പ്രായത്തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ജമ്മുകശ്മീര്‍ മുന്‍ ക്രിക്കറ്റ് താരവും ശ്രീനഗര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനുമായ മജിദ് ദാറിനെതിരെ പോലീസ് കേസെടുത്തു. ജമ്മു കശ്മീര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് മജിദ് ദാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആരോപണത്തില്‍ അന്വേഷണം നടത്തിയ ബിസിസിഐ പ്രത്യേക കമ്മിറ്റി കുറ്റം കണ്ടെത്തിയതിനെത്തുടര്‍ന്ന് ദാറിനെതിരേ പോലീസ് നടപടി ആവശ്യപ്പെടുകയായിരുന്നു. 2000 ത്തിനും 2013 നും ഇടയില്‍ 37 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളും, 17 ലിസ്റ്റ് എ മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് മജിദ് ദാര്‍ കളിച്ചത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് 2023 മെയ് 25 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ആര്‍പിസി 420, 467, 471 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് 2021 ല്‍ മജിദ് ദാറിനെതിരെ പരാതി നല്‍കുന്നത്. അന്വേഷത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ തെളിവ് കണ്ടെത്തിയതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2012-2013 വര്‍ഷത്തില്‍ ബിസിസിഐ സ്‌പോണ്‍സര്‍ ചെയ്ത ദേശീയ ടൂര്‍ണമെന്റില്‍ കളിക്കാനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതിന് ആര്‍പിസി 420, 467, 471 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മജിദ് ദാര്‍ കാണിച്ച രേഖകള്‍ അനുസരിച്ച് 1973 ലാണ് ഇയാളുടെ മാതാപിതാക്കള്‍ വിവാഹിതരാകുന്നത്. പക്ഷേ അയാള്‍ 1970 ല്‍ ജനിച്ച സര്‍ട്ടിഫിക്കറ്റാണ് ഇവിടെ ഹാജരാക്കിയത്
ബിസിസിഐ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ ചുമതലയുള്ള അനില്‍ ഗുപത ഇതിനെ ശക്തമായി അപലപിച്ചു. ''രഞ്ജി ട്രോഫി കളിക്കുന്നതില്‍ പ്രായപരിധിയില്ല, എന്നിട്ടും അയാള്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് കളിക്കാന്‍ രജിസറ്റര്‍ ചെയ്യുന്നത്. മജിദ് ദാര്‍ കാണിച്ച രേഖകള്‍ അനുസരിച്ച് 1973 ലാണ് ഇയാളുടെ മാതാപിതാക്കള്‍ വിവാഹിതരാകുന്നത്. പക്ഷേ അയാള്‍ 1970 ല്‍ ജനിച്ച സര്‍ട്ടിഫിക്കറ്റാണ് ഇവിടെ ഹാജരാക്കിയത്''. സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് അനിൽ ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്.