ഐസിസി ഏകദിന പുരുഷ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിന്റെ അന്തിമ പട്ടിക തയ്യാറായതായി റിപ്പോർട്ട്. ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി മേധാവിയായ അജിത് അഗാർക്കർ ടീം മാനേജ്മെന്റുമായി ചർച്ച നടത്തിയ ശേഷം അന്തിമ പട്ടിക ഞായറാഴ്ച പുറത്തുവിടുമെന്നാണ് വിവരം. ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ലോകകപ്പ് ടീമും. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിച്ചിട്ടില്ല.
ലോകകപ്പിനുവേണ്ടിയുള്ള 15 അംഗ സ്ക്വാഡിൽ കെ എൽ രാഹുൽ സ്ഥാനമുറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഏഷ്യ കപ്പിന്റെ 17 അംഗ ടീമിലുള്ള തിലക് വർമയ്ക്കും പ്രസീദ് കൃഷ്ണയ്ക്കും സ്ഥാനം നഷ്ടമായി. ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ ലോകകപ്പ് ടീമിൽ തിരികെയെത്തും.
ഏഷ്യ കപ്പിൽ ഇന്ത്യൻ ജേഴ്സി അണിയാൻ കഴിയാതെ പോയ യുസ്വേന്ദ്ര ചാഹലിനെ ഇത്തവണയും സെക്ഷൻ കമ്മിറ്റി പരിഗണിച്ചിട്ടില്ല. എന്നാൽ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധ്യത ടീം
രോഹിത് ശർമ്മ (സി), ഹാർദിക് പാണ്ഡ്യ (വിസി), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (wk), വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ (wk), ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ