Pankaj Nangia
CRICKET

എമര്‍ജിങ് ഏഷ്യാ കപ്പ്: ഇന്ത്യന്‍ യുവനിര തോറ്റു, കിരീടം പാകിസ്താന്‍ എ ടീമിന്

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 40 ഓവറില്‍ 224 റണ്‍സില്‍ അവസാനിച്ചു

വെബ് ഡെസ്ക്

കൊളംബോയില്‍ നടന്ന എമര്‍ജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താന്‍ എ ടീമിന് കിരീടം. ഇന്നു നടന്ന ഫൈനലില്‍ ഇന്ത്യ എ ടീമിനെ 128 റണ്‍സിനു തോല്‍പിച്ചാണ് അവര്‍ കിരീടം ചൂടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 40 ഓവറില്‍ 224 റണ്‍സില്‍ അവസാനിച്ചു.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍മാരായ സായ് സുദര്‍ശനും അഭിഷേക് ശര്‍മയും വേഗത്തില്‍ സ്‌കോര്‍ ചെയ്ത് തുടക്കം ഗംഭീരമാക്കി. എന്നാല്‍ അധികനേരം തുടരാനായില്ല. ഒമ്പതാം ഓവറില്‍ ടീം സ്‌കോര്‍ 64-ല്‍ നില്‍ക്കെ 29 റണ്‍സ് നേടിയ സുദര്‍ശന്‍ പുറത്തായി.

മൂന്നാമനായി എത്തിയ നിഖിന്‍ ജോസ്(11) വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ 12.2 ഓവറില്‍ രണ്ടിന് 80 എന്ന നിലയിലേക്കു വീണു. പിന്നീട് മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് നായകന്‍ യാഷ് ദുള്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ അര്‍ധസഞ്ചുറി തികച്ചതിനു പിന്നാലെ അഭിഷേകിനെ വീഴ്ത്തി സുഫിയാന്‍ മുകീം പാകിസ്താന് മേല്‍കൈ സമ്മാനിച്ചു. 51 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 61 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ അഭിഷേകിന്റെ സമ്പാദ്യം. അഭിഷേക് മടങ്ങിയതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.

പിന്നീടെത്തിയ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. 41 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ നായകന്‍ ദുള്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് പുറത്തായതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പായി. നിഷാന്ത് സിന്ധു(10), ധ്രൂവ് ജൂറല്‍(9), റിയാന്‍ പരാഗ്(14), ഹര്‍ഷിത് റാണ(13) എന്നിവര്‍ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയതോടെ പാകിസ്താന്‍ കൂറ്റന്‍ ജയത്തിലേക്ക് നീങ്ങി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ സൂഫിയാന്‍ മുകീമാണ് പാകിസ്താനു വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി അര്‍ഷാദ് ഇക്ബാലും മെഹ്‌റാന്‍ മുംതാസും മുഹമ്മദ് വാസിമും മികച്ച പിന്തുണ നല്‍കി.

നേരത്തെ സെഞ്ചുറി നേടിയ മധ്യനിര താരം തയ്യബ് താഹിറിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ സായിം അയൂബിന്റെയും സാഹിബ്‌സദ ഫര്‍ഹാന്റെയും പ്രകടന മികവിലാണ് പാകിസ്താന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

തയ്യബ് 71 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 108 റണ്‍സാണ് നേടിയത്. ഫര്‍ഹാന്‍ 62 പന്തുകളില്‍ നിന്ന് നാലു വീതം ഫോറും സിക്‌സറും സഹിതം 65 റണ്‍സ് നേടിയപ്പോള്‍ 51 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 59 റണ്‍സായിരുന്നു സായിമിന്റെ സംഭാവന.

35 റണ്‍സ് വീതം നേടിയ ഒമര്‍ യൂസഫ്, മുബാഷിര്‍ ഖാന്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ റിയാന്‍ പരാഗ്, രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍ എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഹര്‍ഷിത് റാണ, മാനവ് സുതര്‍, നിഷാന്ത് സിന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ യാഷ് ദുള്‍ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ തീരുമാനം തെറ്റിയെന്നു മനസിലാക്കാന്‍ അധികം വൈകിയില്ല. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്ത സായിമും ഫര്‍ഹാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് പാകിസ്താന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 17.2 ഓവറില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

പിന്നീട് വലിയ കൂട്ടുകെട്ടുകള്‍ പിറക്കാതെ പോയപ്പോള്‍ പാകിസ്താനെ എറിഞ്ഞു പിടിക്കാമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. ഒന്നിന് 121 എന്ന നിലയില്‍ നിന്ന് അഞ്ചിന് 187 എന്ന നിലയിലേക്ക് അവരെ തള്ളിയിടാനും ഇന്ത്യക്കായി. എന്നാല്‍ ആറാം വിക്കറ്റില്‍ മുബാഷിറിനെ കൂട്ടുപിടിച്ച് തയ്യബ് നടത്തിയ പ്രത്യാക്രമണം ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

റണ്‍റേറ്റ് ഇടിയാതെ ഇന്ത്യക്കെതിരേ കടന്നാക്രമണം നടത്തിയ ഈ സഖ്യം 15 ഓവറല്‍ 126 റണ്‍സ് അടിച്ചു കൂട്ടി പാകിസ്താനെ 300 കടത്തി. സെഞ്ചുറി നേടിയതിനു പിന്നാലെ തയ്യബ് പുറത്തായെങ്കിലും മുബഷിറും വാലറ്റവും ചേര്‍ന്ന് അവരെ 350 കടത്തുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ