ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎല്‍) ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇനി അറിയപ്പെടുക റോയല്‍ ചലഞ്ചേഴ് ബെംഗളൂരുവായി. പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
2014ല്‍ നഗരത്തിന്റെ പേര് ബെംഗ്ലൂരുവെന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെ തന്നെ ആരാധകരില്‍ നിന്ന് ഈ ആവശ്യം ഉയർന്നിരുന്നു. പുതിയ സീസണിന് മുന്നോടിയായ ടീം മാനേജ്മെന്റ് പേരുമാറ്റത്തിനൊരുങ്ങിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.
പേര് മാറ്റത്തിനോടൊപ്പം പുതിയ സീസണിലെ ജേഴ്‌സിയും ആർസിബി പുറത്തുവിട്ടു. ഇത്തവണ നീലയും ചുവപ്പും ചേർന്ന ജേഴ്സിയിലായിരിക്കും ആർസിബി കളത്തിലെത്തുക. "ആർസിബി ചുവപ്പാണ്. ഇപ്പോള്‍ നീലയോട് ചേർന്നിരിക്കുന്നു. നിങ്ങള്‍ക്കായി മികവ് പുലർത്താന്‍ പുതിയ കവചവുമായി ഞങ്ങള്‍ തയാറായിരിക്കുന്നു," ജേഴ്‌സി പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു.
ആർസിബിയുടെ പുതിയ യുഗത്തിന് തുടക്കമാകുന്നുവെന്ന് ചടങ്ങില്‍ കോഹ്ലി പറഞ്ഞു. ആർസിബിയുടെ ഒന്നരപതിറ്റാണ്ടിലധികം നീണ്ട ഫ്രാഞ്ചൈസി ചരിത്രത്തിലെ ആദ്യ കിരീടം കഴിഞ്ഞ ദിവസം ഡബ്ല്യുപിഎല്ലിലൂടെ സാധ്യമായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തകർത്തായിരുന്നു കലാശപ്പോരില്‍ ആർസിബി കപ്പുയർത്തിയത്.