ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം തിരിച്ചടിച്ച് ഓസ്‌ട്രേലിയ. ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാമിന്നിങ്‌സ് സ്‌കോറായ 393 പിന്തുടരുന്ന ഓസീസ് രണ്ടാം ദിനമായ ഇന്ന് കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന ശക്തമായ നിലയിലാണ്. മൂന്നു ദിനവും അഞ്ചു വിക്കറ്റും കൈയിലിരിക്കെ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്കിനി 82 റണ്‍സ് കൂടി മതി. സെഞ്ചുറി നേടിയ ഓപ്പണര്‍ ഉസ്മാന്‍ ക്വാജയുടെയും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മധ്യനിര താരം ട്രാവിസ് ഹെഡ്, അലക്‌സ് ക്യാരി എന്നിവരുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഓസീസിന് തുണയായത്.
ക്വാജ 279 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 126 റണ്‍സുമായും ക്യാരി 80 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 52 റണ്‍സുമായും പുറത്താകാതെ നില്‍ക്കുകയാണ്. ഹെഡ് 63 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സ് നേടിയപ്പോള്‍ 68 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 38 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനും മികച്ച പ്രകടനം കാഴ്ചവച്ചു.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(9), മധ്യനിര താരം മാര്‍നസ് ലബുഷെയ്ന്‍(0), മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്(16) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റിയുവര്‍ട്ട് ബ്രോഡ്, മൊയീന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സിനാണ് ശേഷിച്ച ഒരു വിക്കറ്റ്.
വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്കു തുടക്കത്തിലേ തിരിച്ചടിയേല്‍ക്കുകയായിരുന്നു. തലേന്നത്തെ സ്‌കോറിനോട് 15 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവര്‍ക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് മൂന്നാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സ്മിത്തും ലബുഷെയ്‌നും രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും സ്‌റ്റോക്‌സ് വിലങ്ങുതടിയായി.
പിന്നീട് ഒത്തുചേര്‍ന്ന ക്വാജയും ഹെഡും ചേര്‍ന്നാണ് ഓസീസിനെ ആദ്യം കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹെഡ് ആയിരുന്നു കൂടുതല്‍ അപകടകാരി. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ ഹെഡ്ഡിനെ മടക്കി അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി.
പക്ഷേ പിന്നീടിറങ്ങിയ ഗ്രീന്‍ ക്വാജയ്ക്കു മികച്ച പിന്തുണ നല്‍കിയതോടെ ഓസീസ് മികച്ച സ്‌കോറിലേക്ക് നീങ്ങി. അഞ്ചാം വിക്കറ്റില്‍ ഈ സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 200 കടത്തി. എന്നാല്‍ വീണ്ടും അലി വില്ലനായി. ഗ്രീനിനെ ക്ലീന്‍ ബൗള്‍ ചെയ്ത അലി ഇംഗ്ലണ്ടിനു പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ക്വാജയും ക്യാരിയും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ രണ്ടാം ദിനം അവസാനിപ്പിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് നേടി ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുന്‍ നായകന്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് അവര്‍ക്ക് കരുത്തായത്. റൂട്ട് 152 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 118 റണ്‍സ് നേടി പുറത്താകാതെ നിന്നു. റൂട്ടിനു പുറമേ അര്‍ധസെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയും ഓപ്പണര്‍ സാക് ക്രോളിയും മികച്ച പ്രകടനം കാഴ്ചവച്ചു.
ബെയര്‍സ്‌റ്റോ 78 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളോടെ 78 റണ്‍സ് നേടിയപ്പോള്‍ ക്രോളി 73 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 61 റണ്‍സ് നേടി. മധ്യനിര താരങ്ങളായ ഒലി പോപ്പ്(31), ഹാരി ബ്രൂക്ക്(32) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ഓസീസിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. ജോഷ് ഹേസില്‍വുഡ് രണ്ടും സ്‌കോട്ട് ബോളണ്ട്, കാമറൂന്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.