ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ തകര്‍ച്ചയില്‍ നിന്നു കരകയറിയും വീണ്ടും തകര്‍ച്ചയിലേക്കു വീണും മുംബൈ ഇന്ത്യന്‍സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് അവര്‍ നേടിയത്.
ആദ്യ മൂന്നോവറില്‍ 20 റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്ന അവര്‍ പിന്നീടുള്ള 13 ഓവറില്‍ 130 റണ്‍സ് അടിച്ചെടുത്ത ശേഷം അവസാന നാലോവറില്‍ 28 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മികച്ച സ്‌കോര്‍ സ്വന്തമാക്കാനുള്ള അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസര്‍ സന്ദീപ് ശര്‍മയാണ് മുംബൈ തകര്‍ത്തത്.
മധ്യ ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് 99 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തിയ തിലക് വര്‍മ-നെഹാല്‍ വധേര സഖ്യമാണ് മുംബൈയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. 45 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 65 റണ്‍സ് നേടി തിലക് ടോപ് സ്‌കോററായപ്പോള്‍ 24 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 49 റണ്‍സായിരുന്നു വധേരയുടെ സംഭാവന.
ഇവര്‍ക്കു പുറമേ 17 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 23 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് മറ്റൊരു പ്രധാന സ്‌കോര്‍. മുന്‍ നായകന്‍ രോഹിത് ശര്‍മ(6), ഓപ്പണര്‍ ഇഷാന്‍ കിഷന്‍(0), മധ്യനിര താരം സൂര്യകുമാര്‍ യാദവ്(10), നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(10) ഓള്‍റൗണ്ടര്‍ ടിം ഡേവിഡ്(3) എന്നിവര്‍ നിരാശപ്പെടുത്തിയത് മുംബൈയ്ക്ക് തിരിച്ചടിയായി. രാജസ്ഥാനു വേണ്ടി സന്ദീപിനു പുറമേ രണ്ടു വിക്കറ്റുകള്‍ നേടിയ ട്രെന്റ് ബോള്‍ട്ട്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആവേശ് ഖാന്‍, യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവരും തിളങ്ങി.