2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍തോല്‍വികള്‍ക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തി പാകിസ്താന്‍. ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി അവര്‍ തങ്ങളുടെ നേരിയ സെമി സാധ്യത നിലനിര്‍ത്തി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 45.1 ഓവറില്‍ വെറും 204 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ഫഖര്‍ സമാന്റെും അബ്ദുള്ള ഷഫീഖിന്റെയും മികച്ച പ്രകടനമാണ് പാകിസ്താന് ജയമൊരുക്കിയത്. ഫഖര്‍ 74 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 81 റണ്‍സ് നേടി ടോപ്‌സ്‌കോററായപ്പോള്‍ 69 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 68 റണ്‍സാണ് ഷഫീഖ് അടിച്ചെടുത്തത്. ഇവര്‍ക്കു പുറമേ ഇന്നും നിരാശപ്പെടൃത്തിയ നായകന്‍ ബാബര്‍ അസമിന്റെ(9) വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.
കളി അവസാനിക്കുമ്പോള്‍ 26 റണ്‍സുമായി മുഹമ്മദ് റിസ്വാനും 17 റണ്‍സുമായി ഇഫ്തിഖര്‍ അഹമ്മദുമായിരുന്നു ക്രീസില്‍. ഇന്നത്തെ തോല്‍വിയോടെ ബംഗ്ലാദേശ് ഈ ലോകകപ്പില്‍ നിന്നു സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി. ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റ് മാത്രമുള്ള അവര്‍ക്ക് ശേഷിച്ച രണ്ടു മത്സരങ്ങള്‍ ജയിച്ചാല്‍ പോലും ഇനി അവസാന നാലില്‍ എത്താനാകില്ല. അതേസമയം ഏഴു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തിയ പാകിസ്താന്‍ തങ്ങളുടെ നേരിയ സാധ്യത നിലനിര്‍ത്തി. അവസാന രണ്ടു മത്സരങ്ങളില്‍ വന്‍ ജയം നേടുകയും ഒപ്പം ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളുടെ തോല്‍വി ഉറപ്പാക്കുകയും ചെയ്താല്‍ അവര്‍ക്ക് അവസാന നാലില്‍ എത്താം. നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരേയാണ് പാകിസ്താന്റെ അടുത്ത മത്സരം.
നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കീബ് അല്‍ ഹസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനം തെറ്റിയെന്നു തെളിയാന്‍ അധികനേരം വേണ്ടി വന്നില്ല. അക്കൗണ്ട് തുറക്കും മുമ്പ് ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ ഓപ്പണര്‍ തന്‍സിദ് ഹസന്റെ(0) വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. ഷഹീന്‍ അഫ്രീദിയാണ് തന്‍സിദിനെ മടക്കിയത്. തന്റെ അടുത്ത ഓവറില്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(4)യെയും മടക്കിയ അഫ്രീദി അവര്‍ക്ക് ഇരട്ടപ്രഹരമേല്‍പ്പിക്കുകയും ചെയ്തു.
രണ്ടിന് ആറ് എന്ന നിലയില്‍ പതറിയ ബംഗ്ലാദേശിനെ പിന്നീട് ഒത്തുചേര്‍ന്ന ലിറ്റണ്‍ ദാസും മുഷ്ഫിഖര്‍ റഹീമും ചേര്‍ന്ന് കരകയറ്റാനുള്ള ശ്രമമാരംഭിച്ചു. എന്നാല്‍ അധികം നീണ്ടില്ല. അഞ്ച് റണ്‍സ് എടുത്ത മുഷ്ഫിഖറിനെ വിക്കറ്റിനു പിന്നില്‍ മുഹമ്മദ് റിസ്വാന്റെ കൈകളില്‍ എത്തിച്ച ഹാരിസ് റൗഫ് അവരെ മൂന്നിന് 23 എന്ന നിലയിലേക്ക് തള്ളിയിട്ടു.
ദാസിന് കൂട്ടായി മഹ്മദുള്ള എത്തിയതോടെയാണ് പിന്നീട് ബംഗ്ലാദേശ് തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 100 കടത്തി. ഇതിനു പിന്നാലെ ലിറ്റണ്‍ ദാസിനെ വീഴ്ത്തിയ ഇഫ്തിഖര്‍ പാകിസ്താന് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നീട് എത്തിയവരില്‍ മെഹ്ദി ഹസനൊഴികെ മാറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.
ഇതിനിടെ അര്‍ധസെഞ്ചുറി തികച്ച മഹ്മദുള്ളയെ മടക്കി അഫ്രീദി ബംഗ്ലാദേശിന്റെ തിരിച്ചുവരവ് മോഹങ്ങള്‍ അവസാനിപ്പിച്ചു. പുറത്താകുമ്പോള്‍ 70 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 56 റണ്‍സായിരുന്നു മഹ്മദുള്ളയുടെ സമ്പാദ്യം. മെഹ്ദി ഹസന്‍ 25 റണ്‍സ് നേടി. പാകിസ്താനു വേണ്ടി മൂന്നു വിക്കറ്റ് വീതം നേടിയ അഫ്രീദിയും മുഹമ്മദ് വസീമുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഹാരിസ് റൗഫ് രണ്ടും ഇഫ്തിഖര്‍ അഹമ്മദ്, ഉസാമ മിര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.