2023 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആരാധകര്‍ കാത്തിരുന്ന ഹൈവോള്‍ട്ടേജ് പോരാട്ടത്തില്‍ പാകിസ്താനെതിരേ മാന്യമായ സ്‌കോര്‍ നേടി ഇന്ത്യ. മഴയും ബാറ്റിങ് തകര്‍ച്ചയും മൂലം നട്ടംതിരിഞ്ഞിട്ടും മധ്യനിര ബാറ്റര്‍മാരുടെ മിന്നും പ്രകടനത്തിന്റെ മികവില്‍ 48.5 ഓവറില്‍ 266 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. തകര്‍പ്പന്‍ അര്‍ധഞ്ചെുറികളുമായി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനുമാണ് ടീം ഇന്ത്യയുടെ രക്ഷകരായത്.
ഒരു ഘട്ടത്തില്‍ നാലിന് 66 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ഇന്ത്യക്ക് അഞ്ചാം വിക്കറ്റില്‍ ഇഷാന്‍-ഹാര്‍ദ്ദിക് കൂട്ടുകെട്ടാണ് തുണയായത്. ഹാര്‍ദ്ദിക് 90 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 87 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 81 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 82 റണ്‍സാണ് നേടിയത്. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 138 റണ്‍സാണ് വന്‍ നാണക്കേടില്‍ ഇന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്.
ഇരുവര്‍ക്കും മുന്നും പിന്നുമിറങ്ങിയ താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയതാണ് കൂറ്റന്‍ സ്‌കോര്‍ എന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്. നായകന്‍ രോഹിത് ശര്‍മ(11), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(10), മുന്‍ നായകന്‍ വിരാട് കോഹ്ലി(4), മധ്യനിര താരങ്ങളായ ശ്രേയസ് അയ്യര്‍(14), രവീന്ദ്ര ജഡേജ(14), ഷാര്‍ദ്ദൂല്‍ താക്കൂര്‍(3) എന്നിവര്‍ നിരാശപ്പെടുത്തി.
രണ്ടു തവണ മഴ കളിമുടക്കിയ മത്സരത്തില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. കരുതലോടെ ബാറ്റുവീശിയെങ്കിലും ആദ്യ പത്തോവറിനുള്ളില്‍ തന്നെ ഇന്ത്യക്ക് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രോഹിതിനെയും കോഹ്ലിയെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് തുടക്കത്തിലേ ഇന്ത്യയെ പിറകോട്ടടിച്ചത്.
പിന്നീട് ഗില്ലും ശ്രേയസും ഹാരിസ് റൗഫിനു മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 66 എന്ന നിലയിലായി. ഇതിനു ശേഷമായിരുന്നു ഇഷാന്‍-ഹാര്‍ദ്ദിക് കൂട്ടുകെട്ടിന്റെ രക്ഷാപ്രവര്‍ത്തനം. ആദ്യം സിംഗിളുകളിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഇരുവരും നിലയുറപ്പിച്ച ശേഷം മികച്ച സ്‌ട്രോക്ക് പ്ലേ തന്നെ കാഴ്ചവച്ചു.
15-ാം ഓവറില്‍ ക്രീസില്‍ ഒന്നിച്ച ഇവര്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി ടീമിനെ കരകയറ്റുകയായിരുന്നു. ഒടുവില്‍ 38-ാം ഓവറിന്റെ മൂന്നാം പന്തില്‍ ഹാരിസ് റൗഫിന് വിക്കറ്റ് നല്‍കി ഇഷാന്‍ മടങ്ങിയപ്പോഴാണ് പാകിസ്താന്‍ താരങ്ങള്‍ കളത്തിലുണ്ടെത്ത് കാണികള്‍ ഓര്‍ത്തത്. ഇഷാന്‍ വീണതിനു പിന്നാലെ വീണ്ടും ബാറ്റിങ് തകര്‍ച്ച ആരംഭിച്ചു.
ജഡേജയ്‌ക്കൊപ്പം കൂട്ടുകെട്ടുയര്‍ത്താന്‍ ഹാര്‍ദ്ദിക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. സെഞ്ചുറിക്ക് 13 റണ്‍സ് അകലെ അഫ്രീദിക്കു വിക്കറ്റ് സമ്മാനിച്ച് ഹാര്‍ദ്ദിക് മടങ്ങി. അതേ ഓവറില്‍ തന്നെ ജഡേജയെയും വീഴ്ത്തിയ പാക് പേസര്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ ഷാര്‍ദ്ദൂല്‍ നസീം ഷായുടെ പന്തില്‍ പുറത്തായതോടെ ഇന്ത്യ 250 കടക്കുമോയെന്ന സംശയത്തിലായി.
എന്നാല്‍ അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വാലറ്റക്കാരായ ജസ്പ്രീത് ബുംറ(16), കുല്‍ദീപ് യാദവ്(4) മുഹമ്മദ് സിറാജ്(1)എന്നിവര്‍ ചേര്‍ന്ന് ടീമിനെ 266-ല്‍ എത്തിക്കുകയായിരുന്നു. പാകിസ്താനു വേണ്ടി 10 ഓവറില്‍ വെറും 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അഫ്രീദിയാണ് ബൗളിങ്ങില്‍ മികച്ചു നിന്നത്. മൂന്നു വിക്കറ്റുകളുമായി ഹാരിസ് റൗഫും നസീം ഷായും അഫ്രീദിക്ക് മികച്ച പിന്തുണ നല്‍കി.