ഇന്ത്യയിലെ ഏറ്റവും സമ്പന്ന കായിക ഭരണസമിതിയായ ബി സി സി ഐയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി പുറത്തായത് ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കേട്ടറിഞ്ഞത്. അധ്യക്ഷ സ്ഥാനത്ത് ഒരവസരം കൂടി ഗാംഗുലിക്ക് ലഭിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ സംസ്ഥാന അസോസിയേഷനുകളില്‍ ഭൂരിഭാഗവും എതിരായി വോട്ട് ചെയ്തതോടെ ദാദയ്ക്ക് രണ്ടാമത് അവസരം നല്‍കേണ്ടെന്നു ബി സി സി ഐ ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംസ്ഥാന അസോസിയേഷനുകള്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗാംഗുലിക്കെതിരായ നിലപാട് സ്വീകരിച്ചതെന്നും ബിജെപി അംഗത്വമെടുക്കാന്‍ ഗാംഗുലി വിസമ്മതിച്ചതു കാരണമാണ് അദ്ദേഹത്തെ തഴഞ്ഞതെന്നുമാണ് ആരോപണമുയരുന്നത്.
ബംഗാളിന്റെ 'സ്വത്വം' അപമാനിക്കപ്പെട്ടുവെന്നാണ് ഇതേക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം. ഗാംഗുലിയെ തഴഞ്ഞതിനെതിരേ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തുമയച്ചു. 'ബംഗാളിന്റെ അഭിമാനം തഴയപ്പെട്ടു, ഇത് നാണക്കേടാണ്' എന്നാണ് മമത പറഞ്ഞത്.
ഗാംഗുലിയെ ബിജെപിയിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നോ എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ട വൃത്തങ്ങളൊന്നും തയാറാകുന്നിലെങ്കിലും ആ ആരോപണം നിഷേധിക്കാന്‍ ആരും മുന്നിട്ടിറങ്ങുന്നില്ല. ഒരു സ്ഥാനത്ത് ഒന്നിലധികം അവസരം നല്‍കേണ്ടെന്ന നിലപാട് കാരണമാണ് ഗാംഗുലിക്ക് അവസരം നിഷേധിച്ചതെന്ന് അവര്‍ക്ക് വാദിക്കാനുമാകില്ല.
കാരണം ഇന്നുവരെ കളത്തിലിറങ്ങി ക്രിക്കറ്റ് കളിക്കാത്ത ജയ് ഷായ്ക്കും അരുണ്‍ സിങ് ധുമാലിനുമൊക്കെ രണ്ടാമതും അവസരം നല്‍കിയപ്പോള്‍ ഗാംഗുലിയെ മാത്രം തഴഞ്ഞതെന്ത്? ഇവിടെയാണ് തൃണമൂലും പശ്ചിമ ബംഗാളിലെ അവശേഷിക്കുന്ന സിപിഎമ്മും എല്ലാം ബിജെപിയുടെ രാഷ്ട്രീയ വൈരം ആരോപിക്കുന്നത്.
കൃത്യമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാത്ത വ്യക്തിയാണ് ഗാംഗുലി എന്നു നിസംശയം പറയാമെങ്കിലും തന്റെ കരിയറില്‍ പലപ്പോഴും അദ്ദേഹം രാഷ്ട്രീയ ചായ്‌വ് തുറന്നുകാട്ടിയിട്ടുണ്ട്. ക്രിക്കറ്റില്‍ കളിയുടെ ഗതി കൃത്യമായി മനസിലാക്കുന്ന ഒരു നായകനായിരുന്നു ഗാംഗുലി. അതേ ചാതുര്യം അദ്ദേഹം കളത്തിനു പുറത്തും പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് തുടക്കത്തില്‍ സിപിഎമ്മുമായി ഉണ്ടായിരുന്ന അടുപ്പം പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നപ്പോള്‍ ഗാംഗുലിയേ തൃണമൂല്‍ പാളയത്തിലേക്ക് എത്തിച്ചത്.
ദീദിയും ദാദയും
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അനുയായികള്‍ വിളിക്കുന്നത് ദീദിയെന്നാണ്, ഗാംഗുലിയെ ആരാധകര്‍ ദാദയെന്നും. ദീദിയും ദാദയും ചേര്‍ന്ന ബംഗാളില്‍ തൃണമൂല്‍ ദീര്‍ഘകാലം വാഴുമെന്നു പ്രചരിപ്പിച്ചത് അവരുടെ പ്രവര്‍ത്തകര്‍ തന്നെയാണ്. മമതയുമായുള്ള ഗാംഗുലിയുടെ അടുപ്പമായിരുന്നു അതിനു കാരണം. തൃണമൂലിന്റെ പലപരിപാടികളിലും ഗാംഗുലിയായിരുന്നു മുഖ്യശ്രദ്ധാകേന്ദ്രം. എന്തിനധികം, തൃണമൂല്‍ ടിക്കറ്റില്‍ ഗാംഗുലി നിയമസഭയിലേക്കു മത്സരിക്കുമെന്നു വരെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നു വിരമിച്ചപ്പോള്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷേ ഒന്നിനും ഗാംഗുലി മറുപടി പറഞ്ഞില്ലെന്നു മാത്രം.
തൃണമൂലുമായി ഇത്ര അടുപ്പമുള്ള ഗാംഗുലി എങ്ങനെ പിന്നെ ബിജെപി പാളയത്തിലെത്തുമെന്ന സംശയം ഇവിടെ സ്വാഭാവികമാണ്. പക്ഷേ താരത്തെ അറിയുന്ന ആര്‍ക്കും അത് കൃത്യമായി മനസിലാക്കാനാകും. ഇന്ത്യന്‍ ക്രിക്കറ്റിലെ ഗാംഗുലി കാലഘട്ടത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി.
ജഗ്‌മോഹന്‍ ഡാല്‍മിയ എന്ന അതികായന്റെ തണലിലാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റില്‍ വളര്‍ന്നുവന്നത്. ഡാല്‍മിയയുടെ പിന്തുണയോടെ അല്ലെങ്കില്‍ ഡാല്‍മിയയുടെ സ്വാധീനം ഉപയോഗിച്ചു തന്നെ ശക്തരായ മുംബൈ ലോബിയെ തോല്‍പിച്ച് ടീം ഇന്ത്യയുടെ നായക സ്ഥാനത്തെത്താനും ഗാംഗുലിക്കായി. എന്നാല്‍ പിന്നീട് ഡാല്‍മിയയുടെ സ്വധീനം കുറഞ്ഞതോടെ ഗാംഗുലി അദ്ദേഹവുമായി അകലുന്ന കാഴ്ചയാണ് കണ്ടത്. അതുതന്നെയാണ് ബിജെപിയോടും തൃണമൂലിനോടും ഗാംഗുലി കാട്ടിയത്. തൃണമൂല്‍ അതു ക്ഷമിച്ചപ്പോള്‍ ബിജെപി അതിനു തയാറായില്ലെന്ന വ്യത്യാസം മാത്രം.
എന്നും എപ്പോഴും നായക സ്ഥാനത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാംഗുലി ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം ഉന്നമിട്ടത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത പദവി തന്നെയാണ്. അതിന് ഇരുകൂട്ടരുടെയും പിന്തുണ വേണമെന്നതിനാല്‍ ഗാംഗുലി തൃണമൂലിനോടും ബിജെപിയോടും ഒരേപോലെ അടുപ്പം സൂക്ഷിച്ചു.
2014-ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം ബിജെപി പ്രധാനമായി ഉന്നമിട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാള്‍. ദീദിയെ വീഴ്ത്തി വംഗനാട് പിടിക്കാന്‍ ദാദയെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിച്ചത് അന്നു മുതലാണ്. ഗാംഗുലിയെ പ്രീതിപ്പെടുത്താന്‍ തന്നെയാണ് സംസ്ഥാന അസോസിയേഷനുകളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തി അവര്‍ ബിസിസിഐ അധ്യക്ഷ പദം താരത്തിനു നല്‍കിയത്.
എന്നാല്‍ കാര്യങ്ങള്‍ ബിജെപിയുടെ വരുതിക്കു നിന്നില്ല. ഗാംഗുലിയെ പലകുറി പാളയത്തില്‍ എത്തിക്കാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും തികഞ്ഞ നയചാതുരിയോടെ ഗാംഗുലി എന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ വരെ ബിജെപി ശ്രമം നടത്തിയെങ്കിലും ക്രിക്കറ്റ് വിട്ട് മറ്റൊരു ഇന്നിങ്‌സിനില്ലെന്നു തന്നെ ഗാംഗുലി ഉറച്ചുനിന്നു.
താരത്തെ അനുനയിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരെ നേരിട്ടിറങ്ങിയിരുന്നു. ഇക്കഴിഞ്ഞ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുമ്പ് കൊല്‍ക്കത്തയിലെത്തിയ അമിത് ഷാ ഗാംഗുലിയുടെ വീട്ടിലാണ് വിരുന്നിനെത്തിയത്. താരവുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിട്ടും ബിജെപിക്കായി പരസ്യമായി രംഗത്തിറങ്ങുന്നതിനോട് ഗാംഗുലി വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
തൃണമൂലിന് വീണുകിട്ടിയ അവസരം
ബിജെപിയുടെ പ്രതികാര നടപടി വീണുകിട്ടിയ അവസരമായാണ് തൃണമൂല്‍ കാണുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയില്‍ നിന്നു കടുത്ത വെല്ലുവിളി ഉയരുമ്പോള്‍ ഗാംഗുലിയെപ്പോലെ ബംഗാള്‍ ജനതയ്ക്കിടയില്‍ വന്‍ സ്വാധീനമുള്ള ഒരാളെ ഒപ്പം നില്‍ക്കാന്‍ ലഭിക്കുകയെന്നത് അവര്‍ക്ക് കിട്ടിയ ബമ്പര്‍ ലോട്ടറിയാണ്.
ഗാംഗുലിയെ തഴഞ്ഞതിനെതിരേ തൃണമൂല്‍ നടത്തുന്ന പ്രതിഷേധ കോലാഹലങ്ങളും പ്രധാനമന്ത്രിക്ക് ഉടനടി മമത നേരിട്ട് കത്തെഴുതുന്നതുമെല്ലാം ഈ ഉദ്ദേശത്തിലുമാണ്. ഗാംഗുലിയും ഇപ്പോള്‍ അതിനോട് പ്രതികരിച്ചു തുടങ്ങി. ഐസിസി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാനത്തേക്കു മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത് മമതയുടെ പിന്തുണ ഉറപ്പാക്കി തന്നെയാണ്.
കിട്ടുന്നത് തിരിച്ചുകൊടുത്തു തന്നെയാണ് ഗാംഗുലിക്കു ശീലം. കളത്തിലുള്ള കാലത്ത് ആന്‍ഡ്രൂ ഫ്‌ളിന്റോഫിനും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ കോച്ച് ഗ്രെഗ് ചാപ്പലിനുമൊക്കെ ഗാംഗുലി നല്‍കിയ മറുപടികള്‍ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. തന്നെ അപമാനിച്ചു പുറത്താക്കിയ ബിജെപിക്കെതിരേ ഗാംഗുലിയുടെ മറുപടി എന്താകും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മമതയെപ്പോലൊരാള്‍ പിന്തുണയ്ക്കാനുള്ളപ്പോള്‍ എന്തായാലും അതു ചെറുതാകാന്‍ വഴിയില്ല.