CRICKET

വനിതാ പ്രീമിയർ ലീഗിന്റെ പ്രഥമ ചാമ്പ്യനെ ഇന്നറിയാം; കിരീടം തേടി മുംബൈയും ഡല്‍ഹിയും

ഡൽഹി നേരിട്ടും മുംബൈ എലിമിനേറ്റർ കടന്നുമാണ് കലാശപ്പോരിന് യോഗ്യത നേടിയത്

വെബ് ഡെസ്ക്

വനിതാ പ്രീമിയര്‍ലീഗിന്റെ ആദ്യ സീസണ് ഇന്ന് കൊട്ടിക്കലാശം. കലാശപ്പോരിൽ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ക്രിക്കറ്റിലെ വലിയ ശക്തികളായ രണ്ട് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് ബ്രാബോണ്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഇന്ത്യയുടെ കരുത്തുറ്റ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സ്വപ്‌നത്തിന് മുന്നില്‍ വിലങ്ങുതടിയാകുന്നത് അഞ്ച് തവണ ഓസ്‌ട്രേലിയയെ ലോക കിരീടത്തിലേക്ക് നയിച്ച മെഗ് ലാനിങ് ആണ്. രാത്രി 7.30 നാണ് മത്സരം.

ലീഗ് ഘട്ടത്തിൽ ഒന്നാമതായ ഡല്‍ഹി നേരിട്ട് ഫൈനലില്‍ കടന്നു. എലിമിനേറ്ററില്‍ യു പി വാരിയേഴ്‌സിനെ തകര്‍ത്താണ് മുംബൈ ഫൈനലിലെത്തിയത്

തുല്യ ശക്തികളായിരുന്നു മുംബൈയുടെയും ഡല്‍ഹിയുടെയും ഫൈനല്‍ പ്രവേശം. അഞ്ച് ടീമുകളുണ്ടായിരുന്ന ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് വീതം മത്സരങ്ങളില്‍ നിന്നായി ആറ് വീതം ജയമാണ് ഇരു ടീമുകള്‍ക്കും ഉള്ളത്. ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച മുംബൈ ആയിരുന്നു ആദ്യം പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചത്. ഫൈനലിലേക്ക് നേരിട്ട് കടക്കാന്‍ മോഹിച്ച മുംബൈയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയതും ഡല്‍ഹി തന്നെ. ഫൈനലിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനായി അടുത്ത അങ്കത്തിന് ഇറങ്ങിയ കൗറിനെയും കൂട്ടരെയും ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി, ഗ്രൂപ്പിലെ ആദ്യ മുഖാമുഖത്തിലേറ്റ തോൽവിക്ക് പകരം വീട്ടി. ലീഗ് ഘട്ടത്തില്‍ ഇരു ടീമുകള്‍ക്കും ഒരേ പോയിന്റ് ആയിരുന്നെങ്കിലും നെറ്റ് റണ്‍റേറ്റ് തുണച്ചത് ഡല്‍ഹിയെ ആണ്. അതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതായി ഡല്‍ഹി നേരിട്ട് ഫൈനലില്‍ കടന്നു. എലിമിനേറ്ററില്‍ യു പി വാരിയേഴ്‌സിനെ തകര്‍ത്താണ് മുംബൈ ഫൈനലിന് യോഗ്തയ നേടിയത്.

ശക്തമായ ബാറ്റിങ് ആണ് ഡല്‍ഹിയുടെ കരുത്ത്. മിക്ക കളികളിലും അധികം വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെയായിരുന്നു ഡല്‍ഹിയുടെ സ്കോറിങ്. ടോപ് സ്‌കോറര്‍ പട്ടികയില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍ മെഗ് ലാനിങിനാണ് ഡല്‍ഹിയുടെ നട്ടെല്ല്. ലാനിങിന്റെയും ഇന്ത്യയുടെ ഷഫാലി വര്‍മയുടെയും ഓപ്പണിങ് കൂട്ടുകെട്ടിലാണ് ഡല്‍ഹി പ്രതീക്ഷവെയ്ക്കുന്നത്. ഇരുവർക്കും ഇന്നിങ്സിന് അടിത്തറയിടാൻ സാധിച്ചാല്‍ ഡല്‍ഹിയുടെ സ്കോറിങ്ങിന് മുതല്‍ക്കൂട്ടാകും. അവര്‍ക്കൊപ്പം മധ്യ നിരയില്‍ ജെമീമ റോഡ്രിഗസ്, മാരിസന്‍ കാപ്പ്, ആലിസ് കാപ്‌സി, ജെസ് ജൊനാസെന്‍ എന്നിവരും ചേരുമ്പോള്‍ സ്‌കോര്‍ ഉയരും. സ്‌കോറിങ്ങിലും വിക്കറ്റ് വേട്ടയിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഓള്‍ റൗണ്ടര്‍ മാരിസന്‍ കാപ്പ് ഡല്‍ഹിയുടെ പ്രതീക്ഷയാണ്.

വനിതാ പ്രീമിയര്‍ ലീഗിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് മുംബൈയുടെ ബൗളര്‍മാരാണ്

ഡല്‍ഹിയുടെ ബാറ്റിങ് കരുത്തിന് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക മുംബൈയുടെ ആക്രമണകാരികളായ ബൗളര്‍മാരാണ്. വനിതാ പ്രീമിയര്‍ ലീഗിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് മുംബൈയുടെ ബൗളര്‍മാരാണ്. പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കാനായി കുതിക്കുന്ന സൈക ഇസ്ഹാക്ക് എതിരാളികള്‍ക്ക് ഭീഷണിയാകും. ഓപ്പണര്‍മാരായ ഹെയ്‌ലി മാത്യൂസും യസ്തിക ഭാട്ടിയയും പിടിമുറുക്കിയാല്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെ ഇന്നിങ്‌സും മുംബൈയ്ക്ക് നിര്‍ണായകമാകും. മധ്യനിരയിലും ബൗളിങ്ങിലും മിന്നുന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്ന നാറ്റ് സ്‌കീവര്‍ ബ്രെന്റ് ആകും മുംബൈയുടെ തുറുപ്പുചീട്ട്. ബ്രാബോണ്‍ സ്‌റ്റേഡിയത്തിലെ പിച്ചും സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം