CRICKET

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി

കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടർന്ന് 2023 മേയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ധോണി സീസണില്‍ 14 മത്സരങ്ങിലും കളത്തിലെത്തിയിരുന്നു

വെബ് ഡെസ്ക്

ഐപിഎല്ലിന്റെ പതിനേഴാം സീസണ്‍ അവസാനത്തോട് അടുക്കുമ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചർച്ചയാണ് ചെന്നൈ സൂപ്പർ കിങ്സ് മുന്‍നായകന്‍ എം എസ് ധോണിയുടെ ഭാവി. പ്രത്യേകിച്ചും ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായ പശ്ചാത്തലത്തില്‍. ധോണി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു.

"ധോണിയുടെ ഭാവി സംബന്ധിച്ച് ഒരുതരത്തിലുള്ള ചർച്ചയും ഡ്രെസിങ് റൂമിലുണ്ടായിട്ടില്ല. അദ്ദേഹത്തോട് ഭാവിയെക്കുറിച്ച് ചോദിച്ചിട്ടില്ല. അദ്ദേഹവും ഒന്നും പറഞ്ഞിട്ടില്ല. ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ ധോണി തന്നെ വ്യക്തമാക്കും. അതുവരെ ഇടപെടാന്‍ ഞങ്ങള്‍ തയാറല്ല," വിശ്വനാഥന്‍ ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടർന്ന് 2023 മേയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ധോണി സീസണില്‍ 14 മത്സരങ്ങിലും കളത്തിലെത്തിയിരുന്നു. 220.55 സ്ട്രൈക്ക് റേറ്റില്‍ 161 റണ്‍സും നേടി. ഏറ്റവും പുതിയ പ്രതികരണത്തില്‍ ശാരീരികക്ഷമത നിലനിർത്തുന്നതിനെക്കുറിച്ച് ധോണി വിശദീകരിച്ചിരുന്നു.

"ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം, വർഷത്തിലുടനീളം ഞാന്‍ ക്രിക്കറ്റ് കളിക്കുന്നില്ല എന്നതാണ്. അതിനാല്‍ പൂർണ കായികക്ഷമതയോടെ ഇരിക്കുക പ്രധാനമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായവരേയും യുവതാരങ്ങളേയുമാണ് നേരിടേണ്ടി വരുന്നത്. പ്രൊഫഷണല്‍ തലം അത്ര എളുപ്പമല്ല. വയസിന്റെ കാര്യത്തില്‍ ആരും ഇളവ് നല്‍കുകയുമില്ല," ധോണി വ്യക്തമാക്കി.

"നിങ്ങള്‍ക്ക് കളിക്കണമെങ്കില്‍ മറ്റ് താരങ്ങളെപോല തന്നെ കായികക്ഷമതയുണ്ടാകണം. ഭക്ഷണക്രമം, പരിശീലനം എന്നിവയെല്ലാം ഇതിന്റെ ഘടകങ്ങളാകുന്നു. സമൂഹമാധ്യമങ്ങളിലില്ലാത്തതുകൊണ്ട് തന്നെ ശ്രദ്ധ വ്യതിചലിക്കുന്നില്ല," ധോണി കൂട്ടിച്ചേർത്തു. ദുബായ് ഐ 103.8 എന്ന യൂട്യൂബ് ചാനലിലാണ് ധോണിയുടെ സംഭാഷണം പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് ശേഷം താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ ധോണി ഡ്രെസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. സംഭവത്തില്‍ ധോണിക്കും ബെംഗളൂരു താരങ്ങള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങളും ഉയർന്നു. ശേഷം ബഹുമാനം നേടുന്നതിനെക്കുറിച്ചുള്ള ധോണിയുടെ വാക്കുകളും ചർച്ചയായി.

"നിങ്ങള്‍ നയിക്കുന്നവരില്‍ നിന്ന് ബഹുമാനം നേടുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങള്‍ ബഹുമാനം കല്‍പ്പിക്കാനോ വാങ്ങാനോ സാധിക്കില്ല. എനിക്ക് ഒരു സ്ഥാനമുണ്ടായിരിക്കാം, അത് ബഹുമാനിക്കപ്പെടേണ്ടതുണ്ട്. പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍, ഒരു സ്ഥാനത്തിരിക്കുമ്പോള്‍, ഞാന്‍ ബഹുമാനം നേടേണ്ടതുണ്ട്. ഞാന്‍ ഒരു സ്ഥാനത്തിരിക്കുന്നതുകൊണ്ട് എന്നെ ബഹുമാനിക്കണമെന്ന് പറയാന്‍ സാധിക്കില്ല," ധോണി ചൂണ്ടിക്കാണിച്ചു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി