CRICKET

ബെയര്‍സ്‌റ്റോയെ 'ചതിച്ച്' വീഴ്ത്തിയെന്ന് ആരോപണം; ആഷസിന് തീപിടിക്കുന്നു

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ്‌ വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിയുടെ നേരിട്ടുള്ള ഹിറ്റിൽ ബെയർസ്റ്റോ റണ്ണൗട്ടായതാണ് വിവാ​ദമായിരിക്കുന്നത്

വെബ് ഡെസ്ക്

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ആഷസ് ടെസ്റ്റിന്റെ അവസാന ദിനത്തിൽ ഇം​ഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ പുറത്തായത് വലിയ വിവാദമായിരിക്കുകയാണ്. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് നിര്‍ണായക സമയത്ത്‌ ഓസീസ്‌ വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിയുടെ നേരിട്ടുള്ള ത്രോയില്‍ ബെയര്‍സ്‌റ്റോ റണ്ണൗട്ടാകുകയായിരുന്നു. താരത്തിന്റെ പുറത്താകല്‍ ഇംഗ്ലണ്ടിന്റെ കുതിപ്പിനെ സാരമായി ബാധിക്കുകയും ചെയ്തു. എന്നാല്‍ ബെയര്‍സ്‌റ്റോയെ പുറത്താക്കിയ രീതി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലായ്മയുടെ തെളിവാണെന്നാണ് ഇംഗ്ലീഷ് ആരാധകരുടെ ആരോപണം.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിന്റെ 52-ാം ഓവറിലാണ് സംഭവം. കാമറൂൺ ഗ്രീനിന്റെ ബൗൺസർ ഒഴിവാക്കാന്‍ ഇംഗ്ലീഷ് താരം ഡക്ക് ചെയ്തു. പന്ത് നേരെ വിക്കറ്റിനു പിന്നില്‍ കീപ്പര്‍ ക്യാരിയുടെ ഗ്ലൗസിലുമെത്തി. തൊട്ടുപിന്നാലെ ബെയര്‍സ്‌റ്റോ ക്രീസ് വിട്ട് നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള നായകന്‍ ബെന്‍ സ്‌റ്റോക്‌സിനടുത്തേക്ക് സംസാരിക്കാനായി നടന്നു നീങ്ങി.

ഈ സന്ദർഭത്തിൽ ക്യാരി ഡയറക്ട് ത്രോയിലൂടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഓസീസ് താരങ്ങളുടെ ശക്തമായ അപ്പീല്‍ പരിഗണിച്ച് അല്‍പ സമയം ആലോചിച്ച ശേഷം അമ്പയര്‍ ഇറാസ് മരാസ്മസ് ഔട്ട് അനുവദിക്കുകയും ചെയ്തു. അപ്പോഴും സംഭവിച്ചത് എന്തെന്ന അമ്പരപ്പിലായിരുന്നു ബെയര്‍സ്‌റ്റോ. പന്ത് 'ഡെഡ്' ആയെന്ന നിഗമനത്തിലാണ് താരം ക്രീസ് വിട്ടത്. എന്നാല്‍ വിക്കറ്റിനു പിന്നില്‍ പന്ത് പിടിച്ച ക്യാരി ഉടന്‍ തന്നെ ബെയര്‍സ്‌റ്റോ ക്രീസ് വിട്ടത് ശ്രദ്ധിക്കുകയും വിക്കറ്റ് തെറിപ്പിക്കുകയുമായിരുന്നു. ക്രീസ് വിടുന്നതിന് മുമ്പ് കളിക്കാർ കീപ്പറെയോ അമ്പയറെയോ അറിയിക്കുന്നത് സാധാരണമാണ്. ഇത് ചെയ്യാതെ ബെയർസ്റ്റോ മണ്ടത്തരം കാണിച്ചതാണ് വിനയായത്. എന്നാല്‍ ഇംഗ്ലീഷ് കാണികള്‍ ഇതിന് ഓസീസ് ടീമിനെതിരേയാണ് തിരിഞ്ഞത്. അമ്പയര്‍ ഔട്ട് അനുവദിച്ചതിനു പിന്നാലെ കാണികള്‍ ഒന്നടങ്കം ഓസീസ് താരങ്ങളെ കൂവുകയായിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ടിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. ജയത്തിനായി നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കിണഞ്ഞു പൊരുതിയിട്ടും ഇംഗ്ലണ്ട് ലക്ഷ്യത്തിനകലെ വീണു. ഓസീസ് ഉയര്‍ത്തിയ 371 റണ്‍സ് എന്ന ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 327 റണ്‍സിനു പുറത്താകുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ