2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന കായികതാരം ഇന്ത്യന്‍ ക്രിക്കറ്റ് സെന്‍സേഷന്‍ വിരാട് കോഹ്ലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് അധിക നാളുകളായിട്ടില്ല. എന്നാല്‍ കോഹ്ലി അടയ്ക്കുന്ന നികുതിത്തുക എത്രയാണെന്ന് വല്ല പിടിയുമുണ്ടോ? അതാണ് ഇപ്പോള്‍ 'ഫോര്‍ച്യൂണ്‍ ഇന്ത്യ' എന്ന ബിസിനസ് മാസിക പുറത്തുവിട്ടിരിക്കുന്നത്.
ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 66 കോടി രൂപയാണ് കോഹ്ലി നികുതിയായി സര്‍ക്കാരിലേക്ക് അടയ്ക്കുന്നത്. ക്രിക്കറ്റില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമെല്ലാമുള്ള വരുമാനപ്രകാരമാണ് ഈ കണക്ക്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന 'സ്‌പോര്‍ട്‌സ് സെലിബ്രിറ്റി' ആയി കോഹ്ലി മാറിയിരിക്കുകയാണ്.
പക്ഷേ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളുടെ കാര്യമെടുത്താല്‍ കോഹ്ലി വെറും അഞ്ചാമന്‍ മാത്രമാണ്. ബോളിവുഡിന്റെ 'ബാദ്ഷാ' ഷാരൂഖ് ഖാനാണ് ഇക്കാര്യത്തില്‍ രാജാവ്. 92 കോടി രൂപയാണ് പ്രതിവര്‍ഷം നികുതിയായി ഷാരൂഖ് അടയ്ക്കുന്നത്. ഷാരൂഖിന് പിന്നില്‍ തമിഴ് സൂപ്പര്‍ താരം വിജയ്, ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരുമുണ്ട്. യഥാക്രമം 80 കോടി, 75 കോടി, 71 കോടി എന്നിങ്ങനെയാണ് അവരുടെ നികുതിയടവ്.
സ്‌പോര്‍ട്‌സ് താരങ്ങളില്‍ കോഹ്ലിയുടെ ഏഴയലത്ത് എത്താന്‍ മറ്റാരുമില്ലെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 38 കോടി രൂപയാണ് ധോണി പ്രതിവര്‍ഷം നികുതിയായി സര്‍ക്കാരിന് നല്‍കുന്നത്. മൂന്നാം സ്ഥാനത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണുള്ളത്. 28 കോടിരൂപയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററുടെ പ്രതിവര്‍ഷ നികുതി. നിലവിലെ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, മുന്‍ താരം സൗരവ് ഗാംഗുലി എന്നിവരാണ് കായികമേഖലയില്‍ നിന്ന് കോഹ്ലിക്കും ധോണിക്കും സച്ചിനും പിന്നിലുള്ളത്.