CRICKET

റിട്ടയർഡ് ഹർട്ടോ ഔട്ടോ? രോഹിതിന്റെ സൂപ്പർ ഓവർ തന്ത്രത്തില്‍ വിവാദം

വെബ് ഡെസ്ക്

തന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി20യില്‍ രോഹിത് പുറത്തെടുത്തത്. രണ്ട് സൂപ്പർ ഓവർ കണ്ട മത്സരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ രോഹിതിന്റെ പ്രകടനമായിരുന്നു ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായത്. ആദ്യം ബാറ്റ് ചെയ്ത് 69 പന്തില്‍ 121 റണ്‍സുമായി ഇന്ത്യയെ 212 എന്ന കൂറ്റന്‍ സ്കോറിലെത്തിച്ചു. ആദ്യ സൂപ്പർ ഓവറില്‍ നാല് പന്തില്‍ 13 റണ്‍സും രണ്ടാം സൂപ്പർ ഓവറില്‍ മൂന്ന് പന്തില്‍ 11 റണ്‍സും ഇന്ത്യന്‍ നായകന്‍ നേടി.

റെക്കോഡുകള്‍ കടപുഴക്കി രോഹിത് വിമർശകരെ നിശബ്ദരാക്കുമ്പോഴും വിവാദങ്ങളും മറുവശത്ത് ഉയരുന്നുണ്ട്. ഒന്നാം സൂപ്പർ ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് ബാക്കി നില്‍ക്കെ രോഹിത് പിന്മാറുകയും പകരം നോണ്‍ സ്ട്രൈക്കറായി റിങ്കു സിങ് എത്തുകയും ചെയ്തു. രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയതാണോ റിട്ടയേര്‍ഡ് ഔട്ട് ആയതാണോ എന്ന കാര്യത്തില്‍ വ്യക്തത വരാത്തതാണ് വിവാദങ്ങളുടെ പ്രധാന കാരണം. ആദ്യ സൂപ്പർ ഓവർ സമനിലയായതിന് പിന്നാലെ രണ്ടാം സൂപ്പർ ഓവറിലും രോഹിത് ബാറ്റ് ചെയ്യാനെത്തി. അപ്പോഴാണ് രോഹിതിന് ബാറ്റ് ചെയ്യാന്‍ യോഗ്യതയുണ്ടോ ഇല്ലയോ എന്ന ചോദ്യം ഉയർന്നത്.

ഐസിസിയുടെ നിയമം അനുസരിച്ച് സൂപ്പർ ഓവറില്‍ പുറത്തായ താരത്തിന് മറ്റൊരു സൂപ്പർ ഓവറില്‍ ബാറ്റ് ചെയ്യാനാകില്ല. രോഹിത് റിട്ടയർഡ് ഹർട്ടാണോ റിട്ടയർഡ് ഔട്ടാണൊ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. രോഹിത് റിട്ടയർഡ് ഹർട്ടാണെങ്കില്‍ റിട്ടയർഡ് നോട്ട് ഔട്ടായി കണക്കാക്കുകയും വീണ്ടും ബാറ്റ് ചെയ്യാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ റിട്ടയർഡ് ഔട്ടാണെങ്കില്‍ രോഹിതിന് ബാറ്റ് ചെയ്യാന്‍ കഴിയില്ല.

മത്സരശേഷം മൂന്ന് തവണ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയതിനെക്കുറിച്ച് രോഹിത് സംസാരിച്ചിരുന്നു. "അവസാനമായി ഇത്തരമൊരു മത്സരം സംഭവിച്ചതെന്നാണെന്ന് ഞാന്‍ ഓർക്കുന്നില്ല. ഒരു ഐപിഎല്‍ മത്സരത്തില്‍ ഞാന്‍ മൂന്ന് തവണ ബാറ്റ് ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്," രോഹിത് വ്യക്തമാക്കി.

എന്താണ് റിട്ടയേര്‍ഡ് ഹര്‍ട്ടും റിട്ടയേര്‍ഡ് ഔട്ടും?

പുറത്താകാതെ അമ്പയറുടെ അനുമതിയില്ലാതെ ഒരു ബാറ്റര്‍ ക്രീസ് വിടുന്നതിനെയാണ് റിട്ടയേര്‍ഡ് ഔട്ടായി കണക്കാക്കുന്നത്. ഇത്തരത്തില്‍ ക്രീസില്‍ വിടുന്ന ബാറ്റര്‍ പുറത്തായതായി കണക്കാക്കും. ഈ താരത്തെ പിന്നീട് ബാറ്റിങ്ങിന് ഇറങ്ങാന്‍ അനുവദിക്കില്ല.

അതേസമയം ഒരു ബാറ്റര്‍ തന്റെ ഇന്നിങ്‌സിനിടെയില്‍ അസുഖം മൂലമോ, ശാരീരിക അവശതകളോ അസ്വസ്ഥതകളോ മൂലമോ, പരുക്കേറ്റതു മൂലമോ അമ്പയറുടെ അനുമതിയോടെ കളംവിടുന്നതിനെ റിട്ടയേര്‍ഡ് ഹര്‍ട്ട് എന്ന് പറയും. ഈ ബാറ്റര്‍ നോട്ടൗട്ടായി മടങ്ങി എന്നാണ് കണക്കാക്കുക. ഈ താരത്തിന് കളിയുടെ മറ്റേതെങ്കിലും സമയം തിരികെ ക്രീസില്‍ എത്തി ബാറ്റിങ് തുടരാനുമാകും.

ക്രിക്കറ്റ് ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി ബാറ്റര്‍ മടങ്ങുന്ന അനേകം സാഹചര്യങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ബാറ്റര്‍ റിട്ടയേര്‍ഡ് ഔട്ടായത് സമീപകാലത്ത് എങ്ങും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2001-ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 201 റണ്‍സ് നേടിയ ശേഷം കളി നിര്‍ത്തിയ മടങ്ങിയ ശ്രീലങ്കന്‍ താരം മര്‍വന്‍ അട്ടപ്പട്ടുവാണ് റിട്ടയേര്‍ഡ് ഔട്ടായ ആദ്യ താരം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും