CRICKET

T20 CWC|തുടരെ അട്ടിമറികള്‍... ആരാധകര്‍ പറയുന്നു; 'രോഹിത്‌ ബി കെയര്‍ഫുള്‍, അമേരിക്ക ഒട്ടും സെയ്ഫല്ല'

132 കോടി ജനതയുടെ പ്രതീക്ഷാഭാരവും പേറിയാണ് രോഹിത് ശര്‍മയും സംഘവും ഇക്കുറി അമേരിക്കന്‍ ഐക്യനാടുകളിലേക്കു പറന്നത്

വെബ് ഡെസ്ക്

പതിമൂന്നു വര്‍ഷം... ഐസിസി ക്രിക്കറ്റ് കിരീടവും ഇന്ത്യന്‍ ക്രിക്കറ്റും തമ്മില്‍ പിണങ്ങിയിട്ട് അത്ര കാലമായി... പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഏതോ ഒരു സായ്പ്പിന് തോന്നിയ ഭ്രമം പിന്നീട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തി തങ്ങള്‍ പിടിച്ചടക്കിയ മേഖലകളില്‍ എല്ലാം പടര്‍ത്തുകയായിരുന്നു. എന്നാല്‍ അവരില്‍നിന്ന് ക്രിക്കറ്റ് പഠിച്ച്, ക്രിക്കറ്റ് ലോകത്തെ ഭരിക്കാനും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ചാടിക്കളിപ്പിക്കാനും ഇന്ത്യ വളര്‍ന്നുവെങ്കിലും പരമോന്നത ജയങ്ങള്‍ നേടുന്നതില്‍ എന്നും ഒരുപടി പിന്നോക്കമായിരുന്നു.

1983-ല്‍ കപിലിന്റെ ചെകുത്താന്മാരും പിന്നീട് 2007, 2011 വര്‍ഷങ്ങളില്‍ കാട്ടിയ മഹേന്ദ്രജാലവും മാറ്റിനിര്‍ത്തിയയാല്‍ ലോക ക്രിക്കറ്റില്‍ ഇന്ത്യക്ക് എടുത്തുപറയാന്‍ വലിയ നേട്ടങ്ങള്‍ ഇല്ല. ഇന്ത്യയ്ക്ക് എന്നല്ല, ക്രിക്കറ്റിന്റെ പിതാക്കന്മാര്‍ എന്നു പറയുന്ന ഇംഗ്ലണ്ടിനു പോലും ഒരേയൊരു ലോകകിരീടം മാത്രമാണുള്ളത്. അതിനിടെ ലോക ക്രിക്കറ്റിനെ ഭരിക്കാന്‍ ഓസ്ട്രേലിയ എന്ന വലിയ ശക്തി വളര്‍ന്നുയരുകയും ചെയ്തു.

പക്ഷേ, ക്രിക്കറ്റിനെ ഒരു മതമായിക്കണ്ട്, അതിനൊരു ദൈവത്തെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ജനത ഇന്ത്യയില്‍ അല്ലാതെ മറ്റൊരിടത്തുമില്ല. അവര്‍ക്കു വേണ്ടത് കിരീട ജയങ്ങളാണ്, വെറും പരമ്പര ജയങ്ങളല്ല. അങ്ങനെ 132 കോടി ജനതയുടെ പ്രതീക്ഷാഭാരവും പേറിയാണ് രോഹിത് ശര്‍മയും സംഘവും ഇക്കുറി അമേരിക്കന്‍ ഐക്യനാടുകളിലേക്കു പറന്നത്.

അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന ആദ്യ ഐസിസി ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യയില്‍ കളിക്കുന്ന പോലെ തോന്നിപ്പിക്കുന്ന ഗ്യാലറി പിന്തുണ, മികച്ച ഫോം, ഒന്നൊന്നൊന്നായി എടുത്തുനോക്കിയാല്‍ ഏതു കൊലകൊമ്പനെയും വീഴ്ത്താന്‍ പോന്ന ടീം... ഒരു ശരാശരി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന് കിരീടം സ്വപ്നം കാണാന്‍ ഇതില്‍പ്പരം മറ്റൊന്നും വേണ്ട.

എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ മണ്ണില്‍നിന്നു വരുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. വമ്പന്മാരുടെയെല്ലം കാലിടറുന്ന കാഴ്ചയാണ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ കാണുന്നത്. ആദ്യം പാകിസ്താന്‍, പിന്നീട് അയര്‍ലന്‍ഡ്, ഇപ്പോള്‍ ഒടുവില്‍ ന്യൂസിലന്‍ഡും... അട്ടിമറികളുടെ കയ്പുനീര്‍ കുടിക്കുകയാണ് ലോക ക്രിക്കറ്റില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍.

ഗ്രൂപ്പ് ഘട്ടത്തിന്റെ ആദ്യ രണ്ട് റൗണ്ടുകള്‍ മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. അതിനിടയില്‍ മൂന്ന് അട്ടിമറികള്‍... ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നുവെന്ന് തോന്നിപ്പിക്കുകയാണ് അമേരിക്കന്‍ ഐക്യനാടുകളും അവിടേക്ക് പറിച്ചുനട്ട ഓസ്ട്രേലിയന്‍ പിച്ചുകളും.

ഡ്രോപ് ഇന്‍ പിച്ചുകളാണ് ഇത്തവണത്തെ ടി20 ലോകകപ്പിന് ഉപയോഗിക്കുകയെന്നത് നേരത്തെ തന്നെ വാര്‍ത്തയായതാണ്. വെറും അഞ്ച് മാസം മുമ്പ് മാത്രമാണ് ഈ പിച്ചുകള്‍ സ്ഥാപിച്ചത്. പരിമിതമായ സമയമാണ് ഡ്രോപ്ഡ് ഇന്‍ പിച്ചെന്ന ആശയത്തിലേക്ക് എത്തിച്ചത്. മറ്റൊരിടത്ത് നിര്‍മിച്ച പിച്ച് മൈതാനത്ത് സ്ഥാപിക്കുന്ന സംവിധാനത്തെയാണ് ഡ്രോപ്ഡ് ഇന്‍ പിച്ചുകള്‍ എന്ന് പറയുന്നത്.

ഇതിനായി ഓസ്ട്രേലിയയിലെ അഡലെയ്ഡ് ഓവല്‍ ടര്‍ഫ് സൊലൂഷന്‍സിനെയായിരുന്നു ഐസിസി സമീപിച്ചത്. അഡലെയ്ഡിലെ പിച്ച് ക്യൂറേറ്റര്‍ കൂടിയായ ഡാമിയന്‍ ഹോഫിനായിരുന്നു ചുമതല. ബ്ലാക്ക് സ്റ്റിക്ക് എന്നറിയപ്പെടുന്ന മണ്ണാണ് പിച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മണ്ണില്‍ 60 ശതമാനത്തിലധികം കളിമണ്ണാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഈ കളിമണ്ണാണ് ലോകോത്തര ടീമുകളെ ഞെട്ടിക്കുന്നത്. അപ്രതീക്ഷിത ബൗണ്‍സും പേസും സ്വിങ്ങുമാണ് ഈ പിച്ചില്‍ നിന്ന പേസ് ബൗളര്‍മാര്‍ക്ക് ലഭിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെയാണ് ഇതു കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് എന്നതു കൊണ്ട് ടോസും നിര്‍ണായകമാകുന്നു.

വെടിക്കെട്ട് ക്രിക്കറ്റിന്റെ പര്യായമായ ടി20യുടെ ലോകകപ്പ് നടക്കുമ്പോള്‍ ഇത്തവണ ഇതുവരെ ഒരു വമ്പന്‍ സ്‌കോര്‍ പിറന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു തവണ മാത്രമാണ് 180-ന് മുകളില്‍ സ്‌കോര്‍ വന്നത്. 150-160 സ്‌കോര്‍ പോലും ഒരു വിന്നിങ് ടോട്ടല്‍ ആണെന്നത് പിച്ച് എത്രമാത്രം ബൗളര്‍മാരെ തുണയ്ക്കുന്നുവെന്നു വ്യക്തമാക്കും.

ഇവിടെയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്ക ഉയരുന്നത്. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ടീം ഇന്ത്യയുടെ റെക്കോഡ് ഒരിക്കലും ഒരിന്ത്യന്‍ ആരാധകന്‍ ഓര്‍മിക്കാന്‍ പോലും ഇഷ്ടപ്പെടുന്നുണ്ടാവില്ല. 83-ല്‍ ലോര്‍ഡ്സിലും പിന്നീട് വല്ലപ്പോഴും വിന്‍ഡീസിലും ഓസീസ് മണ്ണിലും കാഴ്ചവച്ച അപ്രതീക്ഷിത പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പേസ് പിച്ചില്‍ മുട്ടിടിച്ച ചരിത്രം മാത്രമേ ഇന്ത്യയ്ക്കുള്ളു.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അയര്‍ലന്‍ഡിനെതിരെയായിരുന്നു. നാണയഭാഗ്യം രോഹിതിനായതുകൊണ്ട് ആദ്യം ബൗള്‍ ചെയ്യാനും താരതമ്യേന കുഞ്ഞന്മാരായ ഐറിഷ് ടീമിനെ വെറും 96-ല്‍ ഒതുക്കാനും കഴിഞ്ഞു. എട്ടോവറോളം ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന്റെ ആധികാരിക ജയം നേടുകയും ചെയ്തു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പിച്ചിന്റെ തനി സ്വഭാവം ശരിക്കും അറിഞ്ഞു. ശരാശരി 132 കിലോമീറ്റര്‍ വേഗതയില്‍ മാത്രം പന്തെറിയുന്ന ഐറിഷ് പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിതും വിരാട് കോഹ്ലിയും നന്നേ വിയര്‍ത്തു. അപ്രതീക്ഷിതമായി കുത്തി ഉയരുകയും തെന്നിമാറുകയും ചെയ്യുന്ന പന്തുകളില്‍ എന്ത് ചെയ്യണമെന്നറിയാതെ അക്ഷരാര്‍ഥത്തില്‍ അവര്‍ കുഴങ്ങി.

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരാണ് വെറും 'ക്ലുലെസ്' ആയി നിന്നുപോയത്, അതും അയര്‍ലന്‍ഡിനെതിരേ. നാളെ പാകിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഐറിഷ് പേസര്‍മാരെ പോലെയല്ല പാകിസ്താന്‍ ബൗളിങ് നിര. ഷഹീന്‍ ഷാ അഫ്രീദിയെപ്പോലെ ലോകോത്തര ബൗളര്‍ നയിക്കുന്ന ആ പേസ് പടയുടെ ശരാശരി വേഗം പോലും 145 കിലോമീറ്ററിനു മുകളിലാണ്.

അതാണ് ഇന്ത്യന്‍ ആരാധകരെ ആശങ്കാകുലരാക്കുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ എന്നും പാകിസ്താനുമുകളില്‍ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു ഇന്ത്യക്ക്. മൂന്നു വര്‍ഷം മുന്‍പ് 2021-ല്‍ ആണ് അതിനൊരു തിരിച്ചടി നേരിട്ടത്. അന്നാദ്യമായി ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യ പാകിസ്താനു മുന്നില്‍ കീഴടങ്ങി. അന്നും പാക് പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് പിഴച്ചതാണ് തിരിച്ചടിയായത്.

അത്തരമൊരു സാഹചര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെടുകയെന്നത് ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയം പിളര്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചിരവൈരികളുമായുള്ള പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയോടും നായകന്‍ രോഹിതിനോടും ഓരോ ആരാധകനും പറയാനുള്ളത് ഇത്രമാത്രം... ബീ കെയര്‍ഫുള്‍... അവിടം ഒട്ടും സെയ്ഫല്ല...

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി