CRICKET

അഴിഞ്ഞുപോയ ടവൽ, അടിച്ചെടുത്ത വിജയം

വിസ്തരിച്ചു കുളിക്കാൻ ബാത്ത് ടവൽ ചുറ്റി തയ്യാറെടുക്കുമ്പോൾ അപ്രതീക്ഷിതമായി പുറത്തു നിന്നൊരു അലർച്ച: "കിരീ, പാഡ് അപ്പ്.." ആരോ പറ്റിക്കാൻ വേണ്ടി ചെയ്ത വേല എന്നേ കരുതിയുള്ളൂ കിർമാനി.

രവി മേനോന്‍

അറിയാതെ അരയിൽ നിന്നും അഴിഞ്ഞുപോയ ഒരു ബാത്ത് ടവ്വലിന്റെ ഓർമ്മ കൂടിയാണ് സയ്യദ് മുജ്‌തബ ഹുസൈൻ കിർമാനിക്ക് 1983 ലെ ലോകകപ്പ്. കളിയും കാര്യവും ഇടകലർത്തി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഒരു കൂടിക്കാഴ്ച്ചയിൽ പങ്കുവെച്ച കഥ.

ജൂൺ 18. റോയൽ ടൺബ്രിജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ സിംബാബ്‌വെക്കെതിരായ നോക്ക്ഔട്ട് മത്സരം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ മനസ്സുകൊണ്ട് ആശ്വസിച്ചതാണ് കിർമാനി: കുറച്ചു നേരം സമാധാനമായി വിശ്രമിക്കാമല്ലോ. "അന്നൊന്നും ആരുമെന്നെ ഓൾറൗണ്ടർ ആയി പരിഗണിച്ചിരുന്നില്ല. സ്വാഭാവികമായും ബാറ്റിംഗ് നിരയുടെ അങ്ങേയറ്റത്താണ് എന്റെ സ്ഥാനം. ഏഴ് ഓൾറൗണ്ടർമാരുടെ ഊഴം കഴിഞ്ഞേ എനിക്ക് ബാറ്റ് ചെയ്യേണ്ടി വരാറുള്ളൂ. ഇത്തവണ ക്രീസിൽ ഇറങ്ങേണ്ടി വരികപോലുമില്ല എന്നായിരുന്നു വിശ്വാസം. സാവകാശമെടുത്ത് കുളിക്കാം, പ്രാതൽ കഴിക്കാം, പാട്ട് കേൾക്കാം, മയങ്ങാം. പരമസുഖം."

എന്നാൽ വിധിനിയോഗം മറിച്ചായിരുന്നു. വിസ്തരിച്ചു കുളിക്കാൻ ബാത്ത് ടവൽ ചുറ്റി തയ്യാറെടുക്കുമ്പോൾ അപ്രതീക്ഷിതമായി പുറത്തു നിന്നൊരു അലർച്ച: "കിരീ, പാഡ് അപ്പ്.." ആരോ പറ്റിക്കാൻ വേണ്ടി ചെയ്ത വേല എന്നേ കരുതിയുള്ളൂ കിർമാനി. കുളിക്കാൻ തയ്യാറെടുക്കുമ്പോൾ വീണ്ടും കേൾക്കുന്നു അതേ മുറവിളി. ഇത്തവണ എന്തോ ഒരപശകുനം മണത്തു കിർമാനി. ഓടിച്ചെന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സ്കോർ ബോർഡിൽ ഞെട്ടിക്കുന്ന കാഴ്ച്ച: ഇന്ത്യ അഞ്ചു വിക്കറ്റിന് 17.

ആകെ തരിച്ചുപോയി താനെന്ന് കിർമാനി. ആഘാതത്തിൽ അരയിലെ ടവൽ അഴിഞ്ഞു വീണതുപോലും അറിഞ്ഞില്ല. "കുളി അതോടെ അതിന്റെ പാട്ടിന് പോയി. പ്രാതൽ കഴിച്ചെന്നു വരുത്തി പാഡണിഞ്ഞ് എന്റെ ഊഴത്തിനായി കാത്തിരിപ്പ് തുടങ്ങി ഞാൻ." അധികം വൈകാതെ വിളി വന്നു. ഇന്ത്യ എട്ടു വിക്കറ്റിന് 140. ഒരറ്റത്ത് അപ്പോഴും ബാറ്റുമായി കപിലുണ്ട്. ആകെ അസ്വസ്ഥനാണ് അദ്ദേഹം. അനിവാര്യമായ തകർച്ചയുടെ വക്കിലാണല്ലോ ടീം. 60 ഓവർ ഗെയിമിന്റെ കാലം. ഇനിയുമുണ്ട് 35 ഓവർ കളിക്കാൻ.

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സയിദ് കിര്‍മാനിക്കൊപ്പം ലേഖകന്‍ രവി മേനോന്‍.

"ജീവന്മരണപ്രശ്നമാണ്." -- ചെന്നയുടൻ കിർമാനി ക്യാപ്റ്റനോട് പറഞ്ഞു. "വെറുതെ മരിച്ചുകൊടുക്കാൻ പറ്റില്ല നമുക്ക്. പൊരുതിനോക്കാം. ഹം മാർകേ മരേംഗേ.. (അടിച്ചു പൊളിച്ച ശേഷം മരിക്കാം നമുക്ക്)" കപിലിന് ആത്മവിശ്വാസം പകരുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കിർമാനി. "ഒന്നാന്തരം ഹിറ്ററല്ലേ? ചുമ്മാ കയറിയടിച്ചുകൊള്ളുക. ഞാൻ സിംഗിളുകൾ എടുത്ത് താങ്കൾക്ക് സ്ട്രൈക്ക് തന്നു കൊണ്ടിരിക്കാം. മറ്റൊന്നും ചിന്തിക്കേണ്ട.. അടിച്ചു തകർക്കുക. ഇനി അതേയുള്ളൂ വഴി."

ആ ഉപദേശം ശിരസാ വഹിച്ചു കപിൽ ദേവ്. 138 പന്തിൽ നിന്ന് ആറു സിക്‌സറും 16 ബൗണ്ടറിയുമടക്കം 175 റൺസുമായി പുറത്താകാതെ നിന്ന കപിലിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യൻ ഇന്നിങ്സിന് തിരശ്ശീല വീണത് 8 ന് 266 എന്ന നിലയിൽ. ബുദ്ധിപൂർവം കരുതിക്കളിച്ച കിർമാനി 24 നോട്ടൗട്ട്. മദൻലാലില്ന്റെയും റോജർ ബിന്നിയുടെയും ബൗളിങ് മികവിൽ സിംബാബ്‌വെയുടെ ഇന്നിംഗ്‌സ് ഇന്ത്യ 235 റൺസിന് ചുരുട്ടിക്കെട്ടിയതും മത്സരം 31 റൺസിന് ജയിച്ചതും ഇന്ന് ചരിത്രം. ഫൈനലിൽ കരുത്തരായ വെസ്റ്റിൻഡീസിനെ കീഴടക്കി കപ്പ് നേടിയ ശേഷമേ ആ ജൈത്രയാത്ര അവസാനിച്ചുള്ളൂ.

ഫൈനലിന് മുൻപ് കപിൽ പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് കിർമാനിയുടെ ഓർമ്മയിൽ: "ഒന്നും നഷ്ടപ്പെടാനില്ല നമുക്ക്. പൊരുതിക്കളിക്കുക, ജയിക്കുക." എന്തോ മാന്ത്രികശക്തിയുണ്ടായിരുന്നില്ലേ ആ വാക്കുകൾക്ക്? നാൽപ്പതു വർഷങ്ങൾക്കിപ്പുറവും കിർമാനിയുടെ ഓർമ്മകളിൽ ആവേശം പടർത്തുന്നു അവ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ