രാജ്കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 196-2 എന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ലീഡ് 322 ആയി ഉയർന്നു. സെഞ്ചുറി നേടിയ യുവതാരം യശസ്വി ജയ്സ്വാളും (104) ശുഭ്മാന്‍ ഗില്ലുമാണ് (65*) ഇന്ത്യയ്ക്കായി തിളങ്ങിയത്. നേരത്തെ ഇംഗ്ലണ്ടിനെ 319 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.
126 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായാണ് ഇന്ത്യ ഇറങ്ങിയത്. ക്രീസിലെത്തി ജയ്സ്വാള്‍ കരുതലോടെ ബാറ്റ് വീശിയപ്പോള്‍ നായകന്‍ രോഹിത് ശർമ സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമത്തിലായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ജോ റൂട്ടിനെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ രോഹിത് വിക്കറ്റ് മുന്നില്‍ കുടുങ്ങി. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്റെ സമ്പാദ്യം 19 റണ്‍സായിരുന്നു.
മൂന്നാമനായെത്തിയ ശുഭ്മാന്‍ ഗില്ലും ജയ്സ്വാള്‍ ശൈലിയില്‍ പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്നിങ്സിന് അടിത്തറയിട്ടത്. 70 പന്തുകള്‍ നേരിട്ടതിന് പിന്നാലെ ജയ്സ്വാള്‍ ഗിയർ മാറ്റി. 73 പന്തില്‍ 35 റണ്‍സ് മാത്രമുണ്ടായിരുന്ന ജയ്സ്വാള്‍ 122 പന്തില്‍ സെഞ്ചുറി തികച്ചു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ മൂന്നാം ശതകമാണിത്. പരമ്പരയിലെ രണ്ടാം സെഞ്ചുറിയും.
ജയ്സ്വാളിന്റെ സെഞ്ചുറിക്ക് പിന്നാലെ ഗില്‍ അർധ സെഞ്ചുറിയും കുറിച്ചു. 98 പന്തുകളില്‍ നിന്നായിരുന്നു നേട്ടം. ഗില്‍ നാഴികക്കല്ല് പിന്നിട്ട ഓവറില്‍ തന്നെ ഇന്ത്യയുടെ ലീഡ് 300 തൊട്ടു. പക്ഷേ, പേശിവലിവിനെ തുടർന്ന് ജയ്സ്വാളിന് കളം വിടേണ്ടി വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 133 പന്തില്‍ 104 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ആദ്യ ഇന്നിങ്സില്‍ പരാജയപ്പെട്ട രജത് പാട്ടിദാർ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ടോം ഹാർട്ട്ലിയുടെ പന്തില്‍ റേഹാന്‍ അഹമ്മദിന് ക്യാച്ച് നല്‍കി പൂജ്യനായാണ് പാട്ടിദാർ പവലിയനിലേക്ക് മടങ്ങിയത്.
മൂന്നാം ദിനം വീണ് ഇംഗ്ലണ്ട്
207-2 എന്ന ശക്തമായ നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന് 112 റണ്‍സ് ചേർക്കുന്നതിനിടെ എട്ട് വിക്കറ്റുകളാണ് നഷ്ടമായത്. 153 റണ്‍സെടുത്ത ബെന്‍ ഡക്കറ്റാണ് ടോപ് സ്കോറർ. ബെന്‍ സ്റ്റേക്സ് (41), ഒലി പോപ് (39) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. രവിചന്ദ്രന്‍ അശ്വിന്റെ അഭാവത്തില്‍ ബൗളിങ് നിരയ്ക്ക് അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാലും കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.