CRICKET

തന്ത്രങ്ങള്‍ പിഴച്ചതോ, ഭാഗ്യം മുഖംതിരിച്ചതോ? ഇന്ത്യക്ക് ചുവട്‌തെറ്റിയത് എവിടെ?

അപരാജിതരായി 10 മത്സരങ്ങള്‍, എല്ലാത്തിലും ഏറെക്കുറേ ആധികാരിക ജയം. ഇന്ത്യയിലെ ഏതുപിച്ചിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുന്ന ബാറ്റര്‍മാരും ബൗളര്‍മാരും. എന്നിട്ടും ഇന്ന് എവിടെയാണ് ചുവടുപിഴച്ചത്?

വെബ് ഡെസ്ക്

ഒരു സുന്ദര സ്വപ്‌നം പോലെയായിരുന്നു 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള യാത്ര. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച് തുടങ്ങിയ ആ കുതിപ്പ് ഒരു മാസത്തിനിപ്പുറം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് അവസാനിക്കുമ്പോള്‍ ആരാധകര്‍ക്ക് ചോദിക്കാന്‍ ഒന്നേയുള്ളു, ഇന്ന് എവിടെയാണ് പിഴച്ചത്?

അപരാജിതരായി 10 മത്സരങ്ങള്‍, എല്ലാത്തിലും ഏറെക്കുറേ ആധികാരിക ജയം. ഇന്ത്യയിലെ ഏതുപിച്ചിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുന്ന ബാറ്റര്‍മാരും ബൗളര്‍മാരും. എന്നിട്ടും ഇന്ന് എവിടെയാണ് ചുവടുപിഴച്ചത്? ടോസ് മുതല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 43-ാം ഓവറിന്റെ അവസാന പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വിജയറണ്‍ കുറിക്കുന്ന അവസരം വരെ തൊട്ടതെല്ലം പിഴച്ച ദിനമായിരുന്നു ഇന്ന് ഇന്ത്യക്ക്.

കൈവിട്ട നാണയ ഭാഗ്യം

ഈ ടൂര്‍ണമെന്റില്‍ ഇതുവര ഒട്ടുമിക്ക മത്സരങ്ങളിലും ടോസ് ഭാഗ്യം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമായിരുന്നു. 2022 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പുപോലെ ടോസ് നിര്‍ണായകമായ ചാമ്പ്യന്‍ഷിപ്പായിരുന്നില്ല ഇന്ത്യയില്‍ നടന്നത്. എങ്കിലും പകല്‍-രാത്രി മത്സരങ്ങളില്‍ ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ശൈത്യകാലം ആരംഭിച്ച സാഹചര്യത്തില്‍ ചില വേദികളില്‍ ടോസ് നിര്‍ണായകം തന്നെയാണ്. അത്തരമൊരു വേദിയാണ് അഹമ്മദാബാദും.

ഇവിടെ ടോസ് ലഭിച്ചത് ആദ്യം തന്നെ ഓസ്‌ട്രേലിയയ്ക്ക് മേല്‍കൈ സമ്മാനിച്ചു. ബാറ്റിലേക്ക് പന്തെത്താന്‍ മടിക്കുന്ന സ്ലോ വിക്കറ്റില്‍ ആദ്യം ബൗളിങ്ങിന് അവസരം ലഭിച്ചത് ഓസ്‌ട്രേലിയന്‍ ജയത്തില്‍ നിര്‍ണായകമായി. രാത്രിയാകുമ്പോഴേക്കും പിച്ചിലും ഗ്രൗണ്ടിലും മഞ്ഞ് വീണ് ഈര്‍പ്പമുണ്ടാകുന്നത് ബൗളര്‍മാര്‍ക്ക് പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്ക് തലവേദനയാകും. എത്രകണ്ട് സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായാലും ആ സാഹചര്യത്തില്‍ ആനുകൂല്യം ബൗളര്‍ക്ക് ലഭിക്കാതെ പോകും.

അഹമ്മദാബാദില്‍ ആദ്യം ബൗളിങ്ങിന് അവസരം ലഭിച്ചതോടെ പിച്ചിന്റെ ആനുകൂല്യം മുഴുവന്‍ മുതലാക്കാനും പിന്നീട് രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ 'ഡ്യൂ ഫാക്ടര്‍' മുതലാക്കാനും ഇതിലൂടെ ഓസീസിന് സാധിച്ചു. ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ട കാരണങ്ങളില്‍ ഒന്നിതാണ്.

ഹെഡിന്റെ ക്യാച്ചും രോഹിതിന്റെ വിക്കറ്റും

നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടാത്ത നാശം വിതയ്ക്കുന്ന ബാറ്ററാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ ലോകകപ്പില്‍ ഇന്ത്യ നടത്തിയ അവിസ്മരണീയ കുതിപ്പിലെല്ലാം രോഹിത് നല്‍കുന്ന മിന്നും തുടക്കത്തിന് നിര്‍ണായക പങ്കാണ് ഉള്ളത്. ഇന്നും രോഹിത് പതിവ് തെറ്റിച്ചില്ല. തുടക്കത്തിലേ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായിട്ടും മികച്ച തുടക്കം സമ്മാനിച്ചു. 31 പന്തില്‍ നാല് ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 47 റണ്‍സാണ് രോഹിത് നേടിയത്.

9.4 ഓവറില്‍ ടീം സ്‌കോര്‍ 76-ല്‍ നില്‍ക്കെയാണ് രോഹിതിനെ ഇന്ത്യക്ക് നഷ്ടമാകുന്നത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍. ആ ഓവറില്‍ ഒരു സിക്‌സും ഒരു ഫോറും നേടിക്കഴിഞ്ഞിരുന്ന രോഹിത് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും വീണ്ടുമൊരു കൂറ്റനടിക്ക് ശ്രമിച്ച തന്റെ പിഴവ് ഓര്‍ത്ത്. 11 മീറ്ററോളം പിന്നിലേക്ക് ഓടി ട്രാവിസ് ഹെഡ് രോഹിതിന്റെ ഷോട്ട് കൈപ്പിടിയിലൊതുക്കിയപ്പോഴുള്ള ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ആഹ്‌ളാദത്തില്‍ നിന്ന് വ്യക്തമാണ് ആ വിക്കറ്റിന്റെ പ്രാധാന്യം.

കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതിയത് അവിടെയാണ്. അതിനു ശേഷം ഒരിക്കല്‍പ്പോലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പിന്നീടെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കുമായില്ല. രോഹിത് പുറത്തായ ശേഷം പിന്നീട് ഒരു ബൗണ്ടറിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നത് 88 പന്തുകളാണെന്നത് അതിന് അടിവരയിടുന്നു.

കോഹ്ലി-രാഹുല്‍ സഖ്യത്തിന്റെ മെല്ലെപ്പോക്ക്

ലോകകപ്പ് ഫൈനലാണ്, തുടരെ മൂന്നു വിക്കറ്റ് നഷ്ടമായതിന്റെ സമ്മര്‍ദ്ദവുമുണ്ട്. മെല്ലെപ്പിടിച്ചു നിന്ന് കളിച്ച് ഇന്നിങ്‌സ് സ്ഥിരതപ്പെടുത്താന്‍ ക്രീസിലുള്ള ബാറ്റര്‍മാര്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ശ്രേയസ് അയ്യര്‍ പുറത്തായ ശേഷം ക്രീസില്‍ ഒരുമിച്ച വിരാട് കോഹ്ലിയും കെഎല്‍ രാഹുലും ചെയ്തത് അതുതന്നെയാണ്. എന്നാല്‍ ഇരുവര്‍ക്കും 'ക്ഷമ' അല്‍പം കൂടിപ്പോയെന്നു പറഞ്ഞാല്‍ അത് കുറ്റപ്പെടുത്തലാകില്ല, മറിച്ച് യാഥാര്‍ഥ്യം മാത്രം.

വളരെ സാവധാനം മാത്രം താളം കണ്ടെത്തി റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമാണ് രാഹുല്‍. അത്തരത്തിലുള്ള ഒരു ബാറ്റര്‍ക്കൊപ്പം ക്രീസില്‍ നില്‍ക്കുമ്പോള്‍ മറുവശത്തുള്ള താരം ആക്രമണച്ചുമതലയേറ്റെടുക്കേണ്ടതാണ്. എന്നാല്‍ കോഹ്ലിയില്‍ നിന്ന് ഇന്ന് അത്തരമൊരു നീക്കം കാണാതെ പോയി. ഇത്തരം സാഹചര്യത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നത് മറുവശത്ത് മൂന്നു വിക്കറ്റ് നഷ്ടമായ ശേഷം ഹെഡ്-ലബുഷെയ്ന്‍ സഖ്യത്തിന്റെ ബാറ്റിങ് ഇന്ത്യക്ക് കാണിച്ചുകൊടുത്തു.

67 റണ്‍സാണ് കോഹ്ലി-രാഹുല്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അതിന് അവര്‍ എടുത്തത് 115 പന്തുകളാണ്. ഇതിനിടയില്‍ ഒരു ബൗണ്ടറി പോലും പിറന്നില്ലെന്നതും ശ്രദ്ധേയം. കോഹ്ലി പുറത്തായ ശേഷവും ബാറ്റിങ് തുടര്‍ന്ന രാഹുല്‍ അതേ സമീപനം തന്നെയാണ് വീണ്ടും തുടര്‍ന്നത്. 42-ാം ഓവറിന്റെ മൂന്നാം പന്ത് വരെ ബാറ്റ് ചെയ്ത രാഹുല്‍ 107 പന്ത് നേരിട്ട് സ്‌കോര്‍ ചെയ്തത് 66 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 61.68. സ്‌കോറിങ് വേഗം ഉയര്‍ത്തേണ്ടിയിരുന്ന സാഹചര്യത്തില്‍ അതിന് കഴിയാതെ പോയത് കുറച്ചത് 30 റണ്‍സ് എങ്കിലും കുറച്ചു.

റോള്‍ മറന്ന സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ തോല്‍വിയില്‍ ഏറെ പഴികേള്‍ക്കാന്‍ പോകുന്ന ഒരു താരം സൂര്യകുമാര്‍ യാദവായിരിക്കും. മികച്ച ബൗളിങ്ങിലൂടെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ വാലറ്റം ഓസ്‌ട്രേലിയ തുറന്നെടുത്തപ്പോഴും സൂര്യകുമാര്‍ ഒരറ്റത്ത് ക്രീസിലുണ്ടായിരുന്നു. വാലറ്റനിരയെ സംരക്ഷിച്ചു നിര്‍ത്തി പരമാവധി സ്‌കോര്‍ ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ട അവശേഷിച്ച ഏക 'അംഗീകൃത' ബാറ്ററായിരുന്നു. രാഹുല്‍ പുറത്താകുമ്പോള്‍ 51 പന്തുകളും നാലു വിക്കറ്റുകളും ശേഷിച്ചിരുന്നു.

പിന്നീട് ബാറ്റ് ചെയ്യാനുള്ള മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നീ ബൗളര്‍മാരും. ഇവര്‍ക്ക് സ്‌ട്രൈക്ക് നല്‍കുന്നത് പരമാവധി ഒഴിവാക്കി സ്‌കോറിങ് ചുമതല ഏറ്റെടുക്കേണ്ടതിന് പകരം ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍ക്ക് മുന്നിലേക്ക് അവരെ ഇട്ടുനല്‍കുകയാണ് സൂര്യകുമാര്‍ ചെയ്തത്. ഉത്തരവാദിത്തം ഏറ്റെടുത്ത് സ്‌കോര്‍ ചെയ്യാന്‍ സൂര്യ തയാറായിരുന്നെങ്കില്‍ കുറഞ്ഞത് 30 റണ്‍സ് എങ്കിലും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ എത്തിയേനെ.

ഓസ്‌ട്രേലിയയുടെ ഫീല്‍ഡിങ്

ക്യാച്ചസ് വിന്‍സ് ദ മാച്ചസ് എന്ന ചൊല്ലുതന്നെ ക്രിക്കറ്റിലുണ്ട്. അതുപോലെ നിര്‍ണായകമാണ് ഫീല്‍ഡിങ്ങും. മികച്ച ഫീല്‍ഡിങ്ങിലുടെ പല മത്സരങ്ങളുടെയും ഗതി തന്നെ മാറിമറിഞ്ഞിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ മത്സരം. ഏറ്റവും കുറഞ്ഞത് 260-270 എങ്കിലും എത്തുമായിരുന്ന ഇന്ത്യന്‍ സ്‌കോറാണ് തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ ഓസീസ് 240-ല്‍ ഒതുക്കിയത്. പവര്‍പ്ലേയില്‍ കുറഞ്ഞത് 10 ബൗണ്ടറികളെങ്കിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സേവ് ചെയ്തിട്ടുണ്ട്. മത്സരത്തിലാകാമാനമുള്ള കണക്കെടുത്താന്‍ ഏറ്റവും ചുരുങ്ങിയത് 35 റണ്‍സ് എങ്കിലും അവര്‍ തടഞ്ഞിട്ടിട്ടുണ്ട്.

മറുവശത്ത് ഇന്ത്യ ഫീല്‍ഡ് ചെയ്തപ്പോള്‍ അനായാസം തടയാമായിരുന്ന പല റണ്ണുകളും വിട്ടുനല്‍കുന്ന കാഴ്ചയാണ് കണ്ടത. മൂന്നു വിക്കറ്റ് നഷ്ടമായി സമ്മര്‍ദ്ദത്തിലായ ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതും ഈ ഫീല്‍ഡിങ് പിഴവുകളാണ്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഹെഡിനെയും ലബുഷെയ്‌നെയും സഹായിച്ചതും ഈ പിഴവ് തന്നെ.

കൈയെത്തും ദൂരെ ഒരിക്കല്‍ക്കൂടി ലോകകിരീടം അവസാന കടമ്പയില്‍ നഷ്ടമായി. പിഴവുകള്‍ തിരുത്തി ശക്തമായി തിരിച്ചുവരാന്‍ ടീം ഇന്ത്യക്ക് കഴിയട്ടെ എന്നാകും ഓരോ ഇന്ത്യന്‍ ആരാധകരുടെയും പ്രതീക്ഷ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം