CRICKET

WPL 2024 | സജന ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍; മലയാളിക്കരുത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം

മുംബൈക്കായി യസ്തിക ഭാട്ടിയയും (57) ഹര്‍മന്‍പ്രീത് കൗറും (55) അര്‍ധസെഞ്ചുറി നേടി

വെബ് ഡെസ്ക്

വനിത പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മലയാളിക്കരുത്തില്‍ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ആവേശപ്പോരിലാണ് മുംബൈ മറികടന്നത്. അവസാന പന്തില്‍ മുംബൈക്ക് ജയിക്കാന്‍ അഞ്ച് റണ്‍സായിരുന്നു ആവശ്യം. ആലിസ് കാപ്‌സി എറിഞ്ഞ പന്ത് ലോങ് ഓണിന് മുകളിലൂടെ പായിച്ചായിരുന്നു മലയാളി താരം സജന സജീവന്‍ നിലവിലെ ചാമ്പ്യന്മാരുടെ വിജയം ഉറപ്പിച്ചത്. മുംബൈക്കായി യസ്തിക ഭാട്ടിയയും (57) ഹര്‍മന്‍പ്രീത് കൗറും (55) അര്‍ധസെഞ്ചുറി നേടി.

ചിന്നസ്വാമിയിലെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ 172 റണ്‍സെന്നത് മുംബൈ ഇന്ത്യന്‍സിന് ഒരു വെല്ലുവിളിയായിരുന്നില്ല. എന്നാല്‍ രണ്ടാം പന്തില്‍ തന്നെ ഹെയ്‌ലി മാത്യൂസിനെ പുറത്താക്കി മരിസാന്‍ കാപ് ഡെല്‍ഹിക്ക് ആഗ്രഹിച്ച തുടക്കം നല്‍കി. പിന്നീട് നാറ്റ് സീവര്‍ ബ്രന്‌റും യസ്തിക ഭാട്ടിയയും ചേര്‍ന്ന് പവര്‍പ്ലെയില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാറ്റിനെ കാഴ്ചക്കാരിയാക്കി യസ്തിക ഡല്‍ഹി ബൗളര്‍മാരെ അനായാസം നേരിട്ടു. പവര്‍പ്ലെയ്ക്ക് ശേഷമുള്ള ആദ്യ ഓവറില്‍ നാറ്റിനെ (19) ബൗള്‍ഡാക്കി അരുന്ധതി ഡല്‍ഹിക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.

പിന്നീട് ഹര്‍മന്‍പ്രീത്-യസ്തിക സഖ്യം മധ്യഓവറുകളില്‍ ആധിപത്യം പുലര്‍ത്തി. 35 പന്തുകളില്‍ നിന്നായിരുന്നു ഡബ്ല്യുപിഎല്ലിലെ കന്നി അര്‍ധസെഞ്ചുറി യസ്തിക നേടിയത്. അരുന്ധതിയുടെ പന്തില്‍ കാപിന് ക്യാച്ച് നല്‍കി യസ്തിക മടങ്ങുമ്പോള്‍ മുംബൈ സ്‌കോര്‍ 100 കടന്നിരുന്നു. 45 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സാണ് യസ്തിക നേടിയത്. മോശം ഫോമില്‍ തുടരുന്ന ഹര്‍മന്‌റെ തിരിച്ചുവരവിന് കൂടിയാണ് മത്സരം സാക്ഷ്യം വഹിച്ചത്. 32 പന്തിലായിരുന്നു അര്‍ധ സെഞ്ചുറി മുംബൈ ക്യാപ്റ്റന്‍ കുറിച്ചത്.

അവസാന ഓവറില്‍ 12 റണ്‍സായിരുന്നു മുംബൈക്ക് വിജയിക്കാന്‍ ആവശ്യമായിരുന്നത്. ആലിസ് കാപ്‌സിക്കായിരുന്നു മെഗ് ലാനിങ് ഉത്തരവാദിത്തം നല്‍കിയത്. ആദ്യ പന്തില്‍ തന്നെ പൂജ വസ്ത്രാക്കറെ മുംബൈക്ക് നഷ്ടമായി. പിന്നീട് രണ്ട് പന്തില്‍ മൂന്ന് റണ്‍സ് വന്നു. നാലാം പന്ത് ബൗണ്ടറി കണ്ടത്തിയെങ്കിലും അഞ്ചാം പന്തില്‍ ഹര്‍മന്‍ സതര്‍ലാന്‍ഡിന്‌റെ കൈകളിലൊതുങ്ങി. അവസാന പന്തില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അനായാസം സിക്‌സര്‍ പായിക്കാന്‍ സജനയ്ക്ക് കഴിഞ്ഞു.

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സായിരുന്നു ഡല്‍ഹി നേടിയത്. അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം ആലീസ് ക്യാപ്‌സിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഡല്‍ഹിക്ക് തുണയായത്. 53 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 75 റണ്‍സാണ് ക്യാപ്‌സി അടിച്ചെടുത്തത്. 24 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 42 റണ്‍സ് നേടിയ ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസും 25 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 31 റണ്‍സ് നേടിയ നായിക മെഗ് ലാന്നിങ്ങും ക്യാപ്‌സിക്ക് മികച്ച പിന്തുണ നല്‍കി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം