മഴയില്‍ 'നനഞ്ഞ' പാകിസ്താന്‍ ബൗളിങ്ങിനെ തല്ലിത്തകര്‍ത്ത് റണ്‍മല ഉയര്‍ത്തി ഇന്ത്യ. മഴ കാരണം രണ്ടാം ദിനത്തിലേക്കു നീണ്ട മത്സരത്തില്‍ ഇന്ന് 50 ഓവറും പൂര്‍ത്തിയാക്കിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും മധ്യനിര താരം കെഎല്‍ രാഹുലിന്റെയും മിന്നുന്ന ബാറ്റിങ്ങാണ് ഇന്ന് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. മഴകാരണം ഇന്നും വൈകി ആരംഭിച്ച മത്സരത്തില്‍ പാക് ബൗളിങ്ങിന്റെ മുനയൊടിച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.
94 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 122 റണ്‍സ് നേടി പുറത്താകാതെ നിന്ന കോഹ്ലി ടോപ് സ്‌കോററായപ്പോള്‍ 106 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 111 റണ്‍സുമായി രാഹുല്‍ ഒപ്പം നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 233 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ 13000 റണ്‍സ് എന്ന നാഴികക്കല്ലും കോഹ്ലി മറികടന്നു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് കോഹ്ലി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, സനത് ജയസൂര്യ എനന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്. തന്റെ ഏകദിന കരിയറിലെ 47-ാം സെഞ്ചുറിയാണ് കോഹ്ലി ഇന്ന് കുറിച്ചത്. 49 സെഞ്ചുറി നേടിയ സച്ചിന്‍ മാത്രമാണ് ഇക്കാര്യത്തില്‍ കോഹ്ലിക്കു മുന്നിലുള്ളത്.
ആദ്യദിനം തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും നല്‍കിയ മിന്നുന്ന തുടക്കമാണ് ഇന്ത്യയുടെ വമ്പന്‍ സ്‌കോറിന് അടിത്തറയായത്. പിന്നീട് ആക്രമണച്ചുമതലയേറ്റെടുത്ത രാഹുലും കോഹ്ലിയും ഇന്ന് തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയതോടെ പാക് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല.
രോഹിത് 49 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്സറുകളും സഹിതം 56 റണ്‍സ് നേടിയപ്പോള്‍ 52 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോടെ 58 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. രോഹിതിനെ സ്പിന്നര്‍ ഷദാബ് ഖാനും ഗില്ലിനെ പേസര്‍ ഷഹീന്‍ അഫ്രീദിയുമാണ് വീഴ്ത്തിയത്.
ഇന്നലെ മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദിയെ സിക്സറിനു തൂക്കി രോഹിത് ശര്‍മ നയം വ്യക്തമാക്കി. പിന്നീട് ആക്രമണച്ചുമതലയേറ്റെടുത്ത ഗില്ലായിരുന്നു ഇന്ത്യയുടെ സ്‌കോറിങ്ങിന് തുടക്കത്തില്‍ ചുക്കാന്‍ പിടിച്ചത്. രോഹിത് ആങ്കര്‍ റോളിലേക്കു മാറി.
ഒരു ഘട്ടത്തില്‍ 26 പന്തുകളില്‍ നിന്ന് വെറും 10 റണ്‍സ് മാത്രം നേടി നിന്ന രോഹിത് പിന്നീട് ഗില്‍ അര്‍ധസെഞ്ചുറി നേടിയതിനു ശേഷം ഗിയര്‍ മാറ്റി. പാക് സ്പിന്നര്‍ ഷദാബ് ഖാനെ തുടരെ സിക്സറുകള്‍ പായിച്ച് ഇന്ത്യന്‍ നായകനും ഫോമിലേക്ക് ഉയര്‍ന്നതോടെ ഒന്നാം വിക്കറ്റില്‍ തന്നെ സെഞ്ചുറിക്കൂട്ടുകെട്ട് ഉയര്‍ത്താനും ഇന്ത്യക്കായി.
എന്നാല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും രാഹുലും ചേര്‍ന്ന് മറ്റൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെയാണ് മഴ രസംകൊല്ലിയായി എത്തിയത്. ഏറെ നേരം കാത്തിട്ടും മഴ ശമിക്കാഞ്ഞതിനേത്തുടര്‍ന്നാണ് മത്സരം ഇന്നത്തേക്ക് നീട്ടിയത്.