''ഈ യാത്രയില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ എല്ലാവരും ഒരുമിച്ച് നേരിട്ടു. ടീമിനുള്ളിലെ പിന്തുണയും സൗഹൃദവും പ്രശംസനീയമാണ്. ഡ്രെസിങ് റൂമില്‍ രൂപപ്പെടുത്തിയിട്ടുള്ള സംസ്‌കാരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. കൃത്യമായ പ്രക്രിയയിലും തയാറെടുപ്പിലും ഉറച്ച് നില്‍ക്കാനുള്ള തീരുമാനത്തിന് ഫലത്തില്‍ നിര്‍ണായക പങ്കുണ്ട്. എന്നില്‍ വിശ്വാസമര്‍പ്പിച്ച ബിസിസിഐയ്ക്കും ഭാരവാഹികള്‍ക്കും നന്ദി. ലോകകപ്പിന് ശേഷമുള്ള പുതിയ വെല്ലുവിളികള്‍ മികവോടെ നേരിടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്''...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ബിസിസിഐ കരാര്‍ നീട്ടിനല്‍കിയതിനു പിന്നാലെയുള്ള രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണമാണിത്. ചെറുതെങ്കിലും കൃത്യവും വ്യക്തവുമായ സന്ദേശം. പരിശീലകനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി താന്‍ ഇതുവരെ ചെയ്തതത്രയും ശരിയായിരുന്നുവെന്നും അതേ നയം തന്നെ തുടരുമെന്നും പറയാതെ പറയുന്ന വാക്കുകള്‍.
എന്നും ഇങ്ങനെയായിരുന്നു രാഹുല്‍ ദ്രാവിഡ്... കളത്തിലും പുറത്തും തികഞ്ഞ മാന്യനെന്നും മൗനിയെന്നും പേരുകേള്‍പ്പിച്ചിട്ടുള്ള ദ്രാവിഡ് എന്നും ഉറച്ച നിലപാടുകളായിരുന്നു സ്വീകരിച്ചുപോന്നത്. ഒരിക്കല്‍പ്പോലും അതില്‍ വെള്ളം ചേര്‍ക്കാന്‍ അയാള്‍ തയാറായിട്ടുമില്ല, ആരെയും അതിന് അനുവദിച്ചിട്ടുമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം ഇരട്ടസെഞ്ചുറിക്ക് അടുത്ത് നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനും, ഓപ്പണര്‍ സ്ഥാനത്ത് മാത്രമേ കളിക്കൂയെന്നു ശാഠ്യംപിടിച്ച ദൈവത്തെ നാലാം സ്ഥാനത്തേക്ക് ഇറക്കാനും, ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ തോറ്റ് പുറത്തായ ശേഷം ആരാധകരെ ഭയക്കാതെ അവധിക്കാലം ആഘോഷിക്കാന്‍ പോകാനുമൊക്കെ ദ്രാവിഡിന് കഴിഞ്ഞത് ആ ഉറച്ച നിലപാടുകള്‍ കാരണമാണ്.
കളത്തിലുണ്ടായിരുന്നപ്പോഴും അതിനു ശേഷം കളത്തിനുപുറത്തുനിന്ന് കളി പറഞ്ഞുനല്‍കിയപ്പോഴും ദ്രാവിഡ് ആ ശീലം തെറ്റിച്ചില്ല. ആദ്യം ജൂനിയര്‍ ടീമിന്റെയും പിന്നീട് സീനിയര്‍ ടീമിന്റെ പരിശീലകനായപ്പോള്‍ ഈയൊരു മാനസിക സന്തുലിതാവസ്ഥയാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചത്. അത് ഏറെക്കുറേ വിജയം കാണുകയും ചെയ്തു. ഏതാനും ചില അവസരങ്ങളില്‍ മാത്രമാണ് പിഴച്ചുപോയത്.
പക്ഷേ പിഴച്ചുപോയ ആ രണ്ട് അവസരങ്ങള്‍ രണ്ട് ഐസിസി ഫൈനലുകള്‍ ആയിരുന്നുവെന്നതാണ് രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്റെ നേര്‍ക്ക് ചൂണ്ടുവിരലുകള്‍ ഉയരാന്‍ കാരണം. അതുമാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ഓള്‍ഡ് സ്‌കൂളില്‍' നിന്ന് വിദ്യ അഭ്യസിച്ച് തെളിഞ്ഞ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തേക്ക് നയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഏറ്റവുമൊടുവില്‍ നിരാശ സമ്മാനിച്ചു കടന്നുപോയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പരിശോധിച്ചാല്‍ പോലും അത് മനസിലാകും. ഫൈനലിലെ ആ തോല്‍വി മാറ്റിനിര്‍ത്തിയാല്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയായിരുന്നുവെന്ന് നിസംശയം പറയാനാകും.
ദ്രാവിഡിന് എവിടെയും പിഴച്ചിട്ടില്ല. അത് മനസിലാക്കിയാണ് ബിസിസിഐ വീണ്ടുമൊരു ഊഴം കൂടി നല്‍കുന്നത്. കളിക്കുന്ന കാലത്ത് 'മിസ്റ്റര്‍ ഡിപെന്‍ഡബിള്‍' എന്നായിരുന്നു സഹതാരങ്ങളും ക്രിക്കറ്റ് ആരാധകരും ദ്രാവിഡിന് നല്‍കിയ വിളിപ്പേര്. മിസ്റ്റര്‍ ഡിപെന്‍ഡബിള്‍- ഏത് പ്രതിസന്ധിയിലും ആശ്രയിക്കാനാകുന്ന വ്യക്തിത്വം. എന്ത്‌കൊണ്ട് ദ്രാവിഡിന് ആ പേര് വീണുവെന്ന് ആര്‍ക്കും സംശയമുണ്ടാകില്ല. ബാറ്റിങ് നിര തകര്‍ച്ച നേരിട്ടപ്പോഴൊക്കെ ഒരു രക്ഷകനായി അവതരിച്ച ദ്രാവിഡിന്റെ എണ്ണിയാലൊടുങ്ങാത്ത മുഹൂര്‍ത്തങ്ങള്‍ ആരാധകരുടെ മനസിലുണ്ടാകും.
രണ്ട് വര്‍ഷം മുമ്പ് ഒരു ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് തൊട്ടുമുമ്പ് അതുപോലൊരു പ്രതിസന്ധികാലത്താണ് ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചുമതലയേല്‍പ്പിക്കുന്നത്. ദൗത്യം, തകര്‍ച്ചയുടെ പടുകുഴിയിലേക്കു വീണ ടീമിനെ തിരികെയെത്തിക്കുകയെന്നത്. ടീമിന്റെ ഘടനയിലും മനോഭാവത്തിലും മാറ്റം കൊണ്ടുവരികയെന്നതാണ് ദ്രാവിഡ് നടപ്പില്‍വരുത്തിയത്. എല്ലാം 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മുന്നില്‍ക്കണ്ടായിരുന്നു.
ശരിയായ ടീം കോമ്പിനേഷന്‍ ലഭിക്കാന്‍ തുടര്‍ച്ചയായ പരീക്ഷണങ്ങള്‍, ബാറ്റിങ് നിരയിലും ബൗളിങ് നിരയിലുമെല്ലാം തുടരെ അഴിച്ചുപണികള്‍ നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. 2022 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലും ലോക ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പോലും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നത് വലിയ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. മുഹമ്മദ് ഷമിക്കുമേല്‍ ഷാര്‍ദ്ദൂല്‍ താക്കൂറിനെയും രവിചന്ദ്രന്‍ അശ്വിനു മേല്‍ അക്‌സര്‍ പട്ടേലിനെയും പരീക്ഷിച്ചത് ഒക്കെ ദ്രാവിഡിനു മേല്‍ വിമര്‍ശനം ചൊരിയാന്‍ കാത്തിരുന്നവര്‍ക്ക് അവസരമൊരുക്കിനല്‍കി.
എന്നാല്‍ പുറത്ത്‌നിന്ന് എന്തുതരം വിമര്‍ശനം ഉയര്‍ന്നിട്ടും അയാള്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കാന്‍ തയാറല്ലായിരുന്നു. ആഴത്തിലുള്ള ഒരു ബാറ്റിങ് നിരയും, ഏതു സ്‌കോറും പ്രതിരോധിക്കുന്ന ഒരു ബാറ്റിങ് നിരയും അയാള്‍ക്ക് വേണ്ടിയിരുന്നു. അതിനായി പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ഇലവനെ കണ്ടെത്തിയ ശേഷം പിന്നീട് ആ ടീമിനെ കൈവിടാതെ നിലനിര്‍ത്തുകയാണ് ചെയ്തത്.
പരുക്കേറ്റ ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങളെ റീഹാബ് ചെയ്യിച്ച് അവരില്‍ വിശ്വാസം അര്‍പ്പിച്ച് ലോകകപ്പ് ടീമിലേക്ക് കൊണ്ടുവന്ന നിശ്ചയദാര്‍ഡ്യം ദ്രാവിഡിന്റേതായിരുന്നു. അവര്‍ക്കു പകരം മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ളവരെ പരിഗണിക്കണമെന്ന മുറവിളി വ്യാപകമായി ഉയര്‍ന്നിട്ടും തന്റെ പ്ലാനില്‍ നിന്നു വ്യതിചലിക്കാന്‍ ദ്രാവിഡ് തയാറായില്ല. അങ്ങനെ അയാള്‍ വാര്‍ത്തെടുത്ത ആ ടീമാണ് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ 10 ജയങ്ങളുമായി വിസ്മയം തീര്‍ത്തത്.
കലാശക്കളിയില്‍ വീണുപോയെങ്കിലും രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ലോകകപ്പ് ടീമായിരുന്നു ഇത്തവണത്തേത് എന്ന് നിസംശയം പറയാനാകും. 2021-ല്‍ പരിശീലകനായി സ്ഥാനമേറ്റപ്പോള്‍ ചുമതല ലഭിച്ചത് ഈ ലോകകപ്പ് വരെയായിരുന്നു. ആ കിരീടം ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. കപ്പിനും ചുണ്ടിനുമിടയില്‍ അത് നഷ്ടമായതോടെ പടിയിറങ്ങാന്‍ തയാറായ ദ്രാവിഡിനെ ബിസിസിഐ വീണ്ടും പിടിച്ചുനിര്‍ത്തിയിരിക്കുകയാണ്. അയാള്‍ക്ക് മുന്നില്‍ ഒരവസരം കൂടി. 2023-ല്‍ നേടാന്‍ കഴിയാതെ പോയത് 2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലൂടെ സാധ്യമാക്കാന്‍ ഒരവസരം കൂടി. ദ്രാവിഡ് വീണ്ടും ആരംഭിക്കുകയാണ് ആദ്യംതൊട്ട്, ഒരിക്കല്‍ക്കൂടി.