പ്രീമിയര്‍ ലീഗില്‍ ഇനിയുള്ള ഒരു മാസം പെണ്‍ പോരാട്ടത്തിന്റെ ദിനങ്ങളാണ്. മാര്‍ച്ച് നാലിന് ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്രഥമ സീസണ് കൊടിയേറും. മുംബൈ ഇന്ത്യന്‍സ് , ഗുജറാത്ത് ജയന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്‌സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് കളത്തിലിറങ്ങുന്നത്. മഹാരാഷ്ട്രയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലും ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക.
നാലിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഏറ്റുമുട്ടല്‍. പുരുഷ ഐ.പി.എല്ലിനെ അപേക്ഷിച്ചു പ്ലേ ഓഫിലേക്ക് മൂന്നു ടീമുകള്‍ക്കു മാത്രമാണ് അവസരം ലഭിക്കുകയെന്നതാണ് വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രത്യേകത.
പുരുഷ ഐ.പി.എല്ലില്‍ പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് അവസരം ലഭിക്കും. ആദ്യ രണ്ടു സ്ഥാനക്കാര്‍ ആദ്യ പ്ലേ ഓഫ് കളിച്ചു ജയിക്കുന്നവര്‍ ഫൈനലില്‍ കടക്കും. മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്റര്‍ കളിച്ചു ജയിക്കുന്നവര്‍ രണ്ടാം പ്ലേ ഓഫിലേക്കു മുന്നേറും. അവിടെ ആദ്യ പ്ലേ ഓഫില്‍ തോറ്റവരും എലിമിനേറ്റര്‍ ജയിച്ചവരും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ കലാശപ്പോരിന് അര്‍ഹത നേടും.
പുരുഷ ഐപിഎല്ലില്‍ നിന്നും വ്യത്യസ്തമായി ഈ വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ട് ലീഗ് മത്സരങ്ങളും ഒരു എലിമിനേറ്ററും ഫൈനലുമാണ് ഉള്ളത്
പുരുഷ ഐപിഎല്ലില്‍ നിന്നും വ്യത്യസ്തമായി വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ട് ലീഗ് മത്സരങ്ങളും ഒരു എലിമിനേറ്ററും ഫൈനലുമാണ് ഉള്ളത്. ടേബിള്‍ ടോപ്പറാകുന്ന ടീം നേരിട്ട് ഫൈനല്‍ കളിക്കുമ്പോള്‍ രണ്ടാം ഫൈനലിസ്റ്റിനെ കണ്ടെത്താന്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേറ്റര്‍ കളിക്കും. ജയിക്കുന്നവര്‍ ഫൈനലില്‍ കടക്കും.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണമാണ് ഈ പ്രത്യേക ഫോര്‍മാറ്റിനു കാരണം. ആകെ അഞ്ച് ടീമുകള്‍ മാത്രമായതിനാല്‍ പ്ലേ ഓഫിലേക്ക് മൂന്ന് ടീമുകള്‍ മാത്രമേ എത്തുകയുള്ളു. ബാക്കിയുള്ളവര്‍ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം യാത്ര അവസാനിപ്പിക്കും. കന്നി പതിപ്പില്‍ ആകെ 22 മത്സരങ്ങലാണ് ഉള്ളത്.
ഇന്ത്യന്‍ ദേശീയ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആണ് പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ കരുത്തുറ്റ താരവും ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ താരവുമായ സ്മൃതി മന്ദാനയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അമരത്ത്. ഈ രണ്ട് ടീമുകളൊഴികെ ബാക്കിയുള്ളവയില്‍ ക്യാപറ്റന്‍ സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ ആധിപത്യമാണ്. ഓസ്‌ട്രേലിയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ബെത്ത് മൂണി ആണ് ഗുജറാത്ത് ജെയ്ന്റ്‌സിനെ നയിക്കുന്നത്. ഓസീസ് ബാറ്ററും വിക്കറ്റ് കീപ്പറുമായ അലീസ ഹീലിയാണ് യു പി വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍. ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങ് ആണ് ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക. മാര്‍ച്ച് 26 ന് ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ അങ്കം.