CRICKET

ലങ്ക കീഴടക്കി സെമിയുടെ പടിവാതിലില്‍ കിവീസ്; ഇനി കാത്തിരുപ്പ്

അഫ്ഗാന് -0.338 ഉം പാകിസ്താന് 0.036 ഉം ആണ് റണ്‍നിരക്ക്. അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനിലുള്ള വിജയത്തിലൂടെ ന്യൂസിലന്‍ഡിന്റെ റണ്‍നിരക്ക് മറികടക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇനി ഇരുടീമുകള്‍ക്കും രക്ഷയുള്ളു

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിലേക്ക് ഒരു കാല്‍ ഉറപ്പിച്ച് ന്യൂസിലന്‍ഡ്. ഇന്നു നടന്ന നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് മികച്ച റണ്‍നിരക്കോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള അവര്‍ക്ക് ഇനി കാത്തിരുപ്പിന്റെ ദിനങ്ങള്‍. നാളെയും മറ്റെന്നാളുമായി നടക്കുന്ന അഫ്ഗാനിസ്താന്‍-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെയും ഇംഗ്ലണ്ട്-പാകിസ്താന്‍ മത്സരത്തിന്റെയും ഫലത്തെ ആശ്രയിച്ചാകും അവരുടെ മുന്നേറ്റം.

ഇന്ന് ബംഗളുരുവില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 171 റണ്‍സിന് പുറത്താക്കിയ കിവീസ് 23.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയങ്ങളോടെ 10 പോയിന്റുമായാണ് അവര്‍ നാലാം സ്ഥാനത്തുള്ളത്. 0.743 റണ്‍നിരക്കുമുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വീതം പോയിന്റുള്ള പാകിസ്താനും അഫ്ഗാനിസ്താനുമാണ് ന്യൂസിലന്‍ഡിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

അഫ്ഗാന്‍ നാളെ ദക്ഷിണാഫ്രിക്കയെയും പാകിസ്താന്‍ മറ്റെന്നാള്‍ ഇംഗ്ലണ്ടിനെയും നേരിടും. അഫ്ഗാന് -0.338 ഉം പാകിസ്താന് 0.036 ഉം ആണ് നിലവിലെ റണ്‍നിരക്ക്. അവസാന മത്സരത്തില്‍ വമ്പന്‍ മാര്‍ജിനിലുള്ള വിജയത്തിലൂടെ ന്യൂസിലന്‍ഡിന്റെ റണ്‍നിരക്ക് മറികടക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇനി ഇരുടീമുകള്‍ക്കും രക്ഷയുള്ളു.

സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജയിച്ചേതീരൂ എന്ന നിലയില്‍ ഇറങ്ങിയ കിവീസ് വെറും 46.4 ഓവറില്‍ ലങ്കയെ 171 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. പത്തോവറില്‍ മൂന്ന് മെയ്ഡനടക്കം വെറും 30 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ലങ്കയെ തകര്‍ത്തത്. രണ്ട് വീക്കറ്റുകള്‍ വീതം വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍, ലോക്കീ ഫെര്‍ഗൂസന്‍ എന്നിവരും ഓരോ വിക്കറ്റുകളുമായി ടിം സൗത്തി, രചിന്‍ രവീന്ദ്ര എന്നിവര്‍ ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.

ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ ശ്രീലങ്കയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കുശാല്‍ പെരേര, 38 റണ്‍സ് നേടി പുറത്താകാതെ നിന്ന മഹീഷ് തീക്ഷ്ണ എന്നിവര്‍ക്കു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ 28 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 51 റണ്‍സാണ് പെരേരയാണ് ടോപ് സ്‌കോറര്‍. ഒമ്പതിന് 128 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ അവസാന വിക്കറ്റില്‍ ദില്‍ഷന്‍ മധുശങ്കയെ കൂട്ടുപിടിച്ച് തീക്ഷ്ണയാണ് 170 കടത്തിയത്. ഇരുവരും ചേര്‍ന്ന് 43 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഇതിനു പുറമേ, 19 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വ, 16 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ക്കു മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഓപ്പണര്‍ പാഥും നിസാങ്ക(2), നായകന്‍ കുശാല്‍ മെന്‍ഡിസ്(6), മധ്യനിര താരങ്ങളായ സദീര സമരവിക്രമ(1), ചരിത് അസലങ്ക(8) എന്നിവര്‍ നിരാശപ്പെടുത്തി.

തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച കിവീസ് ഓപ്പണര്‍മാരായ ഡെവണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരുടെയും മധ്യനിര താരം ഡാരില്‍ മിച്ചലിന്റെയും ബാറ്റിങ് മികവില്‍ അനായാസം ലക്ഷ്യം കണ്ടു. 42 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 45 റണ്‍സ് നേടിയ കോണ്‍വെയാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ 31 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 43 റണ്‍സ് നേടിയപ്പോള്‍ 34 പന്തുകളില്‍ നിന്ന് മൂന്നു വീതം ഫോറും സിക്‌സും സഹിതം 42 റണ്‍സായിരുന്നു രചിന്‍ നേടിയത്.

നായകന്‍ കെയ്ന്‍ വില്യംസണ്‍(14), മാര്‍ക്ക് ചാപ്മാന്‍(7) എന്നിവരാണ് പുറത്തായ മറ്റ് കിവി ബാറ്റര്‍മാര്‍. കളി അവസാനിക്കുമ്പോള്‍ 17 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും രണ്ടു റണ്‍സുമായി ടോം ലാതവുമായിരുന്നു ക്രീസില്‍. ലങ്കയ്ക്കു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ എയ്ഞ്ചലോ മാത്യൂസാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മഹീഷ് തീക്ഷ്ണ, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം