ഇന്ത്യയില്‍ നടക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ടീമിൽ സൈക്കോളജിസ്റ്റിനെ ഉൾപ്പെടുത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആലോചന. ഇന്ത്യയിൽ നടക്കാൻ പോകുന്ന ഐസിസി ഏകദിന ലോകകപ്പിന്റെ ഭാഗമായാണ് സൈക്കോളജിസ്റ്റിനെ ഉൾപ്പെടുത്താനുള്ള പിസിബി തീരുമാനം. എന്നാൽ പിസിബി ചെയർമാൻ സാക്ക അഷ്‌റഫും ടീം ക്യാപ്റ്റൻ ബാബർ അസമും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.
2016 ന് ശേഷം ഇന്ത്യയിൽ മത്സരത്തിനെത്തുന്ന പാകിസ്താനെ സംബന്ധിച്ചിടത്തോളം സൈക്കോളജിസ്റ്റിന്റെ സാന്നിധ്യം വളരെ നിർണായകമാണ്. ഏകദിന ലോകകപ്പ് തീരുമാനിച്ചത് മുതൽ നിരവധി പ്രശ്നങ്ങളിലൂടെയായിരുന്നു പാകിസ്താൻ ടീം കടന്ന് പോയത്. ഇന്ത്യയിലെ ലോകകപ്പ് വേദി സംബന്ധിച്ചുള്ള അനിശ്ചിതത്വവും നിരന്തരമായ വേദി മാറ്റവും വിവാദങ്ങളും പാക് താരങ്ങൾക്ക് കടുത്ത സമ്മർദമാണ് തീർത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടുമായുള്ള പാകിസ്താന്റെ നിർണായക മത്സരം ദുർഗാ പൂജയെ തുടർന്ന് മാറ്റിയതും ശ്രീലങ്കൻ പര്യടനത്തിന് കോൺട്രാക്ട് ഇല്ലാതെ കളിയ്ക്കാൻ പോയതുമെല്ലാം പാക് ടീമിന്റെ ഉള്ളിലെ പ്രശ്‌നങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.
താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച പാക് ക്രിക്കറ്റ് ബോർഡുമായുള്ള തർക്കവും കളിക്കാർക്ക് മാനസിക പിരിമുറുക്കം വർധിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇതാദ്യമായിട്ടല്ല പാക് ടീം സൈക്കോളജിസ്റ്റ് സേവനം സ്വീകരിക്കുന്നത്. മുൻപ് സാക്ക അഷ്‌റഫ് പിസിബിയുടെ ചെയർമാനായിരുന്നപ്പോൾ പ്രശസ്ത സൈക്കോളജിസ്റ്റായ മഖ്ബൂൽ ബാബറിയെ ടീമിലെ ആവശ്യത്തിനായി ഉൾപ്പെടുത്തിയിരുന്നു. ഹൈദരാബാദ്, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പാകിസ്താൻ മത്സരങ്ങൾ കളിക്കുന്നത്.