CRICKET

മില്ലറിന്റെ സെഞ്ചുറിയും പോരാട്ടവും പാഴായി; ഇന്ത്യക്ക് ജയം, പരമ്പര

വെബ് ഡെസ്ക്

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം പരമ്പര വിജയം. കഴിഞ്ഞാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരേ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും പരമ്പര നേട്ടം കുറിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഗുവാഹത്തിയില്‍ 16 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.

ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അനിഷേധ്യ ലീഡ് സ്വന്തമാക്കി. നേരത്തെ തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം നാലിന് ഇന്‍ഡോറില്‍ നടക്കും.

ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. തുടര്‍ന്ന് 238 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

തകര്‍പ്പന്‍ സെഞ്ചുറിയുമായി മധ്യനിര താരം ഡേവിഡ് മില്ലറും മിന്നുന്ന പ്രകടനവുമായി ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കും പൊരുതിയെങ്കിലും ഇന്ത്യന്‍ ജയം തടയാന്‍ അതു മതിയാകുമായിരുന്നില്ല. മില്ലര്‍ 46 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 106 റണ്‍സുമായും ഡി കോക്ക് 47 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 69 റണ്‍സുമായും പുറത്താകാതെ നിന്നു. 19 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 33 റണ്‍സ് നേടിയ മധ്യനിര താരം എയ്ഡന്‍ മര്‍ക്രവും സന്ദര്‍ശകര്‍ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.

ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ് പക്ഷേ നാലോവറില്‍ 62 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേല്‍ വഴങ്ങിയത് 53 റണ്‍സ്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ ദീപക് ചഹാര്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.

നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മധ്യനിര താരം സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61), ഓപ്പണറും ഉപനായകനുമായ കെ എല്‍ രാഹുല്‍(28 പന്തില്‍ 57) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. 28 പന്തില്‍ 48 റണ്‍സ് നേടി പുറത്താകാതെ നിന്ന മുന്‍ നായകന്‍ വിരാട് കോഹ്ലിയും 37 പന്തില്‍ 43 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയും നിര്‍ണായക സംഭാവനകള്‍ നല്‍കി. ഏഴു പന്തില്‍ 17 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കായിരുന്നു മറ്റൊരു പ്രധാന സ്‌കോറര്‍.

തകര്‍പ്പന്‍ തുടക്കമാണ് രോഹിതും രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ 96 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. പതിവ് ശൈലി വിട്ട് രോഹിത് ആങ്കര്‍ റോള്‍ ഭംഗിയാക്കിയപ്പോള്‍ ഒരറ്റത്ത് രാഹുല്‍ അടിച്ചു തകര്‍ത്തു.

ഒടുവില്‍ 10-ാം ഓവറിന്റെ അഞ്ചാം പന്തില്‍ 37 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 43 റണ്‍സ് നേടിയ രോഹിതിനെ വീഴ്ത്തി സ്പിന്നര്‍ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഏറെ വൈകാതെ രാഹുലും വീണു. അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ രാഹുലിനെയും മഹാരാജ് മടക്കുകയായിരുന്നു. പുറത്താകുമ്പോള്‍ 28 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 57 റണ്‍സാണ് രാഹുല്‍ നേടിയത്.

പിന്നീട് സൂര്യകുമാര്‍-കോഹ്ലി ഷോയായിരുന്നു അരങ്ങേറിയത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ചേര്‍ന്ന് വെറും 6.3 ഓവറില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സൂര്യയായിരുന്നു ഏറെ അപകടകാരി. വെറും 22 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 61 റണ്‍സാണ് സൂര്യ അടിച്ചു കൂട്ടിയത്.

19-ാം ഓവറിന്റെ ആദ്യ പന്തില്‍ സൂര്യ റണ്ണൗട്ടായതിനു ശേഷം ദിനേഷ് കാര്‍ത്തിക്കാണ് കോഹ്ലിക്ക് കൂട്ടായി എത്തിയത്. കാര്‍ത്തിക്കും അവസരം മുതലാക്കി. അവസാന ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 49-ല്‍ നില്‍ക്കെ അര്‍ധസെഞ്ചുറിക്ക് ശ്രമിക്കാതെ കാര്‍ത്തിക്കിന് പരമാവധി ബാറ്റിങ് അവസരം നല്‍കിയ കോഹ്ലിയുടെ നീക്കവും ഏറെ പ്രശംസ പിടിച്ചു പറ്റി. ആ ഓവറില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 18 റണ്‍സാണ് കാര്‍ത്തിക് അടിച്ചു കൂട്ടിയത്.

കോഹ്ലി 28 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കാര്‍ത്തിക് ഏഴു പന്തില്‍ അടിച്ചെടുത്ത 17 റണ്‍സില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്‌സറുകളും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെല്ലാം തന്നെ കണക്കിന് ശിക്ഷയേറ്റു വാങ്ങിയപ്പോള്‍ നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മഹാരാജ് വേറിട്ടു നിന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ