ഐപിഎല്ലിന്റെ 17-ാം സീസണ്‍ അർധ സെഞ്ചുറിയോടെ അവസാനിപ്പിക്കാന്‍ സാധിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിലെ രോഹിത് ശർമയുടെ ഭാവി എന്താകുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. 38 പന്തില്‍ 68 റണ്‍സുമായി രോഹിത് മടങ്ങിയപ്പോള്‍ എഴുനേറ്റ് നിന്ന് കയ്യടിച്ചായിരുന്നു വാങ്ക്ഡെയിലെ കാണികള്‍ രോഹിതിനെ അഭിനന്ദിച്ചത്. സീസണിന്റെ അവസാന ഘട്ടത്തോട് അടുത്തപ്പോള്‍ രോഹിത് മുംബൈ വിടുന്നുവെന്ന സൂചനകള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സീസണിന്റെ തുടക്കത്തില്‍ രോഹിതിനെ നീക്കി ഹാർദിക്ക് പാണ്ഡ്യയ്ക്ക് നായകസ്ഥാനം നല്‍കിയത് വലിയ വിമർശനങ്ങള്‍ക്ക് കാരണമായിരുന്നു. ഐപിഎല്ലില്‍ രോഹിതിന്റെ കീഴില്‍ അഞ്ച് തവണ കിരീടം നേടിയ ചരിത്രം സൃഷ്ടിച്ച മുംബൈ ഹാര്‍ദ്ദിക്കിന്റെ ആദ്യ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു.
മുംബൈയുടെ മുഖ്യപരിശീലകന്‍ മാർക്ക് ബൗച്ചറിനും രോഹിതിന്റെ ഭാവിയില്‍ കൃത്യമായൊരു ഉത്തരം നല്‍കാനായിട്ടില്ല. "രോഹിതിന്റെ ഭാവി സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. സീസണിന്റെ അവലോകനത്തിനായി രോഹിതുമായി കഴിഞ്ഞ ദിവസം രാത്രി സംസാരിച്ചിരുന്നു. അടുത്ത പദ്ധതിയെന്താണെന്ന് ചോദിച്ചപ്പോള്‍ ട്വന്റി 20 ലോകകപ്പെന്നായിരുന്നു രോഹിതിന്റെ മറുപടി. അടുത്ത സീസണിന് മുന്നോടിയായി മെഗാലേലം വരാനിരിക്കുകയാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാനാകില്ല," ബൗച്ചർ പറഞ്ഞു.
ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീസണിലെ നിരാശ രോഹിത് പ്രകടമാക്കിയിരുന്നു. "ഒരു ബാറ്ററെന്ന നിലയില്‍, നിലവാരത്തിനൊത്ത് ഉയരാന്‍ എനിക്കായില്ല. പക്ഷേ, കൂടുതല്‍ ചിന്തിക്കാന്‍ ഞാന്‍ ഒരുങ്ങുന്നില്ല. അത് എന്റെ കളിയെ ബാധിക്കും. നല്ല മാനസികാവസ്ഥയില്‍ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഞാന്‍ തുടരുകയും ചെയ്യും. പ്രതീക്ഷിച്ചതുപോലെ സീസണ്‍ മുന്നോട്ടുപോയില്ല. ഒരുപാട് തെറ്റുകള്‍ വരുത്തി. ജയിക്കാന്‍ കഴിയുമായിരുന്ന കളികള്‍ പോലും പരാജയപ്പെട്ടു, ഇത് ഐപിഎല്ലിന്റെ രീതിയാണ്. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അത് ഉപയോഗിക്കാന്‍ സാധിക്കണം," രോഹിത് വ്യക്തമാക്കി.