ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി അടുത്തു. ഇന്ന് ലഖ്‌നൗവിലെ ഏക്‌ന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ആതിഥേയരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 98 റണ്‍സിനാണ് തോല്‍പിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറല്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന്റെ പോരാട്ടം 16.1 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.
39 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 81 റണ്‍സ് നേടി ടീമിന്റെ ടോപ്‌സ്‌കോററാകുകയും പിന്നീട് ബൗളിങ്ങില്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടുകയും ചെയ്ത ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌ന്റെ മിന്നും പ്രകടനമാണ് ഇന്നും കൊല്‍ക്കത്തയ്ക്ക് തുണയായത്.
നരെയ്‌ന്റെ അര്‍ധസെഞ്ചുറിക്കു പുറമേ 14 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 32 റണ്‍സ് നേടിയ ഓപ്പണര്‍ ഫില്‍ സോള്‍ട്ട്, 26 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 32 റണ്‍സ് നേടിയ മധ്യനിര താരം അംഗ്രിഷ് രഘുവംശി എന്നിവരും കൊല്‍ക്കത്തയ്ക്കായി ബാറ്റിങ്ങില്‍ തിളങ്ങി.
മധ്യനിര താരം രമണ്‍ദീപ് സിങ്(ആറു പന്തില്‍ 25 നോട്ടൗട്ട്), നായകന്‍ ശ്രേയസ് അയ്യര്‍(15 പന്തില്‍ 23) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ലഖ്‌നൗവിന് വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ നവീന്‍ ഉള്‍ ഹഖാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഓരോ വിക്കറ്റുകളുമായി യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ്, യുദ്ധ്‌വീര്‍ സിങ് എന്നിവര്‍ മികച്ച പിന്തുണ നല്‍കി.
തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ലഖ്‌നൗവിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് കനത്ത തിരിച്ചടിയായി. 21 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 36 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനും 21 പന്തുകളില്‍ മൂന്നു ബൗണ്ടറികളോടെ 25 റണ്‍സ് നേടിയ നായകന്‍ കെഎല്‍ രാഹുലിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
അര്‍ഷിന്‍ കുല്‍ക്കര്‍ണി(9), ദീപക് ഹൂഡ(5), നിക്കോളാസ് പൂരന്‍(10), ആയുഷ് ബദോനി(15), ആഷ്ടണ്‍ ടര്‍ണര്‍(16), ക്രുണാല്‍ പാണ്ഡ്യ(5) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയുമാണ് ലഖ്‌നൗവിനെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി ആന്ദ്രെ റസലും തിളങ്ങിയപ്പോള്‍ നരെയ്‌നൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കും ഒരു വിക്കറ്റ് സ്വന്തമാക്കി.