ഈ വര്‍ഷം അവസാനം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ ഇന്ത്യന്‍ മണ്ണിലേക്ക് വരില്ലെന്ന് ഏറെക്കുറേ ഉറപ്പായി. പാകിസ്താന്‍ ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാക് മണ്ണിലേക്ക് പോകാത്തതില്‍ പ്രതിഷേധിച്ച് ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നായിരുന്നു പാകിസ്താന്റെ ഭീഷണി.
എന്നാല്‍ ഇപ്പോള്‍ ഐ.സി.സി. വൃത്തങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ലോകകപ്പില്‍ പാകിസ്താന്‍ പങ്കെടുക്കുമെന്നും എന്നാല്‍ പാക് ടീമിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ബംഗ്ലാദേശില്‍ വച്ചു നടക്കുമെന്നുമാണ് സൂചനകള്‍.
ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്കു പോകാന്‍ തയാറാകാത്ത ഇന്ത്യന്‍ ടീം തങ്ങളുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലാണ് കളിക്കുന്നത്. യു.എ.ഇയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ അരങ്ങേറുക. ഇതിനു സമാനമായ രീതിയില്‍ ലോകകപ്പ് മത്സരങ്ങള്‍ പുനര്‍ക്രമീകരിക്കുകയാണ് ഐ.സി.സി. വൃത്തങ്ങള്‍ ചെയ്തത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നു പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇ.എസ്.പി.എന്‍. ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ലോകകപ്പിലോ ഏഷ്യാ കപ്പിലോ ഇന്ത്യ-പാകിസ്താന്‍ മത്സരം വന്നാല്‍ അത് എങ്ങനെ സംഘടിപ്പിക്കുമെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഏഷ്യാ കപ്പില്‍ സ്വന്തം മണ്ണില്‍ കളിക്കാന്‍ പാകിസ്താനും ലോകകപ്പില്‍ സ്വന്തം മണ്ണില്‍ കളിക്കാന്‍ ഇന്ത്യയും നിര്‍ബന്ധം പിടിക്കുമെന്ന സാഹചര്യത്തില്‍ ഇരുടീമുകള്‍ തമ്മില്‍ മത്സരം വന്നാല്‍ അതും നിഷ്പക്ഷ വേദിയിലേക്കു മാറ്റുമോയെന്ന് വ്യക്തമാക്കാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയാറായിട്ടില്ല.
ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് ഇന്ത്യന്‍ ടീമിനെ അയയ്ക്കില്ലെന്നു ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ അറിയിച്ചതിനേത്തുടര്‍ന്നാണ് പാകിസ്താന്‍ ഇടഞ്ഞത്. ഇതിനു പിന്നാലെ ലോകകപ്പ് ബഹിഷ്‌കരണമടക്കമുള്ള ഭീഷണികളും പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തെടുത്തിരുന്നു.
എന്നാല്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്നു പിന്നോക്കം പോകില്ലെന്ന നിലപാടില്‍ ബി.സി.സി.ഐ. ഉറച്ചു നിന്നതോടെയാണ് സമവായ നീക്കവുമായി ഐ.സി.സി. തന്നെ രംഗത്തെത്തിയത്. തുടര്‍ന്ന് ദുബായിയില്‍ കഴിഞ്ഞാഴ്ച നടന്ന ചര്‍ച്ചകളിലാണ് പാകിസ്താന്റെ ലോകകപ്പ് മത്സരങ്ങള്‍ ബംഗ്ലാദേശിലേക്കു മാറ്റാമെന്ന തരത്തില്‍ ഒത്തുതീര്‍പ്പ് ഉടലെടുത്തത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.