CRICKET

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ ടി-20 ലോകകപ്പില്‍ മത്സരിക്കില്ലെന്ന് പിസിബി

അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പാകിസ്താനിലേക്ക് അയക്കില്ലെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പിസിബിയുടെ തീരുമാനം

വെബ് ഡെസ്ക്

ചാമ്പ്യന്‍സ് ട്രോഫി 2025-ല്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോയില്ലെങ്കില്‍ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന 2026-ലെ ട്വന്റി 20 ലോകകപ്പില്‍ മത്സരിക്കില്ലെന്ന ഭീഷണിയുമായി പാകിസ്താന്‍. പാകിസ്താന്‍ ക്രിക്കറ്റ് ബോർഡാണ് (പിസിബി) ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി പൂര്‍ണമായും പാകിസ്താനില്‍ തന്നെ നടത്താനുള്ള ദൃഢനിശ്ചയത്തിലാണെന്നും ഈ മാസം 19 മുതല്‍ 22 വരെ കൊളംബോയില്‍ വച്ച് നടക്കുന്ന ഐസിസി വാര്‍ഷിക കോണ്‍ഫറന്‍സില്‍ എല്ലാ ഹൈബ്രിഡ് മാതൃകാ നിര്‍ദേശങ്ങളെയും പിസിബി എതിര്‍ക്കുമെന്നും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത വര്‍ഷം ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പാകിസ്താനിലേക്ക് അയക്കില്ലെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പിസിബിയുടെ തീരുമാനം വന്നിരിക്കുന്നത്. 2008ലെ എഷ്യാ കപ്പ് മുതല്‍ സുരക്ഷാ ആശങ്കകളാലും രാഷ്ട്രീയ ബന്ധം വഷളായതിനാലും ഇന്ത്യന്‍ ടീമംഗങ്ങള്‍ പാകിസ്താനിലേക്ക് പോകാറില്ല. മാത്രവുമല്ല, ഇന്ത്യയുടെ മാച്ചുകള്‍ നിഷ്പക്ഷ രാജ്യങ്ങളില്‍ നടത്തുന്നതിന് ഹൈബ്രിഡ് മോഡല്‍ നടപ്പിലാക്കണമെന്ന് ബിസിസിഐ ഐസിസിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

2008ലെ മുംബൈ ഭീകരാക്രമണം മുതല്‍ രാഷ്ട്രീയവും സുരക്ഷാ പ്രശ്‌നവും നിറഞ്ഞതായിരുന്നു പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം. 2008ലെ ഏഷ്യാ കപ്പിന് ശേഷം നിഷ്പക്ഷ വേദികളില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റിലോ ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലോ ആണ് ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ കളിക്കാറ്.

നേരത്തെ, 2023ലെ ഏഷ്യാ കപ്പിന്റെ സമയത്തും ബിസിസിഐ പാകിസ്താനിലേക്ക് പോകാന്‍ വിസമ്മതിച്ചതിന് പിന്നാലെ ഹൈബ്രിഡ് മോഡല്‍ നടപ്പിലാക്കേണ്ടി വന്നിരുന്നു. പിന്നാലെ, ഏഷ്യാ കപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മാച്ചുകള്‍ നടത്താനുള്ള അവകാശം പാകിസ്താന് നഷ്ടമാകുകയും ചെയ്തു. ഇത് കാരണമാണ് അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ മുഴുവന്‍ മത്സരവും പാകിസ്താനില്‍ നടത്തണമെന്ന നിശ്ചയ ദാര്‍ഢ്യത്തില്‍ പിസിബി എത്തിച്ചേര്‍ന്നത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്