'ഒരു പെണ്‍കുട്ടിയും അവള്‍ തിരഞ്ഞെടുത്ത ആയുധവും,' കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു ചിത്രത്തിന്‌റെ ക്യാപ്ഷനാണിത്. ചിത്രത്തിലുണ്ടായിരുന്നത് പരിശീലനത്തിനിടെ ബാറ്റുമായി നില്‍ക്കുന്ന വയനാട്ടുകാരി സജന സജീവന്‍. വനിത പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) താരലേലത്തില്‍ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കാനിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്‌റെ കൈകളില്‍ നിന്ന് മുംബൈ റാഞ്ചിയെടുത്ത സജന. മുംബൈ ഒരു താരത്തെ മാര്‍ക്ക് ചെയ്തു കഴിഞ്ഞാല്‍ അതിന് പിന്നില്‍ കൃത്യമായ പദ്ധതികളുണ്ടാകുമെന്ന് ഫ്രാഞ്ചൈസി കടന്നുവന്ന നാള്‍വഴികള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്.
പലതാരങ്ങളുടേയും തലവരമാറ്റിയ ഡബ്ല്യുപിഎല്ലിന്‌റെ രണ്ടാം സീസണിന് ഇന്ന് ചരിത്രം ഉറങ്ങുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാകുകയാണ്. 29-ാം വയസില്‍ ദേശീയ ടീമിലെത്തുക എന്ന സ്വപ്നം മുംബൈ കുപ്പായത്തില്‍ മികവ് പുലര്‍ത്തി സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് ഓള്‍റൗണ്ടര്‍ കൂടിയായ സജന. നിലവിലെ ചാമ്പ്യന്മാരായ മുംബൈക്കൊപ്പമുള്ള സീസണിലെ പ്രതീക്ഷകളും പദ്ധതികളും സജന ദ ഫോര്‍ത്തുമായി പങ്കുവെക്കുന്നു.
മുംബൈക്കൊപ്പമുള്ള യാത്ര, എക്‌സൈറ്റ്‌മെന്‌റ്
ലേലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ സന്തോഷമായിരുന്നു. ആദ്യം നമുക്ക് കിട്ടുന്നതുവരെ ഒരു ടെന്‍ഷനായിരിക്കുമല്ലോ, പിന്നെ കിട്ടിക്കഴിഞ്ഞാലുള്ള ടെന്‍ഷന്‍ വെറെ. ടീമിനൊപ്പം ചേരുമ്പോള്‍ നമുക്ക് അറിയാത്തവരാണ്, എങ്ങനെ ബിഹേവ് ചെയ്യും എന്നിങ്ങനെയുള്ള ചിന്തകളൊക്കെ വരും.
മുംബൈക്കൊപ്പം ജോയിന്‍ ചെയ്തു, അവര്‍ വ്യക്തമായിട്ട് കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. നമുക്കിവിടെ സമയം പാഴാക്കാനില്ല, വെല്‍ പ്ലാന്‍ഡാണ് മാനേജ്‌മെന്‌റ്. അതുകൊണ്ടുതന്നെ പകുതി ടെന്‍ഷന്‍ മാറിക്കിട്ടി. പുതിയ താരമാണെന്നോ ജൂനിയറാണെന്നോ തുടങ്ങിയുള്ള ഒരു വേര്‍തിരിവുകളുമില്ല. എല്ലാവരേയും മാനേജ്‌മെന്‌റ് തുല്യരായാണ് കാണുന്നത്. അടിപൊളിയാണ്!
നീലക്കുപ്പായമണിയാനുള്ള അവസാന അവസരം
ഡബ്ല്യുപിഎല്‍ തുടങ്ങിയ സമയത്ത് ഏതെങ്കിലുമൊരു ടീമില്‍ ഇടം ലഭിച്ചാല്‍ മതിയായിരുന്നു എന്നാണ് പ്രാര്‍ഥിച്ചത്. കിട്ടിയപ്പോള്‍, എന്താ പറയുക, പുളിങ്കൊമ്പ്തന്നെ കിട്ടിയെന്ന് പറയാം. എക്കാലവും സ്വപ്‌നം ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുക എന്നതാണ്. ആ ഒരു സ്വപ്‌നത്തിലേക്ക് ദൈവം എനിക്ക് തന്ന അവസാന അവസരമായിട്ടാണ് ഡബ്ല്യുപിഎല്ലിനേയും മുംബൈ ഇന്ത്യന്‍സ് ടീമിനേയും കാണുന്നത്.
മികവ് പുലര്‍ത്തുന്നവരെ എല്ലാക്കാലവും പിന്തുണച്ചിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഒരുപാട് താരങ്ങള്‍ മുംബൈ ഇന്ത്യന്‍സിലൂടെ ദേശീയ ടീമിലേക്ക് എത്തിയിട്ടുമുണ്ട്. നല്ലൊരു പെര്‍ഫോമന്‍സ് കാഴ്ചവെക്കുകയാണേല്‍ ഇന്ത്യയ്ക്കായി കളിക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഡബ്ല്യുപിഎല്‍ എന്നെ സഹായിക്കും.
ഹര്‍മന്‍ ദീദി ചില്‍, കളത്തില്‍ സീരിയസാണ്
മിതാലി ദീദിയും (മിതാലി രാജ്), ഹര്‍മന്‍ ദീദിയുമാണ് (ഹര്‍മന്‍പ്രീത് കൗര്‍, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍) എന്‌റെ റോള്‍ മോഡലുകള്‍. ഹര്‍മന്‍ നല്ല ഫ്രീയാണ്, ജോളിയാണ്...നമുക്ക് ഈസിയായി ഇടപെടാനാകും. അടുത്തുവരുമ്പോള്‍തന്നെ ഒരു വൈബ്രേഷന്‍ ഫീല്‍ ചെയ്യും. നമ്മുടെ സമീപനത്തിന് അനുസൃതമായിതന്നെ കൂടെ നില്‍ക്കും.
തമാശയ്ക്കും കളിക്കുമൊക്കെ കൂട്ടുനില്‍ക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ ആള് സീരിയസാണ്. പരിശീലനസമയത്ത് പന്തിനെ നേരിടുന്ന കാര്യത്തിലൊക്കെ എനിക്ക് ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫീല്‍ഡിങ്, റണ്ണിങ്, ബൗളിങ്ങിലെ ചെറിയ കാര്യങ്ങള്‍ എന്നിവയെല്ലാം പറഞ്ഞുതരും.
പരിഗണിക്കുന്നത് ബിഗ് ഹിറ്ററായി
മുംബൈയ്ക്കായി രണ്ട് തവണ ട്രയല്‍സ് ഞാന്‍ അറ്റന്‍ഡ് ചെയ്തിരുന്നു. ഓള്‍റൗണ്ടറാണെങ്കിലും ബാറ്ററായാണ് പരിഗണിച്ചിട്ടുള്ളത്. ഒരു ബിഗ് ഹിറ്ററായിട്ടാണ് കണക്കാക്കുന്നത്. കുറഞ്ഞ ബോളില്‍ കൂടുതല്‍ റണ്‍സ്, അതാണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതും. പരിശീലന മത്സരത്തില്‍ ഓപ്പണിങ് ബൗളറായി എന്നെ പരീക്ഷിച്ചിരുന്നു. നല്ല പ്രകടനം അന്ന് പുറത്തെടുക്കാനും സാധിച്ചു. കിട്ടുന്ന അവസരം ബോളിങ്ങിലാണെങ്കിലും ബാറ്റിങ്ങിലാണെങ്കിലും അടിപൊളിയായി ചെയ്യുക എന്നതാണ് പോളിസി.
ബാറ്റിങ് നിരയിലെ സ്ഥാനം സംബന്ധിച്ച് ഒന്നും പറയാനാകില്ല, സസ്‌പെന്‍സായിരിക്കും. എനിക്ക് എന്തായാലും ഒരു 10 ബോളായിരിക്കും കിട്ടുക. അത് മാക്‌സിമം ഉപയോഗിക്കുക, 15-20 റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതാണ് ലക്ഷ്യം. ഈ ഒരു കണക്കുകൂട്ടലിലാണ് പരിശീലനം നടത്തുന്നതും. ഇത് കളത്തില്‍ ആവര്‍ത്തിക്കാനായാല്‍ ടീമിലൊരു സ്ഥാനമുറപ്പിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്.
വിദേശതാരങ്ങളുടെ പ്രൊഫഷണലിസവും സ്വാധീനവും
ടീമിലിപ്പോള്‍ ഹെയ്‌ലി മാത്യൂസ്, നാറ്റ് സീവര്‍, അമേലിയ കേര്‍ തുടങ്ങി നിരവധി വിദേശ താരങ്ങളുണ്ട്. അവരൊക്കെ മികച്ച പ്രൊഫഷണലിസമുള്ളവരാണ്. ചെറുപ്പം മുതല്‍ ക്രിക്കറ്റ് സംസ്‌കാരത്തിലേക്ക് എത്തിയവരാണ് അവരെല്ലാം. ഞാന്‍ തുടങ്ങിയപ്പോള്‍തന്നെ അല്‍പ്പം വൈകിയിരുന്നു. പ്രൊഫഷണലിസത്തിന്‌റെ കാര്യത്തില്‍ അതിന്‌റേതായ ചെറിയ പോരായ്മകളുണ്ട്. അവരെ കണ്ട് പഠിക്കാന്‍ ശ്രമിക്കുകയാണ്.
ഡൊമസ്റ്റിക്ക് ക്രിക്കറ്റല്ല ഡബ്ല്യുപിഎല്‍ എന്നാണ് മനസിലാക്കേണ്ടത്. ക്വാളിറ്റി വ്യത്യാസമുണ്ട്, അതിന്‌റേതായ മാറ്റങ്ങള്‍ നമ്മുടെ കളിയിലും സംഭവിക്കും
വാം അപ്പ് കഴിഞ്ഞാല്‍ അവര്‍ പ്രത്യേകമായി ചെയ്യുന്ന വ്യായാമങ്ങള്‍, ബാറ്റ് ചെയ്യുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പുകള്‍...ഇവയൊക്കെ ഉള്‍ക്കൊണ്ടാല്‍ അവരുടെ ലെവലിലേക്ക് നമുക്കും എത്താനാകും. അവരോടൊപ്പം പരിശീലനം ആരംഭിച്ചിട്ട് രണ്ട് ആഴ്ചയോളം കഴിഞ്ഞു, അവരുടെ ലെവലിലേക്ക് സ്വഭാവികമായും നമ്മള്‍ എത്തും, ഒരു ക്വാളിറ്റി പ്ലെയറായി മാറും.
ബൗളിങ്ങിലേക്ക് വന്നാല്‍ വിദേശ താരങ്ങളൊക്കെ ഗുഡ് ലെങ്തില്‍ തന്നെ വേരിയേഷന്‍സ് ചെയ്യുന്നത് കാണാം. ഞാന്‍ വേരിയേഷന് ശ്രമിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ലൈനും ലെങ്തുമൊക്കെ മാറാറുണ്ട്. ഷോര്‍ട്ട് പിച്ചാവും, ബൗണ്ടറി വഴങ്ങും...അവര്‍ വേരിയേഷന്‍ ചെയ്താല്‍ വിക്കറ്റ് ലഭിക്കുന്നത് കാണാം, ആ ഒരു മികവ് അവര്‍ക്കുണ്ട്.
മുംബൈ സ്റ്റൈല്‍ ട്രെയിനിങ്
ഓരോ താരങ്ങളുടെ കാര്യത്തിലും വ്യക്തമായ പദ്ധതി മാനേജ്‌മെന്‌റിനുണ്ട്. ഓഫ് ഡെ ആണെങ്കില്‍ കൂടി സപ്പോര്‍ട്ട് സ്റ്റാഫ് താരങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യും. നമ്മള്‍ രാവിലെ ഗ്രൗണ്ടിലേക്ക് പോകുന്ന ടൈമിങ് മുതല്‍ എല്ലാം സജ്ജമാണ്, തലേദിവസംതന്നെ നിര്‍ദേശങ്ങള്‍ നല്‍കും. വാം അപ്പ്, ഫീല്‍ഡിങ്, ക്യാച്ചിങ് സെഷന്‍ തുടങ്ങി എല്ലാം കൃത്യസമയത്ത് നടക്കും, ലാഗില്ല. നമുക്ക് ജിം സെഷന്‍ വേണമെന്ന് ആവശ്യപ്പെട്ടാല്‍ ട്രെയിനര്‍ വരും, അടുത്ത ദിവസങ്ങളില്‍ മത്സരമുണ്ടെങ്കില്‍ അതനുസരിച്ചുള്ള നിര്‍ദേശങ്ങളായിരിക്കും നമുക്ക് തരുന്നത്.
'ആഭ്യന്തര' ആത്മവിശ്വാസം
ആഭ്യന്തര ക്രിക്കറ്റ് ഏകദിനമാണ്, ഇത് ട്വന്‌റി20യും. വലിയൊരു ഷിഫ്റ്റുണ്ട്. എങ്കിലും നല്ല ടച്ചിലാണിപ്പോള്‍. ട്വന്‌റി20യില്‍ നിന്ന് ഏകദിനത്തിലേക്ക് മാറാനാണ് ബുദ്ധിമുട്ട്, തിരിച്ച് അത്ര ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. ബോളിന്‌റെ മെറിറ്റ് അനുസരിച്ച് കളിക്കുക എന്നതാണ്.
ഡബ്ല്യുപിഎല്‍ ലക്ഷ്യമിടുന്ന കേരള താരങ്ങളോട്
അണ്ടര്‍ 19 ലോകകപ്പ് ടീമിലുണ്ടായിരുന്ന നജില ഇപ്പോള്‍ ബാംഗ്ലൂരിന്‌റെ നെറ്റ് ബോളറാണ്, ജോഷിത ഡല്‍ഹി ക്യാപിറ്റല്‍സിന്‌റെ നെറ്റ് ബോളറാണ്. ഇവര്‍ക്കൊക്കെ അവസരം കിട്ടിയിരിക്കുകയാണ്. ഡൊമസ്റ്റിക്ക് ക്രിക്കറ്റല്ല ഡബ്ല്യുപിഎല്‍ എന്നാണ് മനസിലാക്കേണ്ടത്. ക്വാളിറ്റി വ്യത്യാസമുണ്ട്, അതിന്‌റേതായ മാറ്റങ്ങള്‍ നമ്മുടെ കളിയിലും സംഭവിക്കും. കാര്യങ്ങള്‍ പെട്ടെന്ന് പഠിക്കുക, നമ്മുടെ ഗെയിമിലേക്ക് അത് ഉപയോഗിക്കുക. എന്നാലേ ഒരു ഉയര്‍ച്ച ഉണ്ടാകുകയുള്ളു. കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തു വരേണ്ടതുണ്ട്.