അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായി നടക്കുന്ന 2024 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് ബാറ്റിങ്. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെത്തുടര്‍ന്ന് അരമണിക്കൂറോളം വൈകിയാണ് ടോസ് വീണത്.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ എട്ടുവിക്കറ്റിന്റെ ആധികാരിക ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അയര്‍ലന്‍ഡിനെതിരേ കളിച്ച ഇലവനില്‍ നിന്ന്ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് ഇൗ മത്സരത്തിലും അവസരം ലഭിച്ചില്ല.
എന്നാല്‍ മറുവശത്ത് ആദ്യ മത്സരത്തില്‍ കുഞ്ഞന്മാരായ അമേരിക്കയോടേറ്റ തോല്‍വിയുടെ ഞെട്ടലിലാണ് പാകിസ്താന്‍. ഇന്ന് ഇന്ത്യക്കെതിരേ കൂടി പരാജയം നേരിട്ടാല്‍ സൂപ്പര്‍ എട്ടിലേക്ക് കടക്കാമെന്ന പാക് പ്രതീക്ഷകള്‍ ഏറെക്കുറേ അസ്തമിക്കും. ഗ്രൂപ്പ് എയില്‍ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച യുഎസ്എയാണ് നാലു പോയിന്റുമായി ഒന്നാമത്. ഒരു ജയം വീതമുള്ള ഇന്ത്യയും കാനഡയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു മത്സരവും ജയിക്കാത്ത പാകിസ്താനും അയര്‍ലന്‍ഡും ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.
കഴിഞ്ഞ മത്സരത്തില്‍ യുഎസ്എയ്‌ക്കെതിരേ ഇറങ്ങിയ ഇലവനില്‍ നിന്ന് ഒരുമാറ്റമാണ് പാക് നിരയിലുള്ളത്. അസം ഖാന് പകരം ഓള്‍റൗണ്ടര്‍ ഇമാദ് വസിം ഇടംപിടിച്ചു.
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മികച്ച റെക്കോഡാണ് ഇന്ത്യക്കുള്ളത്. കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഒരേയൊരു തവണയാണ് ഇന്ത്യയെ കീഴടക്കാന്‍ പാകിസ്താന് കഴിഞ്ഞത്. 2021-ല്‍ ദുബായിയില്‍ നടന്ന ലോകകപ്പിലായിരുന്നു അത്. അതിനു ശേഷം തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ അതിന് പകരം വീട്ടുകയും ചെയ്തിരുന്നു.