CRICKET

'മൈതാനത്തെത്തിയത് ദിനേശ് കാർത്തിക്കിനെ പഴിച്ചുകൊണ്ട്'; ടി 20 ലോകകപ്പിലെ പാകിസ്താനെതിരായ വിജയനിമിഷം ഓർത്തെടുത്ത് അശ്വിൻ

ഒരു പന്ത് കളിക്കാന്‍ വിരാട് കോലി തനിക്ക് ഏഴ് നിര്‍ദേശങ്ങളാണ് നല്‍കിയതെന്ന് അശ്വിൻ

വെബ് ഡെസ്ക്

ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മത്സരക്രമം പുറത്തുവന്നതോടെ ഏവരും ഒറ്റുനോക്കിയത് ഇന്ത്യ- പോകിസ്താന്‍ പോരാട്ടമാണ്. അഹമ്മദാബാദിലെ നരേന്ദ്രമേദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15 ന് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുക വിരാട് കോഹ്‌ലിയുടെ ഒരു തകര്‍പ്പന്‍ ഇന്നിങ്‌സാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ ഐതിഹാസിക വിജയത്തിന് വഴിവച്ച ഒറ്റയാള്‍ പോരാട്ടം.

ഓരോ ക്രിക്കറ്റ് ആരാധകനെയും പോലെ ആ വിജയനിമിഷങ്ങളും ഇന്നിങ്‌സും ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. മത്സരത്തില്‍ കോഹ്ലിക്കൊപ്പം മൈതാനത്തുണ്ടായ അനുഭവമാണ് അശ്വിന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിയുമെന്ന് കോഹ്‌ലിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് അശ്വിൻ പറയുന്നു. ''ദിനേശ് കാര്‍ത്തിക് പുറത്തായപ്പോള്‍ അദ്ദേഹത്തെ പഴിച്ചു കൊണ്ടാണ് ഞാന്‍ മൈതാനത്തേക്കിറങ്ങിയത്. കാരണം എന്നെ വലിയ ദൗത്യമേല്‍പ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. മൈതാനത്തേക്ക് നടന്നപ്പോള്‍ തന്നെ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അത്തരമൊരു അന്തരീക്ഷത്തിന് ഞാന്‍ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ല,'' അശ്വിൻ പറഞ്ഞു.

പാകിസ്താന്റെ 160 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് അവസാന പന്തില്‍ ഒരു റണ്‍ ആയിരുന്നു വേണ്ടിയിരുന്നത്. സ്കോർ 158 ൽ നിൽക്കുമ്പോഴാണ് അശ്വിന്‍ ക്രീസിലെത്തുന്നത്.

''ഞാന്‍ പതുക്കെ വിരാട് കോഹ്‌ലിയെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളില്‍ അദ്ദേഹത്തിന്റെ ഭ്രാന്ത് തെളിഞ്ഞു നിന്നിരുന്നു, അദ്ദേഹം മറ്റേതോ ഗ്രഹത്തില്‍ നിന്ന് വന്ന ആളാണെന്നാണ് എനിക്ക് തോന്നിയത്. പാക് ബൗളര്‍ ഒരു വൈഡ് ബോള്‍ എറിഞ്ഞതോടെ എനിക്ക് ആത്മവിശ്വാസ വര്‍ധിച്ചു. പാഡിലേക്ക് വന്ന പന്ത് ഞാന്‍ ഒഴിഞ്ഞുമാറി. പിന്നീട് ആ വീഡിയോ കാണുമ്പോഴെല്ലാം ആ പന്ത് എന്റെ പാഡില്‍ തട്ടിയിരുന്നെങ്കിലോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്,'' അശ്വിൻ ഓർത്തെടുത്തു. ഒരു പന്ത് കളിക്കാന്‍ വിരാട് കോലി തനിക്ക് ഏഴ് നിര്‍ദേശങ്ങളാണ് നല്‍കിയതെന്നും ആ ഷോട്ടുകള്‍ കളിക്കാനറിയുമെങ്കില്‍ താൻ എട്ടാമനായി ബാറ്റ് ചെയ്യില്ലായിരുന്നല്ലോ എന്നും അശ്വിൻ പറഞ്ഞു.

ഇന്ത്യ തുടക്കത്തില്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പാകിസ്താന്‍ പതുക്കെ അതില്‍ നിന്ന് കരകയറി 159/8 എന്ന നിലയിലെത്തി. മറുപടിബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 31 എന്ന നിലയിലായിരുന്നു. അവിടെനിന്നാണ് കോഹ്‌ലി കളി കൈയ്യിലെടുത്തത്. 53 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ അദ്ദേഹം തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ പാകിസ്താനില്‍ നിന്ന് ജയം തട്ടിയെടുത്തു. പാകിസ്താനെതിരായ മത്സരത്തിന് ഇന്ത്യ തന്നെ വേദിയൊരുക്കുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണമാകും. പകരം വീട്ടാന്‍ പാകിസ്താന്‍ അഹമ്മദാബാദിലേക്കെത്തുമ്പോള്‍ സ്വന്തം മണ്ണില്‍ ജയം മാത്രം ലക്ഷ്യം വച്ചാണ് ഇന്ത്യ കച്ചകെട്ടിയിറങ്ങുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ