ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നാണ് ധാരാവി, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി ഉയര്‍ന്ന് നില്‍ക്കുന്ന മുംബൈയുടെ ഹൃദയഭാഗത്തെ മറ്റൊരു ലോകം. ഇടുങ്ങിയതും അഴുക്ക് ചാലുകള്‍ക്കുമിടയിലുള്ളതുമായ ചേരിക്കുള്ളില്‍ കൂട്ടിയിട്ടതു പോലെയുള്ള കുടിലുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന കുറേ മനുഷ്യര്‍. അവിടെ നിന്നാണ് സിമ്രാന്‍ ഷെയ്ഖ് എന്ന ക്രിക്കറ്റ് താരത്തിന്റെ കഥ ആരംഭിക്കുന്നത്. ധാരാവിയിലെ തെരുവുകളില്‍ കളിച്ച് നടന്നവള്‍ ഇന്ന് വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ സീസണില്‍ യൂ പി വാരിയേഴ്‌സിന്‍രെ മധ്യ നിരയില്‍ ബാറ്റ് പിടിക്കുകയാണ്.
വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ 10 ലക്ഷം രൂപയ്ക്കാണ് യു പി വാരിയേഴ്‌സ് സിമ്രാനെ സ്വന്തമാക്കുന്നത്. ധാരാവിയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളില്‍ ഒന്നിലേക്കുള്ള സിമ്രാന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതലേ അവള്‍ക്ക് ക്രിക്കറ്റ് ഒരു ആവേശമായിരുന്നു. ആണ്‍കുട്ടികള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാനായി ഇറങ്ങുമ്പോഴെല്ലാം ചുറ്റുമുള്ളവര്‍ അവളെ ശകാരിക്കുകയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് ആ 21-കാരി ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഓരോ തവണയും അവര്‍ അഭിമാനം കൊള്ളുകയാണ്.
ഇലക്ട്രീഷ്യനായ അച്ഛനും, അമ്മയും ആറു സഹോദരങ്ങളും അടങ്ങുന്നതാണ് സിമ്രാന്റെ കുടുംബം. പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു അവളുടെ യാത്ര. ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി പഠനം ഉപേക്ഷിച്ച ആ പതിനഞ്ചുകാരിക്ക് വനിതാ ക്രിക്കറ്റിനെ കുറിച്ച് വലിയ ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല. മകളുടെ സ്വപ്‌നത്തിന് ഇത്രത്തോളം ശക്തിയുണ്ടാകുമെന്ന് അമ്മ അക്താരി ബോനോയോ അച്ഛന്‍ ജാഹിദ് അലിയോ ചിന്തിച്ചിരുന്നില്ല. സിമ്രാന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനുള്ള ജീവിത സാഹചര്യവും അവര്‍ക്ക് ഇല്ലായിരുന്നു.
സ്ട്രീറ്റ് ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് സിമ്രാന്‍ ക്രോസ്‌വേ ആസ്ഥാനമാക്കിയുള്ള യുണൈറ്റഡ് ക്ലബ്ബില്‍ അംഗമമായത്
സ്ട്രീറ്റ് ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് സിമ്രാന്‍ ക്രോസ്‌വേ ആസ്ഥാനമാക്കിയുള്ള യുണൈറ്റഡ് ക്ലബ്ബില്‍ അംഗമമായത്. റോം ഡിയോ എന്ന കോച്ചിലൂടെയാണ് സിമ്രാന്‍ ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. സിമ്രാന്റെ ക്രിക്കറ്റ് കരിയറില്‍ മറക്കാന്‍ കഴിയാത്ത മറ്റൊരു പേര് സഞ്ജയ് സതാം എന്നതാണ്. ഒന്നുമില്ലായ്മയില്‍ നിന്നും ക്രിക്കറ്റിന്റെ ലോകത്തേക്ക് ചുവടുവച്ച അവളെ ഇന്ന് ഈ നിലയില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സിമ്രാന് വേണ്ട ക്രിക്കറ്റ് കിറ്റും മറ്റ് അവശ്യ സാധനങ്ങളുമെല്ലാം നല്‍കിയിരുന്നത് സഞ്ജയ് സതാം ആയിരുന്നു.
മുംബൈയിലെ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ കളിച്ച് പരിചയം നേടിയ സിമ്രാന്‍ മുംബൈ അണ്ടര്‍ 19 ടീമിലും കളിച്ചിട്ടുണ്ട്. അവിടെ നിന്നും മുംബൈ സീനിയര്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ജീവിത പ്രതിസന്ധികളെ പോരാടി തോല്‍പ്പിച്ച സിമ്രാന്റെ അടുത്ത ലക്ഷ്യം നീലക്കുപ്പായത്തില്‍ ലോകകപ്പ് വേദിയില്‍ ഇറങ്ങുകയാണ്.