ന്യൂസിലന്‍ഡിനെതിരേ ടീം ഇന്ത്യയുടെ മിന്നും പ്രകടനം തുടരുന്നു. സെഞ്ചുറികളുമായി നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഇന്‍ഡോറില്‍ ബാറ്റിങ് വിരുന്നൊരുക്കിയപ്പോള്‍ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ഇന്‍ഡോറില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന നിലയിലാണ്.
78 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 112 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും 85 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 101 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുമാണ് പുറത്തായത്. 10 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 20 റണ്‍സുമായി മുന്‍ നായകന്‍ വിരാട് കോഹ്ലിയും റണ്ണൊന്നുമെടുക്കാതെ ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
മത്സരത്തില്‍ ടോസ് നേടിയ കിവീസ് നായകന്‍ ടോം ലാതം ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റിയെന്നു തെളിയാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇന്ത്യക്കായി ഇന്നിങ്‌സ് തുറന്ന രോഹിതും ഗില്ലും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ശരവേഗത്തില്‍ കുതിച്ചുയര്‍ന്നു.
എട്ടാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ ആ ഓവറില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 22 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. അടുത്ത 50 റണ്‍സ് തികയ്ക്കാന്‍ രോഹിത്-ഗില്‍ സഖ്യത്തിന് പിന്നീട് അഞ്ച് ഓവറുകള്‍ കൂടിയേ വേണ്ടി വന്നുള്ളു.
13-ാം ഓവറില്‍ 100 കടന്ന ഇന്ത്യ 18-ാം ഓവറില്‍ 150 ഉം 25-ാം ഓവറില്‍ 200 ഉം പിന്നിട്ടു. ഇതിനു പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തങ്ങളുടെ ശതകം പൂര്‍ത്തിയാക്കുകയും ചെയ്തു. രോഹിതാണ് ആദ്യം മൂന്നക്കത്തിലെത്തിയത്. 83 പന്തുകളില്‍ നിന്നായിരുന്നു രോഹിതിന്റെ സെഞ്ചുറി. ഏകദിന ക്രിക്കറ്റില്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് രോഹിത് മൂന്നക്കം തികയ്ക്കുന്നത്. ഇതിനു മുമ്പ് 2020 ജനുവരിയിലാണ് രോഹിത് അവസാന ഏകദിന സെഞ്ചുറി കുറിച്ചത്.
തൊട്ടുപിന്നാലെ ഗില്ലും മൂന്നക്കം കടന്നു. 72 പന്തുകളില്‍ നിന്നായിരുന്നു ഗില്ലിന്റെ ശതകം. ബ്ലെയര്‍ ടിക്‌നറിനെ ബൗണ്ടറി പായിച്ചുകൊണ്ടാണ് ഗില്‍ സെഞ്ചുറിയിലേക്ക് എത്തിയത്. തൊട്ടടുത്ത ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
സെഞ്ചുറി നേടിയതിനു പിന്നാലെ കൂറ്റനടിക്കു ശ്രമിച്ച രോഹിത് മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. പുറത്താകും മുമ്പ് ഒന്നാം വിക്കറ്റില്‍ ഗില്ലിനൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ നായകന്‍ പടുത്തുയര്‍ത്തിയത്.
രോഹിത് മടങ്ങിയ ശേഷം ഗില്ലിനു കൂട്ടായി മുന്‍ നായകന്‍ വിരാട് കോഹ്ലി എത്തിയെങ്കിലും ആ കൂട്ടുകെട്ട് അധികം നീണ്ടില്ല. 78 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 112 റണ്‍സ് നേടിയ ഗില്‍ ബ്ലെയര്‍ ടിക്‌നറുടെ പന്തില്‍ ഡെവണ്‍ കോണ്‍വെയ്ക്കു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
രണ്ടാം ഏകദിനം കളിച്ച ടീമില്‍ നിന്നു രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍മാരായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചപ്പോള്‍ യുവതാരം ഉമ്രാന്‍ മാലിക്കും സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലും ആദ്യ ഇലവനില്‍ തിരിച്ചെത്തി.