"ഒരു പേസ് ബൗളർ 22 വർഷം സ്ഥിരതയോടെ കളിക്കുക, 700 വിക്കറ്റ് സ്വന്തമാക്കുക. ഇത് ജെയിംസ് ആന്‍ഡേഴ്സണ്‍ സാധ്യമാക്കിയില്ലായിരുന്നെങ്കില്‍ ഒരു സാങ്കല്‍പ്പിക കഥ മാത്രമാണെന്ന് ലോകം വിശ്വസിച്ചേനെ. അതിഗംഭീരം," ജെയിംസ് ആന്‍ഡേഴ്സണിന്റെ ചരിത്ര നേട്ടത്തിന് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കർ എഴുതിയ വാക്കുകളാണിത്. 'Game recognizes game' എന്ന വാചകം പൂർണതയിലെത്തിയ നിമിഷമെന്നുകൂടി പറയാം. ടെസ്റ്റ് ക്രിക്കറ്റില്‍ ആന്‍ഡേഴ്‌സണേക്കാള്‍ കൂടുതല്‍ മത്സരം കളിച്ചിട്ടുള്ള ഏക താരം സച്ചിനാണ്. 200 മത്സരങ്ങള്‍, ആന്‍ഡേഴ്സണ്‍ 187.
ഒരു ക്രിക്കറ്റ് താരം ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന ഫോർമാറ്റാണ് ടെസ്റ്റ്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഫോർമാറ്റ്. ശാരീരികമായും മാനസികമായും മൈതാനത്ത് സ്ഥിരതയോടെ നിലനില്‍ക്കുക എന്നത് ദുഷ്കരം. ഒരു ബൗളറുടെ ഒരു സ്പെല്‍ ഏകദിനത്തില്‍ സാധാരണ അഞ്ച് ഓവർ മാത്രമാണ് നീണ്ടു നില്‍ക്കുക, ട്വന്റി20യില്‍ മൂന്ന്. പക്ഷേ, ടെസ്റ്റിലേക്ക് എത്തിയാല്‍ കണക്ക് 15-20 ഓവറാണ്. അസാമാന്യ ശാരീരിക ക്ഷമതയും ഏകാഗ്രതയുമില്ലെങ്കില്‍ വെള്ളക്കുപ്പായത്തിലെ ആയുസിന് ദൈർഘ്യമുണ്ടാകില്ല. അവിടെയാണ് 700 വിക്കറ്റെടുക്കുന്ന ആദ്യ പേസറാകുന്ന ആന്‍ഡേഴ്സണ്‍ സ്റ്റാന്‍ഡിങ് ഒവേഷന്‍ അർഹിക്കുന്നത്.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ടീമിന്റെ ഭാഗമായത് ആന്‍ഡേഴ്സണെ സഹായിച്ച ഘടകങ്ങളിലൊന്നായി പരിഗണിക്കാം. 2003-ല്‍ അരങ്ങേറിയ വലം കയ്യന്‍ പേസർ കരിയർ മുന്നോട്ട് പോകും തോറും കൂടുതല്‍ സ്ഥിരത കൈവരികരിക്കുകയായിരുന്നു. Ageing but not on ground, അങ്ങനെ പറയാം.
ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ഡെയില്‍ സ്റ്റെയിന്‍ എന്നിവരെ പോലെ മണിക്കൂറില്‍ 140 കിലോ മീറ്റർ വേഗതയില്‍ പന്തെറിഞ്ഞല്ല ആന്‍ഡേഴ്‌സണ്‍ റെക്കോഡുകള്‍ മറികടന്നത്. 130-135 ആണ് ആന്‍ഡേഴ്‌സണിന്റെ ശരാശരി വേഗത. കൃത്യമായ ലൈനും ലെങ്തും നിയന്ത്രണവുമാണ് ആയുധം, വിക്കറ്റില്‍ നിന്ന് പിന്തുണയുണ്ടെങ്കില്‍ 41-ാം വയസിലും താരത്തോളം അപകടകാരിയായ പേസർ ഇന്നും ക്രിക്കറ്റിലില്ല.
പഴകും തോറും വർധിക്കുന്ന വീര്യം
ആന്‍ഡേഴ്‌സണിന്റെ കരിയർ ബ്രേക്ക്‌ഡൗണ്‍ ചെയ്യുകയാണെങ്കില്‍ പ്രകടത്തിന്റെ ഗ്രാഫ് മുകളിലേക്ക് മാത്രമാണ്. ആദ്യ 44 ടെസ്റ്റുകളില്‍ ശരാശരി 35 ആയിരുന്നു, അടുത്ത 44 ടെസ്റ്റുകളിലെ ശരാശരി 27. അവസാന 96 മത്സരങ്ങള്‍ പരിശോധിച്ചാല്‍ ശരാശരി 22.66. അതായത് 22 റണ്‍സ് വിട്ടുകൊടുക്കുന്നതിനിടയില്‍ ഒരു വിക്കറ്റ് വീഴ്ത്താന്‍ ആന്‍ഡേഴ്‌സണ് കഴിയുന്നുണ്ട്. കരിയർ മുഴുവന്‍ പരിശോധിച്ചാല്‍ താരത്തിന്റെ ശരാശരി 26.52 ആണ്.
ക്രിക്കറ്റില്‍ 30 വയസിന് ശേഷം കരിയർ ഗ്രാഫ് ഉയരുന്ന താരങ്ങള്‍ നിരവധിയാണ്. ഇതിന് ഉത്തമ ഉദാഹരണം ഇന്ത്യന്‍ നായകന്‍ രോഹിത് ശർമയാണ്. എന്നാല്‍ 35ന് ശേഷം പ്രകടനത്തിന്റെ കാര്യത്തില്‍ കുതിക്കുന്നവരേക്കാള്‍ കിതയ്ക്കുന്നവരാണ് കൂടുതല്‍. പക്ഷേ ആന്‍ഡേഴ്‌സണിന്റെ കാര്യത്തില്‍ ഇവിടെയും കുതിപ്പ് തന്നെയാണ്. 35ന് ശേഷം 62 മത്സരങ്ങളില്‍ നിന്ന് താരം നേടിയത് 220 വിക്കറ്റുകളാണ്, ശരാശരി 22.86. വിക്കറ്റില്‍ ശ്രീലങ്കയുടെ ഹെറാത്ത് മുന്നിലുണ്ടെങ്കിലും പട്ടികയിലുള്ള മറ്റെല്ലാവരേക്കാളും മികച്ച ശരാശരി ഇംഗ്ലീഷ് പേസർക്കാണ്.
ഒരു ആന്‍ഡേഴ്‌സണ്‍, പല മൈതാനം
സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മാത്രം അപകടകാരിയായ ബൗളർ. ഇതായിരുന്നു ആന്‍ഡേഴ്‌സണെക്കുറിച്ചുള്ള ആദ്യകാല വിലയിരുത്തല്‍. 2013 വരെ ഇംഗ്ലണ്ടില്‍ താരത്തിന്റെ ശരാശരി 27.34ഉം വിദേശവിക്കറ്റുകളില്‍ 36.74ഉം ആയിരുന്നു. കരിയർ മുന്നോട്ട് പോകും തോറും ആവനാഴിയിലെ അസ്ത്രങ്ങളും ആന്‍ഡേഴ്‌സണ്‍ പാകപ്പെടുത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കുകളില്‍ അത് വ്യക്തവുമാണ്.
വിദേശവിക്കറ്റുകളില്‍ കളിച്ച 42 മത്സരങ്ങളിലെ ശരാശരി 24.10 ആണ്. ഇത് ഇംഗ്ലീഷ് സാഹചര്യങ്ങളിലെ മികവില്‍ നിന്ന് ഒരുപാട് പിന്നോട്ടല്ല (21.76). എല്ലാ വിദേശപിച്ചുകളിലും താരത്തിന്റെ ശരാശരി 31-ല്‍ താഴെയുമാണ്. വഴങ്ങാതിരുന്ന ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിക്കറ്റുകള്‍ പോലും വരുതിയിലാക്കി. ഇന്ത്യയില്‍ മാത്രമാണ് ആന്‍ഡേഴ്‌സണ് ശരാശരി മെച്ചപ്പെടുത്താന്‍ സാധിക്കാതെ പോയത്. 29.81ല്‍ നിന്ന് 30.72ലേക്ക് ശരാശരി ഉയരുകയും ചെയ്തു.
വിദേശ വിക്കറ്റുകളിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തന്റെ ശൈലി മാറ്റാന്‍ സാധിച്ചുവെന്നതും ആന്‍ഡേഴ്‌സണിന്റെ നേട്ടമാണ്. പ്രത്യേകിച്ചും സ്പിന്നിന് വളക്കൂറുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍. ഏഷ്യയിലെ ആന്‍ഡേഴ്‌സണിന്റെ കരിയർ ശരാശരി 27.51 ആണ്, കഴിഞ്ഞ 10 വർഷത്തെ പ്രകടനം മാത്രം പരിശോധിച്ചാല്‍ ഇത് 23.56 ആണ്. 92 വിക്കറ്റുകളും നേടി. താരത്തിന് പുറമെ ഇത്രയും വിക്കറ്റുകള്‍ സമാന കാലയളവില്‍ നേടിയ ഏഷ്യക്കാരനല്ലാത്ത ഒരു താരം മാത്രമാണുള്ളത്, ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാഡ.
ഇനിയെത്ര മാജിക്ക്
41 പിന്നിട്ടു ഇംഗ്ലണ്ടിന്റെ 'ഗോട്ടിന്'. 187 ടെസ്റ്റുകളും പൂർത്തിയാക്കി. പരമ്പരയില്‍ രോഹിത് ശർമയേയും ശുഭ്മാന്‍ ഗില്ലിനേയുമൊക്കെ ബൗള്‍ഡാക്കിയ പന്തുകള്‍ മൈതാനത്ത് ഇനിയും കാലം അവശേഷിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ്. തോളോട് തോള്‍ ചേർന്ന് പന്തെറിഞ്ഞ സ്റ്റുവർട്ട് ബ്രോഡ് വെള്ളക്കുപ്പായം ഇതിനോടകം തന്നെ അഴിച്ചുവെച്ചു. അന്ന് ഉയർന്ന ഏറ്റവും വലിയ ചോദ്യമാണ് ആന്‍ഡേഴ്‌സണിന്റെ വിരമിക്കെലെന്നാണെന്ന്. 200 ടെസ്റ്റുകളെന്ന നേട്ടത്തിന് ശേഷമാകുമോ ആന്‍ഡേഴ്‌സണിന്റെ വിരമിക്കലെന്നാണ് കണ്ടറിയേണ്ടത്. ഒരുപക്ഷേ, 200 പിന്നിട്ടാലും ആന്‍ഡേഴ്‌സണിന്റെ പന്തുകള്‍ ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ചേക്കും.