രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനെതിരേ തകര്‍പ്പന്‍ ജയം നേടി കേരളം. സഞ്ജു സാംസണിന്റെ നേതൃത്വത്തിലിറങ്ങിയ കേരളം തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 126 റണ്‍സ് എന്ന വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു.
ഓപ്പണര്‍മാരായ പി രാഹുലിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും മികച്ച ബാറ്റിങ്ങാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. രോഹന്‍ 27 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 40 റണ്‍സ് നേടി പുറത്തായപ്പോള്‍ 58 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 66 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു.
രോഹനെ പുറമേ സച്ചിന്‍ ബേബി(1), അക്ഷയ് ചന്ദ്രന്‍(10) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കളിയവസാനിക്കുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ ജലജ് സക്‌സേനയായിരുന്നു രാഹുലിനു കൂട്ടായി ക്രീസില്‍. രണ്ടിന്നിങ്‌സുകളിലുമായി 11 വിക്കറ്റ് വീഴ്ത്തിയ സക്‌സേന തന്നെയാണ് കേരളത്തിന്റെ വിജയശില്‍പിയും കളിയിലെ കേമനും. സ്‌കോര്‍ ഛത്തീസ്ഗഡ് 149, 287. കേരളം 311, മൂന്നിന് 126.
ജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി ഛത്തീസ്ഗഡിനെ മറികടന്ന് എലൈറ്റ് സി ഗ്രൂപ്പില്‍ ഒന്നാമതെത്താനും കേരളത്തിനായി. ജനവുരി മൂന്നിന് ഇതേ ഗ്രൗണ്ടില്‍ ഗോവയ്‌ക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.