CRICKET

റിച്ചാര്‍ഡ്‌സിനെ 'സെറ്റപ്പ്' ചെയ്ത മദന്‍ലാല്‍

1975-ലെ പ്രഥമ ലോകകപ്പില്‍ ആദ്യ പന്തെറിഞ്ഞത് മദന്‍ലാലായിരുന്നു. ജൂണ്‍ 7-ന് ഓസ്‌ട്രേലിയയ്‌ക്കെതിരേ ബൗളിങ് ഓപ്പണ്‍ ചെയ്തതിലൂടെ ലോകകപ്പില്‍ പന്തെറിഞ്ഞ ആദ്യ ബൗളര്‍ എന്ന ബഹുമതിയും മദന്‍ലാലിനെ തേടിയെത്തി.

രേഷ്മ അശോകൻ

1983 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം ഏതായിരിക്കും? ചോദ്യം ഒരു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയോടാണെങ്കില്‍ തീര്‍ച്ചയായും അതിന്റെ ഉത്തരം ജൂണ്‍ 25-ന് നടന്ന ഫൈനലില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് ക്യാച്ച് എടുത്തു പുറത്താക്കിയ നിമിഷം എന്നാകും.

25 വാര പിറകോട്ട് ഓടി കപില്‍ എടുത്ത ക്യാച്ച് ഇന്ത്യന്‍ ക്രിക്കറ്റിനെ പില്‍ക്കാലത്ത് ഏറെ മുന്നോട്ട് ഓടിക്കാനുള്ള ഇന്ധനമായിരുന്നു. കപിലിന് ആ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കിലോ? നീണ്ട 40 വര്‍ഷങ്ങള്‍ക്കു ശേഷവും തെല്ലൊരു നടുക്കത്തോടെ ഇങ്ങനെ ആത്മഗതം ചെയ്യുന്നവരെ ഇന്നും കാണാം. അത്രകണ്ട് അവിശ്വനീയമായ ക്യാച്ചായിരുന്നു അത്.

എന്നാല്‍ അത്തരമൊരു ഷോട്ട് കളിക്കാന്‍ റിച്ചാര്‍ഡ്‌സിനെ പ്രേരിപ്പിച്ചു 'ചതിക്കുഴിയില്‍ വീഴ്ത്തിയ' ആ ബൗളറിനെക്കുറിച്ച് ഒരുപാട് വാഴ്ത്തിപ്പാടലുകളൊന്നും അധികം കേട്ടിട്ടില്ല. പക്ഷേ ആ ഫൈനലിന്റെ സ്‌കോര്‍ക്കാര്‍ഡ് പരിശോധിച്ചാല്‍ അന്നത്തെ വിജയത്തിനു ചുക്കാന്‍ പിടിച്ചവരില്‍ മുന്‍പന്തിയില്‍ത്തന്നയുണ്ടാകും ആ പേര് - മദന്‍ ലാല്‍ ഉദ്ധൗവ്‌റാം ശര്‍മ!

ആ ക്യാച്ച് പിറന്ന ഓവര്‍ കപിലിനോട് മദന്‍ലാല്‍ ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് അന്ന് ഇന്ത്യന്‍ ജയം ആഘോഷിച്ച പലര്‍ക്കും അറിവുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് കപില്‍ ആ രഹസ്യം തുറന്നു പറഞ്ഞപ്പോഴാണ് മദന്‍ലാല്‍ എങ്ങനെയാണ് റിച്ചാര്‍ഡ്‌സിനെ കുരുക്കിയതെന്ന് ആരാധകര്‍ അറിയുന്നത്.

ആ ഓവറിനു തൊട്ടുമുമ്പുള്ള ഓവറുകളില്‍ മദന്‍ലാലിനെ റിച്ചാര്‍ഡ്‌സ് കണക്കിന് ശിക്ഷിച്ചിരുന്നു. 183 പോലൊരു ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ ഇങ്ങനെ റണ്‍സ് വഴങ്ങുന്ന തന്റെ സീനിയര്‍ ബൗളറെ മാറ്റുകയല്ലാതെ കപിലിനു മുന്നില്‍ മറ്റുവഴിയില്ലായിരുന്നു. അതിനാല്‍ത്തന്നെ ഏതാനും ഓവറുകള്‍ വിശ്രമിച്ചിട്ട് ഇനി പന്തെറിഞ്ഞാല്‍ മതിയെന്നാണ് മദന്‍ലാലിനോട് കപില്‍ പറഞ്ഞത്.

പക്ഷേ ഹുക്ക് ഷോട്ട് കളിക്കാന്‍ ഇഷ്ടപ്പെടുന്ന റിച്ചാര്‍ഡ്‌സിനെതിരേ ഫീല്‍ഡ് സെറ്റ് ചെയ്തു നിരന്തരം അതിനു പ്രേരിപ്പിക്കുന്ന തരത്തില്‍ പന്തെറിഞ്ഞുകൊണ്ടിരുന്ന മദന്‍ലാലിന് അത് അംഗീകരിക്കാനാകില്ലായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം മാറ്റാന്‍ കിണഞ്ഞപേക്ഷിച്ച മദന്‍ലാല്‍ ''ഒരൊറ്റ ഓവര്‍ കൂടി തന്നെ വിശ്വാസത്തിലെടുക്കൂ''യെന്നാണ് പറഞ്ഞതെന്ന് കപില്‍ പിന്നീട് വെളിപ്പെടുത്തി.

നിരന്തര അപേക്ഷ മാനിച്ച് ഒരോവര്‍ കൂടി മദന്‍ലാലിനു നല്‍കിയതാണ് ആ ഫൈനലിന്റെ ഫലം മാറ്റിമറിച്ചത്. തന്റെ കെണിയില്‍ റിച്ചാര്‍ഡ്‌സ് വീഴുമെന്നുറപ്പായിരുന്ന മദല്‍ലാല്‍ വീണ്ടും അതേ രീതിയില്‍ പന്തെറിഞ്ഞു. പുള്‍ ചെയ്യാന്‍ ശ്രമിച്ച വിന്‍ഡീസ് ഇതിഹാസത്തിനും പിഴച്ചതും പിന്നീട് നടന്നതുമെല്ലാം ചരിത്രം. ആ മത്സരത്തില്‍ റിച്ചാര്‍ഡ്‌സിന്റെതിനു പുറമേ ഡെസ്മണ്ട് ഹെയ്ന്‍സ്, ലാറി ഗോമസ് എന്നിവരുടെ വിക്കറ്റ് കൂടി വീഴ്ത്തിയ മദന്‍ലാല്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

1951 മാർച്ച് 20 നു അമൃത്സറിലെ പഞ്ചാബിൽ ജനിച്ച മദല്‍ലാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ദേശീയ ടീമിലേക്ക് എത്തുന്നത്. 1974 ജൂണ്‍ ആറിന് ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. തൊട്ടടുത്ത മാസം ഇംഗ്ലണ്ടിനെതിരേ തന്നെ ലീഡ്‌സില്‍ ഏകദിനത്തിലും അരങ്ങേറി. 1975-ലെ പ്രഥമ ലോകകപ്പില്‍ ആദ്യ പന്തെറിഞ്ഞത് മദന്‍ ലാലായിരുന്നു. ജൂണ്‍ ഏഴിന് ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഇന്ത്യക്കായി ബൗളിങ് ഓപ്പണ്‍ ചെയ്തതിലൂടെ ഐസിസി ലോകകപ്പില്‍ പന്തെറിഞ്ഞ ആദ്യ ബൗളര്‍ എന്ന ബഹുമതിയും മദന്‍ലാലിനെ തേടിയെത്തി.

മധ്യനിരയില്‍ അത്യാവശ്യം മികച്ച രീതിയില്‍ ബാറ്റുചെയ്യാനും മീഡിയം പേസറായി നിര്‍ണായക ബ്രേക്ക്ത്രു നല്‍കാനുമുള്ള കഴിവ് മദന്‍ലാലിന് ഏറെവൈകാതെ തന്നെ ടീമിലെ സ്ഥിരസാന്നിദ്ധ്യമാക്കി. 1977 - 78 സീസണിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റിലെ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ രണ്ട് ടെസ്റ്റുകളിൽ നിന്നായി 9 വിക്കറ്റുകളാണ് മദന്‍ലാൽ വീഴ്ത്തിയത്. 1979-ലെ ലോകകപ്പിലും അദ്ദേഹം ടീം ഇന്ത്യയുടെ ഭാഗമായിരുന്നു. എന്നാല്‍ കേവലം ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്.

ഇതിനു പിന്നാലെ മോശം ഫോമും പരുക്കും കാരണം ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ട മദന്‍ലാല്‍ പിന്നീട് 1981-82ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്. ആ പരമ്പരയില്‍ രണ്ട് തവണയായി 5 വിക്കറ്റ് വീഴ്ത്തിയതോടെ അദ്ദേഹം വീണ്ടും ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായി. തുടര്‍ന്നായിരുന്നു 83 ലോകകപ്പിലെ മിന്നും പ്രകടനം. ലോകകപ്പ് ജയം മദന്‍ലാലിന്റെ കരിയര്‍ മാറ്റിമറിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ വീണ്ടും മോശം ഫോമിലേക്കു വീണതോടെ താരം ദേശീയ ടെസ്റ്റ് ടീമിനു പുറത്തായി. എന്നാല്‍ നാലു വര്‍ഷം കൂടി ഏകദിന ടീമില്‍ സാന്നിദ്ധ്യം കാത്തു. 1987 മാർച്ചിൽ പാകിസ്ഥാനെതിരെയാണ് അദ്ദേഹം അവസാനമായി ഏകദിനം കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 232 മത്സരങ്ങള്‍ കളിച്ച് 10204 റണ്‍സും 625 വിക്കറ്റുകളും നേടിയിട്ടുള്ള താരം ഇന്ത്യന്‍ ജഴ്‌സിയില്‍ 39 ടെസ്റ്റുകളും 67 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1042 റണ്‍സും 71 വിക്കറ്റുകളും ഏകദിനത്തില്‍ 401 റണ്‍സും 73 വിക്കറ്റുകളുമാണ് സമ്പാദ്യം.

വിരമിക്കലിനു ശേഷം കോച്ചിങ്ങിലേക്ക് തിരിഞ്ഞ മദന്‍ലാല്‍ 1996 ലോകകപ്പില്‍ യുഎഇ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു. പിന്നീട് 1996-97 സീസണില്‍ ഇന്ത്യന്‍ ടീമിന്റെ പരിീലകനായി അദ്ദേഹം 2000-2001 ദേശീയ ടീം സെക്ഷന്‍ കമ്മിറ്റി അംഗവുമായി. എന്നാല്‍ 2000-ന്റെ മധ്യത്തില്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ വന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ ഭാഗമായതോടെ മദന്‍ലാല്‍ പിന്നീട് മുഖ്യധാരയിലേക്ക് എത്തിയില്ല. ഇതിനിടെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല. ന്യൂജനറേഷന്‍ ക്രിക്കറ്റ് ആരാധകരുടെ സ്മൃതിയിലെങ്ങും പേരില്ലെങ്കിലും മദന്‍ലാല്‍ എന്നും ഇന്ത്യന്‍ ക്രക്കറ്റിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ തന്നെ എഴുതപ്പെട്ടിരിക്കുന്ന പേരു തന്നെയാണ്. 83-ലെ ആ ഒഒരൊറ്റ പന്ത് തന്നെ അതിനു സാക്ഷ്യം പറയും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ