരസ്പരം അടുപ്പിക്കുന്നവയായിരിക്കണം അല്ലാതെ വെറുപ്പ് പ്രചരിപ്പിക്കുന്നതാകരുത്. ഉദയനിധി എക്‌സിൽ കുറിച്ചു.
അതേസമയം ജയ്‌ശ്രീറാം വിളികളെ ന്യായീകരിച്ച് ന്യായീകരിച്ച് ഒരു വിഭാഗവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. മുഹമ്മദ് റിസ്‌വാന് ഇത്രയും കണികൾക്കുമുമ്പിൽ ഗ്രൗണ്ടിൽ വച്ച് നമാസ് ചെയ്യാമെങ്കിൽ കാണികൾക്ക് ജയ്‌ശ്രീറാമും വിളിക്കാമെന്നാണ് അവരുടെ പക്ഷം. കളിക്കാരന് മതപരമായി പെരുമാറാമെങ്കിൽ കാണികൾക്കെന്തുകൊണ്ട് പറ്റില്ല എന്നും അവര്‍ ചോദിക്കുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്താനെതിരേ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. 155 റൺസിന് 2 വിക്കറ്റ് മാത്രം നഷ്ടമായിരുന്ന പാകിസ്താൻ 42.5 ഓവറിൽ 191 റൺസിന് ഓൾ ഔട്ട് ആയി. പാകിസ്താൻ ബാറ്റിംഗ് നിരയുടെ തകർച്ചയാണ് അഹമ്മദാബാദിൽ കണ്ടത്. നായകന്‍ രോഹിത് ശര്‍മയുടെയും മധ്യനിര താരം ശ്രേയസ് അയ്യരുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ മികവില്‍ ഇന്ത്യ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.