ലോക ടെസ്റ്റ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബൗളിങ് പ്ലാനുകളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഷോര്‍ട്ട് ബോളുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ലെങ്തും ലൈനും കീപ് ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടതാണ് ഓസീസിനെ റണ്‍മല കയറാന്‍ അനുവദിച്ചതെന്നും പോണ്ടിങ് പറഞ്ഞു.
ഫൈനലില്‍ ടോസ് കിട്ടിയിട്ടും അപ്രതീക്ഷിതമായാണ് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തത്. എന്നാല്‍ പിന്നീട് അവരുടെ ഉദ്ദേശത്തിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോയില്ല. ഇന്ത്യയുടെ ദൗര്‍ബല്യം പ്രയോജനപ്പെടുത്തിയ ട്രാവിസ് ഹെഡും(163) സ്റ്റീവന്‍ സ്മിത്തും(121) ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് നങ്കൂരമിട്ടു. ''ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ ഷോര്‍ട്ട് ബോള്‍ ചെയ്യുന്നതിന് പകരം ഫുള്‍ ലെങ്ത് ബൗള്‍ ചെയ്യാനായിരുന്നു ഇന്ത്യ ശ്രമിക്കേണ്ടിയിരുന്നത്'' പോണ്ടിങ് പറഞ്ഞു.
മികച്ച വിക്കറ്റ് കണ്ടീഷന്‍ ഉണ്ടായിരുന്നിട്ടും പുതിയ ഡ്യൂക്ക് ബോള്‍ ഉപയോഗിച്ച് അവര്‍ ഫുള്‍ ലെങ്ത് ബോളുകള്‍ എറിയാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തി
ഇന്ത്യ തന്നെയാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമെന്നാണ് പോണ്ടിങ്ങിന്‍റെ വാദം. മികച്ച വിക്കറ്റ് കണ്ടീഷന്‍ ഉണ്ടായിരുന്നിട്ടും പുതിയ ഡ്യൂക്ക് ബോള്‍ ഉപയോഗിച്ച് അവര്‍ ഫുള്‍ ലെങ്ത് ബോളുകള്‍ എറിയാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും പോണ്ടിങ് പറഞ്ഞു. ഹെഡിന്റെയും സ്മിത്തിന്റെയും കൂട്ടുകെട്ട് പൊളിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
ബൗളിങ്ങില്‍ വേരിയേഷനുകള്‍ കൊണ്ടുവരാനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ആദ്യ സെഷനില്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രമാണ് നേടിയത്. അതേസമയം ഉച്ച ഭക്ഷണത്തിന് മുന്‍പ് നാലോ അഞ്ചോ വിക്കറ്റ് നേടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് മുന്നില്‍ വലിയ സാധ്യത തുറക്കുമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമായി വന്നു. ''മത്സരത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരാജയപ്പെട്ടു, അതിന്റെ പേരില്‍ അദ്ദേഹത്തിന് ധാരാളം പഴികള്‍ കേള്‍ക്കേണ്ടി വന്നേക്കാം, എന്നാല്‍ ഇത് അദ്ദേഹത്തിന്റെ തീരുമാനം മാത്രമാണെന്ന് കരുതുന്നില്ല'' പോണ്ടിങ് വ്യക്തമാക്കി.
ഇന്ത്യയുടെ ആദ്യ ഇലവനില്‍ നിന്നും അശ്വിനെ പുറത്താക്കിയ തീരുമാനത്തിനെതിരെ നേരത്തെ പോണ്ടിങ് രംഗത്ത് വന്നിരുന്നു. ഏക സ്പിന്നറുമായി പേസര്‍മാരില്‍ വിശ്വസിച്ച് കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ദിനം വലിയ തിരിച്ചടിയായിരുന്നു ഫലം. സീമര്‍മാര്‍ക്കൊന്നും ആദ്യ മണിക്കൂറുകളില്‍ വലിയ പ്രഭാവവമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
അതേസമയം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ പോണ്ടിങ് പ്രശംസിച്ചു. ''സിറാജിന്‍റെ ആക്രമണോത്സുകതയെ ഇഷ്ടപ്പെടുന്നു. തികഞ്ഞ പോരാളിയാണവന്‍. പ്രതിസന്ധി ഘട്ടത്തില്‍ സിറാജിനെ പോലുള്ള ബൗളര്‍മാര്‍ അത്യാവശ്യമാണ്'' പോണ്ടിങ് പറഞ്ഞു. സിറാജിന്റെ സ്ഥിരതയാര്‍ന്ന വേഗത തന്നെ അത്ഭുതപ്പെടുത്തി, ഒരുസമയത്തും സിറാജ് തളര്‍ന്നില്ല. രണ്ടാം ദിവസത്തിന്റെ തുടക്കം മുതല്‍ ഓസീസ് ഇന്നിങ്‌സിന്റെ അവസാനം വരെ മികച്ച പേസ് നിലനിര്‍ത്താനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറാജിന്‍റെ ആക്രമണോത്സുകതയെ ഇഷ്ടപ്പെടുന്നു. തികഞ്ഞ പോരാളിയാണവന്‍. പ്രതിസന്ധി ഘട്ടത്തില്‍ സിറാജിനെ പോലുള്ള ബൗളര്‍മാര്‍ അത്യാവശ്യമാണ്
ഇന്ത്യയുടെ ബൗളിങ്ങിലെ പിഴവുകളെക്കുറിച്ച് പോണ്ടിങ് പറഞ്ഞത് സമ്മതിക്കുന്ന തരത്തിലായിരുന്നു മുഹമ്മദ് സിറാജിന്റെ വെളിപ്പെടുത്തല്‍. ''ഇന്നലെ ആദ്യ സെഷനില്‍ സ്റ്റിക്കി ബൗണ്‍സും സീം മൂവ്‌മെന്റും ഉണ്ടായിരുന്നു. എന്നാല്‍ ഓഫ് സ്റ്റംപിനു പുറത്തേക്ക് ആറു മീറ്ററില്‍ കൂടുതല്‍ സ്വിങ് ചെയ്യിക്കാന്‍ കഴിഞ്ഞില്ല, അത് ബാറ്റര്‍മാര്‍ക്ക് അനുകൂലമായി. ഹെഡ് അസാധാരണമായി ബാറ്റ് ചെയ്തു. എന്നാല്‍ മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കില്‍ മികച്ച കൂട്ടുകെട്ട് ഉയരുന്നത് ഞങ്ങള്‍ക്ക് തടയാന്‍ കഴിയുമായിരുന്നു.'' -സിറാജ് പറഞ്ഞു.
ഹെഡിന് മാത്രം ബൗണ്‍സര്‍ എറിയാനാണ് തീരുമാനിച്ചതെന്നും അത് വിജയം കണ്ടു എന്നും അധികം റണ്‍സ് നല്‍കാതെ ബാറ്റ്‌സ്മാന്‍മാരില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതായും സിറാജ് പറഞ്ഞു. ''ഞങ്ങള്‍ നന്നായി ബൗള്‍ ചെയ്തില്ലായിരുന്നെങ്കില്‍ ഓസ്‌ട്രേലിയ 500 കടക്കുമായിരുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് കരുത്തുപകര്‍ന്ന ഹെഡിന്‍രെ നിര്‍ണായക വിക്കറ്റ് നേടിയതും സിറാജാണ്.