ദുബായിയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് താരലേലത്തില്‍ കോളടിച്ചത് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഓസീസ് താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവര്‍ ചേര്‍ന്ന് കൊയ്തത് 52.05 കോടിയാണ്. 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ സ്റ്റാര്‍ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായപ്പോള്‍ 20.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സില്‍ എത്തിയ കമ്മിന്‍സാണ് വിലയേറിയ രണ്ടാമത്തെ താരം.
ലേലത്തില്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പിന്തള്ളിയാണ് 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ നൈറ്റ്റൈഡേഴ്സാണ് സ്വന്തമാക്കിയത്. അവസാന നിമിഷം വരെ മത്സരിച്ച ടൈറ്റന്‍സ് സ്റ്റാര്‍ക്കിനു വേണ്ടി ചിലവഴിക്കാന്‍ 24.50 കോടി വരെ വിളിച്ചിരുന്നു. അതിന് ഒരു മണിക്കൂര്‍ മുമ്പാണ് 20.50 കോടിയ്ക്ക് കമ്മിന്‍സിനെ ഹൈദരാബാദ് വിളിച്ചെടുത്തത്. കമ്മിന്‍സ് ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി റെക്കോഡിട്ട് ഒരു മണിക്കൂറിനകം സ്റ്റാര്‍ക് ആ റെക്കോഡ് തകര്‍ക്കുകയായിരുന്നു. രണ്ടു കോടി രൂപയായിരുന്നു ഇരുതാരങ്ങളുടെയും അടിസ്ഥാന വില.
ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറൊ ട്രാവിസ് ഹെഡിനേയും ഹൈദരാബാദാണ് നേടിയത്. 6.8 കോടി രൂപയ്ക്കാണ് ഹെഡിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ഇവര്‍ക്കു പുറമേ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെത്തിച്ച ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ഡാരില്‍ മിച്ചലാണ് ഇന്ന് നേട്ടം കൊയ്ത മറ്റൊരു താരം. 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ഇന്ന് പത്തുകോടി കടന്ന നാലാമത്തെ താരം.
ദുബായില്‍ നടന്ന ലേലത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കു പുറമേ അണ്‍ക്യാപ്ഡ് താരങ്ങളും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. 8.4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ സമീര്‍ റിസ്‌വിയാണ് അണ്‍ക്യാപ്ഡ് താരങ്ങളില്‍ സൂപ്പര്‍ താരമായത്. വെറും 10 ലക്ഷം മാത്രമായിരുന്നു റിസ്‌വിയുടെ അടിസ്ഥാന വില. ഗുജറാത്ത് ടൈറ്റന്‍സാണ് വാശിയേറിയ മത്സരത്തില്‍ റിസ്‌വിക്കായി ചെന്നൈയോട് മത്സരിച്ചത്.
റിസ്‌വിക്ക് പിന്നാലെ കുമാര്‍ കുശാഗ്രയാണ് ഞെട്ടിച്ച മറ്റൊരു യുവതാരം. 7.2 കോടി രൂപയ്ക്ക് കുശാഗ്രയെ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ കൂടിയായ കുശാഗ്രയെ ഋഷഭ് പന്തിന്റെ ബായ്ക്കപ്പായാണ് ഡല്‍ഹി ടീമിലെത്തിച്ചത്. യുവതാരത്തിനു വേണ്ടി ടൈറ്റന്‍സായിരുന്നു ഡല്‍ഹിയുമായി മത്സരിച്ചത്. മറ്റൊരു അണ്‍ക്യാപ്ഡ് താരം ശുഭം ദുബെയെ ആറു കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി.
ലേലത്തില്‍ ആദ്യ താരം വെസ്റ്റ് ഇന്‍ഡീസിന്റെ റോവ്മാന്‍ പവലായിരുന്നു. താരത്തെ 7.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം റൈലി റൂസൊയെ ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാന്‍ ഒരു ടീമും തയാറായില്ല. ഇംഗ്ലണ്ടിന്റെ യുവതാരം ഹാരി ബ്രൂക്കിനെ നാല് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് കൂടാരത്തിലെത്തിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദ് മെഗാതാരലേലത്തില്‍ 13.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമായിരുന്നു ഹാരി ബ്രൂക്ക്.
ജെറാള്‍ഡ് കോട്സി (അഞ്ച് കോടി, മുംബൈ ഇന്ത്യന്‍സ്), അസ്മത്തുള്ള ഒമര്‍സായി (50 ലക്ഷം, ഗുജറാത്ത് ടൈറ്റന്‍സ്), ശാര്‍ദൂല്‍ താക്കൂര്‍ (നാല് കോടി, ചെന്നൈ സൂപ്പര്‍ കിങ്സ്), രച്ചിന്‍ രവീന്ദ്ര (1.8 കോടി, ചെന്നൈ സൂപ്പര്‍ കിങ്സ്), വനിന്ദു ഹസരങ്ക (1.5 കോടി സണ്‍റൈസേഴ്സ് ഹൈദരാബാദ്) എന്നിവരാണ് ലേലത്തില്‍ വിറ്റുപോയ മറ്റ് താരങ്ങള്‍.